അഡീഷണല്‍ ഷോകളുമായി കേരളമെങ്ങും 'തല്ലുമാല'; ടൊവിനോയുടെ കരിയര്‍ ബെസ്റ്റ് ഓപണിംഗ്?
സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ബുക്കിംഗ് നേടിയ ചിത്രമാണ് തല്ലുമാല
മലയാള സിനിമയ്ക്ക് തിയറ്ററുകളില്‍ പ്രേക്ഷകര്‍ കയറുന്നില്ലെന്ന ചര്‍ച്ച ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. എന്നാല്‍ അത്തരം ചര്‍ച്ചകളുടെ കണ്ടെത്തലിനെ അപ്രസക്തമാക്കുന്ന പ്രേക്ഷക പങ്കാളിത്തമാണ് ഈ ദിവസങ്ങളില്‍ തിയറ്ററുകളില്‍. അടുത്തടുത്ത ദിവസങ്ങളിലെത്തിയ രണ്ട് ചിത്രങ്ങള്‍ പ്രേക്ഷകരെ തിയറ്ററുകളിലേക്ക് മടക്കി എത്തിച്ചിരിക്കുകയാണ്. ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്‍ത തല്ലുമാല, കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്‍ത ന്നാ താന്‍ കേസ് കൊട് എന്നീ ചിത്രങ്ങളാണ് പ്രേക്ഷകര്‍ക്കിടയില്‍ വീണ്ടും ട്രെന്‍ഡ് സൃഷ്ടിച്ചിരിക്കുന്നത്.
സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ബുക്കിംഗ് നേടിയ ചിത്രമാണ് തല്ലുമാല. ആദ്യ പ്രദര്‍ശനങ്ങള്‍ക്കു തന്നെ വന്‍ തിയറ്റര്‍ ഒക്കുപ്പന്‍സി നേടിയ ചിത്രം അഡ്വാന്‍സ് റിസര്‍വേഷനിലൂടെ മാത്രം ഒരു കോടി നേടിയതായി അനൌദ്യോഗിക റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. കേരളത്തില്‍ മാത്രം 231 സെന്‍ററുകളിലാണ് ചിത്രം എത്തിയത്. കേരള റിലീസിനൊപ്പം തന്നെയാണ് വിദേശ മാര്‍ക്കറ്റുകളിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും ചിത്രം എത്തിയത്. യുഎസ്, കാനഡ, യുകെ, സിംഗപ്പൂര്‍, ആഫ്രിക്ക, സൌദി അറേബ്യ, യുഎഇ, ജിസിസി, യൂറോപ്പ് തുടങ്ങി വന്‍ ആഗോള റിലീസും ആയിരുന്നു ചിത്രം.
റിലീസ് ദിനത്തില്‍ മികച്ച മൌത്ത് പബ്ലിസിറ്റി ലഭിച്ചതോടെ ബോക്സ് ഓഫീസില്‍ വീക്കെന്‍ഡ് ആഘോഷമാക്കുകയാണ് ചിത്രം. തിങ്കളാഴ്ച ദിവസത്തെ പൊതുഅവധി ഉള്‍പ്പെടെ നാല് ദിവസത്തെ എക്സ്റ്റന്‍ഡഡ് വീക്കെന്‍ഡ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഓപണിംഗ് ബോക്സ് ഓഫീസ് ഔദ്യോഗികമായി പുറത്തെത്തിയിട്ടില്ലെങ്കിലും ട്രാക്കര്‍മാര്‍ വക കണക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ആദ്യ രണ്ട് ദിനങ്ങളില്‍ നിന്നായി കേരളത്തില്‍ നിന്നു മാത്രം 7 കോടിയിലേറെ ചിത്രം നേടിയതായാണ് അനൌദ്യോഗിക കണക്ക്. ഇത് ശരിയെങ്കില്‍ ടൊവിനോയുടെ കരിയര്‍ ബെസ്റ്റ് ഓപണിംഗ് ചിത്രമാവും തല്ലുമാല. ഹൌസ്ഫുള്‍ ഷോകള്‍ കൂടിയതോടെ നിരവധി സെന്‍ററുകളില്‍ ഇന്നലെ അഡീഷണല്‍ ഷോകളും നടന്നു. അത് ഇന്നും തുടരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ALSO READ : 'ജോര്‍ജുകുട്ടി' ഒരു വരവ് കൂടി വരുമോ? പ്രഖ്യാപനം കാത്ത് ആരാധകര്‍