പാര്‍ട്ടി പ്രഖ്യാപനത്തിന് ശേഷം ആദ്യമായി ആരാധകരെ കണ്ട് വിജയ്; 'ഗോട്ട്' ലൊക്കേഷനില്‍ എത്തിയത് ആയിരങ്ങള്‍: വീഡിയോ
തമിഴക വെട്രി കഴകം എന്നാണ് വിജയ്‍യുടെ പാര്‍ട്ടിയുടെ പേര്
വിജയ്‍യുടെ രാഷ്ട്രീയ പ്രവേശനമാണ് തമിഴകത്തെ ചൂടേറിയ ചര്‍ച്ചാവിഷയം. ഏറെക്കാലത്തെ അഭ്യൂഹങ്ങള്‍ക്ക് ശേഷം ഫെബ്രുവരി 2 നാണ് തമിഴക വെട്രി കഴകം എന്ന രാഷ്ട്രീയ പാര്‍ട്ടി വിജയ് പ്രഖ്യാപിച്ചത്. കരിയറിലെ 69-ാമത്തെ സിനിമയ്ക്ക് ശേഷം രാഷ്ട്രീയത്തിലാവും ശ്രദ്ധയെന്നും വിജയ് അറിയിച്ചിട്ടുണ്ട്. തമിഴ് സിനിമയില്‍ ഏറ്റവുമധികം ആരാധകരുള്ള വിജയ്‍ സിനിമയില്‍ നിന്ന് വഴി മാറുന്നത് ആരാധകരെ വിഷമിപ്പിക്കുന്നുണ്ട്. അതേസമയം പ്രിയതാരത്തിന്‍റെ തീരുമാനത്തിന് എല്ലാവിധ പിന്തുണയും അവര്‍ നല്‍കുന്നു. ഇപ്പോഴിതാ ഒരു വീഡിയോ ശ്രദ്ധ നേടുകയാണ്. ഇപ്പോള്‍ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമിന്‍റെ (ഗോട്ട്) ലൊക്കേഷനില്‍ തന്നെ കാണാനെത്തിയ ആരാധകര്‍ക്കൊപ്പം വിജയ് എടുത്ത സെല്‍ഫി വീഡിയോ ആണ് അത്.
എവിടെപ്പോയാലും ആരാധക കൂട്ടത്തെ സൃഷ്ടിക്കുന്ന താരമാണ് വിജയ്. പാര്‍ട്ടി പ്രഖ്യാപനത്തിന് ശേഷം വിജയ് ആരാധകരെ ആദ്യമായി അഭിവാദ്യം ചെയ്ത സമയത്ത് ആയിരങ്ങളാണ് തടിച്ചുകൂടിയത്. എക്സ് അടക്കമുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍ വീഡിയോ വൈറല്‍ ആയിട്ടുണ്ട്. അതേസമയം വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയ്‍യുടെ രാഷ്ട്രീയ പാര്‍ട്ടി മത്സരിക്കില്ല. ഈ തെരഞ്ഞെടുപ്പിൽ ആരെയും പിന്തുണക്കില്ലെന്ന് പറഞ്ഞ അദ്ദേഹം രണ്ട് വര്‍ഷത്തിന് ശേഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിച്ച് ഭരണം പിടിക്കുകയാണ് ലക്ഷ്യമെന്നും വ്യക്തമാക്കിയിട്ടുണ്ട്. തമിഴ്നാട് രാഷ്ട്രീയത്തില്‍ വിജയ്‍യുടെ പാര്‍ട്ടി എന്തുതരം ചലനമാണ് സൃഷ്ടിക്കുകയെന്നറിയാനുള്ള കാത്തിരിപ്പിലാണ് രാഷ്ട്രീയ വൃത്തങ്ങള്‍.
അതേസമയം വെങ്കട് പ്രഭുവാണ് വിജയ്‍യുടെ പുതിയ ചിത്രത്തിന്‍റെ സംവിധാനം. ഇരട്ട വേഷത്തിലാണ് ചിത്രത്തില്‍ വിജയ് എത്തുന്നത്. അദ്ദേഹത്തിന്‍റെ കരിയറിലെ 68-ാം ചിത്രമാണ് ഇത്. ജയറാമും ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ALSO READ : ആസിഫ് അലിക്കൊപ്പം സുരാജ്; നവാഗത സംവിധായകന്‍റെ ചിത്രം വരുന്നു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം