വിജയിയുടെ ദളപതി 68ന് പേരായി: 'ദ ഗോട്ട്' വരുന്നു.!
ഇപ്പോഴിതാ വിജയ് ആരാധകരെ ആവേശഭരിതരാക്കുന്ന ഒരു പുതുവര്‍ഷ സമ്മാനം എത്തിയിരിക്കുന്നു.
ചെന്നൈ: തമിഴ് സിനിമയില്‍ ഇന്ന് ഏറ്റവുമധികം ആരാധകരുള്ള നടനാര് എന്ന ചോദ്യത്തിന് ആദ്യമെത്തുന്ന പേരുകളിലൊന്നാണ് വിജയ്. സമീപകാല തമിഴ് സിനിമയില്‍ നിര്‍മ്മാതാക്കള്‍ക്ക് ഏറ്റവും മിനിമം ഗ്യാരന്‍റി നല്‍കുന്നതും വിജയ് തന്നെ. കരിയറിലെ ഏറ്റവും വലിയ വിജയമാണ് കഴിഞ്ഞ ചിത്രം ലിയോയിലൂടെ വിജയ് സ്വന്തമാക്കിയത്. 2023 ലെ ഏറ്റവും വലിയ തമിഴ് ഹിറ്റും ഇതുതന്നെ.
ഇപ്പോഴിതാ വിജയ് ആരാധകരെ ആവേശഭരിതരാക്കുന്ന ഒരു പുതുവര്‍ഷ സമ്മാനം എത്തിയിരിക്കുന്നു. ലിയോയ്ക്ക് ശേഷമുള്ള വിജയ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം ( ദ ഗോട്ട്) എന്നാണ് ചിത്രത്തിന്‍റെ പേര്.
ദളപതി 68 എന്ന് താല്‍ക്കാലികമായി നാമകരണം ചെയ്തിരിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ഇന്ന് വൈകിട്ട് 6 മണിക്കാണ് നിര്‍മ്മാതാക്കളായ എജിഎസ് എന്‍റര്‍ടെയ്ന്‍മെന്‍റ് പുറത്തുവിട്ടത്. വെങ്കട് പ്രഭുവാണ് ചിത്രത്തിന്‍റെ സംവിധായകന്‍. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം ആയതിനാല്‍ത്തന്നെ ഈ പ്രോജക്റ്റിന്മേലുള്ള പ്രേക്ഷക പ്രതീക്ഷയും വലുതാണ്.
രണ്ട് ജനറേഷന്‍ വിജയിയെ പോസ്റ്ററില്‍ കാണാം. ഒരു പാരച്യൂട്ട് ലാന്‍റിന് ശേഷം എന്ന രീതിയിലാണ് പോസ്റ്റര്‍. ചിത്രത്തില്‍ വിജയ് ഇരട്ട റോളിലാണ് എന്ന സൂചനയാണ് ഇത് നല്‍കുന്നത്.
മീനാക്ഷി ചൗധരി നായികയാവുന്ന ചിത്രത്തില്‍ പ്രഭുദേവ, പ്രശാന്ത്, ലൈല, സ്നേഹ, ജയറാം, അജ്മല്‍, യോഗി ബാബു, വിടിവി ഗണേഷ്, വൈഭവ്, പ്രേംജി അമരന്‍ എന്നിവരൊക്കെ അഭിനയിക്കുന്നുണ്ട്. ജയറാം ചിത്രത്തിലുണ്ട് എന്നത് മലയാളികളെ സംബന്ധിച്ച് ആവേശം പകരുന്ന ഒന്നാണ്.
ലിയോയുടെ വന്‍ വിജയത്തിന് ശേഷമുള്ള വിജയ് ചിത്രമെന്ന നിലയിലും കോളിവുഡ് നിലവില്‍ ഏറ്റവും പ്രതീക്ഷയര്‍പ്പിക്കുന്ന സിനിമകളിലൊന്നാണ് ദ ഗോട്ട്.
'പാകിസ്ഥാന് വളരണമെങ്കില്‍ ഇന്ത്യന്‍ സിനിമകള്‍ക്കുള്ള പ്രദര്‍ശന വിലക്ക് നീക്കണം'