വണ്‍ ലാസ്റ്റ് ടൈം; വിജയ്‍യുടെ അവസാന ചിത്രത്തിന് തുടക്കം
ഇനിയും പേരിട്ടിട്ടില്ലാത്ത, വിജയ്‍യുടെ കരിയറിലെ 69-ാം ചിത്രത്തിന് ദളപതി 69 എന്നാണ് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്
കോളിവുഡില്‍ ഇന്ന് ഏറ്റവും ആരാധകരുള്ള താരം ആരാണെന്ന ചോദ്യത്തിന് സംശയലേശമന്യെ പറയാവുന്ന ഉത്തരമായിരുന്നു ദളപതി വിജയ്. കേരളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള തമിഴ് താരവും വിജയ് തന്നെ. മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്ക് പോലും ലഭിക്കാത്ത തരത്തിലുള്ള ഓപണിംഗ് ആണ് വിജയ് കേരളത്തില്‍ നേടിയിരുന്നത്. എന്നാല്‍ തിയറ്ററുകളിലെ ആ ആഘോഷവേളകള്‍ ഓര്‍മ്മയാവുകയാണ്. രാഷ്ട്രീയത്തില്‍ സജീവമാവുന്നതിന് മുന്‍പ് വിജയ് ചെയ്യുന്ന അവസാന സിനിമയ്ക്ക് പൂജ ചടങ്ങുകളോടെ ഇന്ന് ചെന്നൈയില്‍ തുടക്കമായി.
ഇനിയും പേരിട്ടിട്ടില്ലാത്ത, വിജയ്‍യുടെ കരിയറിലെ 69-ാം ചിത്രത്തിന് ദളപതി 69 എന്നാണ് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനിരുദ്ധ് രവിചന്ദർ ആണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. വിജയ്ക്കൊപ്പം ബോബി ഡിയോള്‍, പൂജ ഹെഗ്ഡെ, പ്രിയാമണി, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ എന്നിവര്‍ക്കൊപ്പം മമിത ബൈജുവും നരേനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തും. ചിത്രത്തിന്റെ പൂജയിൽ വിജയ്‌ക്കൊപ്പം പൂജ ഹെഗ്ഡേ, നരേൻ, ബോബി ഡിയോൾ, മമിത ബൈജു തുടങ്ങിയവരും നിർമ്മാതാക്കളും ചിത്രത്തിന്റെ അണിയറപ്രവർത്തകരും പങ്കെടുത്തു.
വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്‍സിന്‍റെ പേരിൽ ചിത്രം നിർമ്മിക്കുന്നത്. കന്നഡത്തിലെ പ്രമുഖ ബാനറായ കെവിഎന്നിന്‍റെ കോളിവുഡ് അരങ്ങേറ്റമാണ് ഈ ചിത്രം. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമ്മാണം. 2025 ഒക്ടോബറിൽ ദളപതി 69 തിയറ്ററിലേക്കെത്തുമെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നത്. പിആർഒ പ്രതീഷ് ശേഖർ.
ALSO READ : തിയറ്ററില്‍ ചലനമുണ്ടാക്കിയില്ല; ഒടിടി പ്രതീക്ഷയില്‍ 'ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്'