നായകനല്ല, സംവിധായകനായി അരങ്ങേറാന്‍ വിജയ്‍യുടെ മകന്‍! സര്‍പ്രൈസ് പ്രഖ്യാപനവുമായി ലൈക്ക പ്രൊഡക്ഷന്‍സ്

വിദേശ യൂണിവേഴ്സിറ്റികളില്‍ നിന്ന് സംവിധാനം പഠിച്ചതിന് ശേഷമാണ് ജേസണ്‍ ആദ്യ ചിത്രവുമായി എത്താന്‍ ഒരുങ്ങുന്നത്

thalapathy vijay son jason sanjay to make his directorial debut through lyca productions movie nsn

എല്ലാ താരപുത്രന്മാരെയും പോലെ വിജയ്‍യുടെ മകന്‍ ജേസണ്‍ സഞ്ജയ്‍യും ആ ചോദ്യം ഏറെക്കാലമായി അഭിമുഖീകരിക്കുന്നതാണ്. മകന്‍ എന്നാണ് സിനിമയിലേക്കെന്ന് വിജയ്‍യോടും പല അഭിമുഖങ്ങളിലും ചോദിക്കാറുണ്ട്. എല്ലാം അവന്‍ തെരഞ്ഞെടുക്കട്ടേയെന്നും താന്‍ ഒന്നും നിര്‍ബന്ധിക്കാറില്ലെന്നുമാണ് വിജയ് മറുപടി പറഞ്ഞിട്ടുള്ളത്. എന്നാല്‍ ജേസണിനെ നായകനാക്കി ചില പ്രോജക്റ്റുകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്ന് മാസങ്ങള്‍ക്ക് മുന്‍പും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ തമിഴിലെ ഒരു പ്രമുഖ ബാനറില്‍ നിന്നും ഒരു സര്‍പ്രൈസ് പ്രഖ്യാപനം ഉണ്ടായിരിക്കുന്നു. ജേസണ്‍ സഞ്ജയ് സിനിമാ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. പക്ഷേ അത് നടനായല്ല, സംവിധായകനായാണ് എന്ന് മാത്രം!

തമിഴിലെ പ്രമുഖ ബാനര്‍ ആയ ലൈക്ക പ്രൊഡക്ഷന്‍സ് ആണ് ജേസണ്‍ സഞ്ജയ് സംവിധായകനായി അരങ്ങേറുന്ന സിനിമ നിര്‍മ്മിക്കുന്നത്. നിര്‍മ്മാതാക്കളുമായി കരാര്‍ ഒപ്പിടുന്ന ജേസന്‍റെ ചിത്രവും ലൈക്ക പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ പ്രോജക്റ്റ് സംബന്ധിച്ച മറ്റ് വിവരങ്ങളൊന്നും പ്രഖ്യാപനത്തിനൊപ്പം ചേര്‍ത്തിട്ടില്ല.

അതേസമയം വിദേശ യൂണിവേഴ്സിറ്റികളില്‍ നിന്ന് സംവിധാനം പഠിച്ചതിന് ശേഷമാണ് ജേസണ്‍ ആദ്യ ചിത്രവുമായി എത്താന്‍ ഒരുങ്ങുന്നത്. ടൊറന്‍റോ ഫിലിം സ്കൂളില്‍ നിന്ന് 2020 ല്‍ ഫിലിം പ്രൊഡക്ഷന്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയ ജേസണ്‍  പിന്നീട് ലണ്ടനില്‍ തിരക്കഥാരചനയില്‍ ബിഎയും ചെയ്തു. 

അതേസമയം തന്‍റെ മകനെ നായകനാക്കി സിനിമയൊരുക്കാന്‍ കഥ പറഞ്ഞവരില്‍ അല്‍ഫോന്‍സ് പുത്രനും ഉണ്ടെന്ന് വിജയ് ഒരിക്കല്‍ പറഞ്ഞിരുന്നു- "അക്കൂട്ടത്തില്‍ രസകരമായ ഒരു കഥ പറഞ്ഞത് പ്രേമം സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ ആണ്. അല്‍ഫോന്‍സ് ഒരിക്കല്‍ എന്നെ കാണണമെന്ന ആവശ്യവുമായി സമീപിച്ചു. ഞാന്‍ സമ്മതം മൂളി, നമുക്കുള്ള ഒരു നല്ല സിനിമയാണോ എന്ന് പറയാനാവില്ലല്ലോ. പക്ഷേ അത് എന്‍റെ മകനെ മനസില്‍ കണ്ടുള്ള കഥയാണെന്നാണ് വന്നപ്പോള്‍ അല്‍ഫോന്‍സ് പറഞ്ഞത്. ഒരു നല്ല ആശയം ആയിരുന്നു അത്. അയല്‍വീട്ടിലെ പയ്യന്‍ എന്ന് തോന്നിപ്പിക്കുന്ന നായക കഥാപാത്രം. സഞ്ജയ് അത് ചെയ്താല്‍ നന്നായിരിക്കുമെന്ന് എനിക്കും ആഗ്രഹം തോന്നി. ഞാന്‍ അവനോട് പറഞ്ഞു. അപ്പോഴാണ് അവന്‍ ഈ രണ്ട് വര്‍ഷത്തിന്‍റെ കാര്യം പറഞ്ഞത്. സാറിനോട് പറയൂ, ഒരു രണ്ട് വര്‍ഷം കഴിയട്ടെ എന്ന്. അവന്‍ എന്ത് തീരുമാനം എടുത്താലും സന്തോഷം", വിജയ് പറഞ്ഞിരുന്നു.

ALSO READ : ഓണം അടിച്ചോ? 'ആര്‍ഡിഎക്സ്' ആദ്യ മൂന്ന് ദിനങ്ങളില്‍ നേടിയ കളക്ഷന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios