കാത്തിരുന്നവര്‍ നിരാശയില്‍, ലിയോയുടെ അപ്‍ഡേറ്റ്, എന്തുകൊണ്ട് ഓഡിയോ ലോഞ്ച് റദ്ദാക്കി?
ആരാധകരെ നിരാശരാക്കി ലിയോയുടെ അപ്‍ഡേറ്റ്.
വൻ ഹൈപ്പാണ് ലിയോയ്ക്ക്. ലോകേഷ് കനകരാജും വിജയ്‍യും ഒന്നിക്കുന്ന ചിത്രമാണ് ലിയോ എന്നതിന്റെ പ്രതീക്ഷകളാണ് ഹൈപ്പിന് കാരണം. ലിയോ ഒരു വമ്പൻ ചിത്രമായിട്ട് തന്നെയാണ് എത്തുന്നതും. ഇപ്പോള്‍ ആരാധകരെ നിരാശരാക്കുന്ന ഒരു വാര്‍ത്തയാണ് ലിയോയുടേതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
ലിയോയുടെ ഓഡിയോ ലോഞ്ച് റദ്ദാക്കിയിരിക്കുന്നു. ഇക്കാര്യം നിര്‍മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്. സുരക്ഷാ കാരണങ്ങളാണ് റദ്ദാക്കല്‍. ഓഡിയോ ലോഞ്ചിനായുള്ള പാസ്സിനായി നിരവധി പേരാണ് രംഗത്ത് എത്തുന്നത്. സുരക്ഷാപ്രശ്‍നങ്ങളുണ്ടാകുന്നതിനാല്‍ ഓഡിയോ ലോഞ്ച് റദ്ദ് ചെയ്‍തിരിക്കുകയാണ്. ആരാധകരുടെ അഭ്യര്‍ഥന പ്രകാരം നിരന്തരം ചിത്രത്തിന്റെ അപ്‍ഡേറ്റുകള്‍ പുറത്തുവിടുന്നതാണ്. രാഷ്‍ട്രീയ സമ്മര്‍ദ്ദമുള്ളതിനാലോ അല്ലെങ്കില്‍ മറ്റെന്തോ കാരണങ്ങളാലോ അല്ല ഓഡിയോ ലോഞ്ച് റദ്ദാക്കുന്നത് എന്നും നിര്‍മാതാക്കള്‍ വിശദീകരിച്ചു.
സമീപകാലത്തായി വിജയ് നായകനായി എത്തുന്ന ചിത്രങ്ങളുടെ ഓഡിയോ ലോഞ്ച് വലിയ ചര്‍ച്ചയാകാറുണ്ട്. വിജയ് രാഷ്‍ട്രീയ പ്രസ്‍താവനകള്‍ നടത്താറുള്ള ഇത്തരം ചടങ്ങുകളിലാണ് എന്നതാണ് പ്രധാനം. ആരാധകരോട് വിജയ് നിലപാട് വ്യക്തമാക്കുന്നത് സിനിമയുടെ ഓഡിയോ ലോഞ്ചിനാണ്. വിജയ് രാഷ്‍ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നുണ്ടെന്നും വാര്‍ത്തകളുള്ളതിനാല്‍ നടന്റെ പ്രസ്‍താവനകള്‍ സാമൂഹ്യമേഖലയില്‍ വലിയ പ്രാധാന്യം ലഭിക്കാറുമുണ്ട് എന്നതിനാല്‍ ഓഡിയോ ലോഞ്ച് റദ്ദാക്കിയതിന്റെ കാരണം എന്തെന്ന് തിരക്കുകയാണ് ആരാധകര്‍.
ലിയോയില്‍ തൃഷയാണ് വിജയ്‍യുടെ നായിക. എന്തായിരിക്കും ലിയോയില്‍ വിജയ്‍യുടെ നായക കഥാപാത്രം എന്ന് വ്യക്തമല്ല. ലിയോ എന്നാണ് വിജയ്‍യുടെ കഥാപാത്രത്തിന് സിനിമയില്‍ പേര് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അധോലോക നായകനാണ് വിജയ് ലിയോ സിനിമയില്‍ എന്നും ആരാധകര്‍ കണ്ടെത്തിയിരുന്നു. ഗൗതം വാസുദേവ് മേനോൻ, അര്‍ജുൻ, മാത്യു, ബാബു ആന്റണി, മനോബാല, പ്രിയ ആനന്ദ്, സഞ്ജയ് ദത്ത്, മൻസൂര്‍ അലിഖാൻ, മിഷ്‍കിൻ തുടങ്ങി ഒട്ടേറെ പേര്‍ വിജയ്‍യുടെ ചിത്രത്തില്‍ വേഷമിടുന്നു.
Read More: സത്യം തേടിയുള്ള വിപ്ലവം, ചില ചോദ്യങ്ങളുമായി ലാ ടൊമാറ്റിന- റിവ്യു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക