'ദളപതി 67' ല്‍ സഞ്ജയ് ദത്തും! തമിഴ് അരങ്ങേറ്റം ലോകേഷ് കനകരാജ് ചിത്രത്തിലൂടെ
മാസ്റ്റര്‍ എന്ന വിജയ ചിത്രത്തിനു ശേഷം ലോകേഷ് കനകരാജും വിജയ്‍യും ഒരുമിക്കുന്ന പ്രോജക്റ്റ്
തെന്നിന്ത്യന്‍ ഭാഷാ ചിത്രങ്ങള്‍ തുടര്‍ച്ചയായി നേടിക്കൊണ്ടിരിക്കുന്ന പാന്‍ ഇന്ത്യന്‍ വിജയങ്ങള്‍ രാജ്യത്തെ മുഴുവന്‍ ഭാഷാ ചലച്ചിത്ര പ്രവര്‍ത്തകരുടെയും ശ്രദ്ധ നേടിയിട്ടുണ്ട്. വിശേഷിച്ച് ബോളിവുഡ് സിനിമാപ്രവര്‍ത്തകരുടെ. അതിനാല്‍ത്തന്നെ തെന്നിന്ത്യന്‍ പ്രോജക്റ്റുകളില്‍ നിന്ന് എത്തുന്ന അവസരങ്ങള്‍ അവരില്‍ പലരും ആവേശത്തോടെയാണ് സ്വീകരിക്കാറ്. ഇപ്പോഴിതാ തന്‍റെ തമിഴ് സിനിമാ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് ബോളിവുഡിലെ ഒരു പ്രമുഖ താരം. സഞ്ജയ് ദത്ത് ആണ് കരിയറിലെ ആദ്യ തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നത്.
വിജയ്‍യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തിലാണ് സഞ്ജയ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക. ദളപതി 67 ന്‍റെ ഭാഗമായി സഞ്ജയ് ദത്തിനെ അവതരിപ്പിക്കാന്‍ തങ്ങള്‍ക്ക് ഏറെ സന്തോഷമുണ്ടെന്ന് പറഞ്ഞുകൊണ്ട് നിര്‍മ്മാതാക്കളായ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ ആണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെയായിരുന്നു ലോകേഷ്- വിജയ് ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം എത്തിയത്.
മാസ്റ്റര്‍ എന്ന വിജയ ചിത്രത്തിനു ശേഷം ലോകേഷ് കനകരാജും വിജയ്‍യും ഒരുമിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ജനുവരി 2 ന് ആരംഭിച്ചിരുന്നു. അനിരുദ്ധ് രവിചന്ദ്രന്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം മനോജ് പരമഹംസയാണ്. സംഘട്ടന സംവിധാനം അന്‍പറിവ്, എഡിറ്റിംഗ് ഫിലോമിന്‍ രാജ്, കലാസംവിധാനം എന്‍ സതീഷ് കുമാര്‍, നൃത്തസംവിധാനം ദിനേശ്, ലോകേഷിനൊപ്പം രത്മകുമാറും ധീരജ് വൈദിയും ചേര്‍ന്നാണ് സംഭാഷണ രചന നിര്‍വ്വഹിക്കുന്നത്.
അതേസമയം കഴിഞ്ഞ വര്‍ഷമായിരുന്നു സഞ്ജയി ദത്തിന്‍റെ കന്നഡ സിനിമാ അരങ്ങേറ്റം. വന്‍ വിജയം നേടിയ കെജിഎഫ് ചാപ്റ്റര്‍ 2 ലൂടെ ആയിരുന്നു അദ്ദേഹത്തിന്‍റെ വരവ്. അധീര എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് വലിയ കൈയടിയാണ് അദ്ദേഹം നേടിയത്. അതേസമയം ബോളിവുഡിലും സഞ്ജയ് ദത്തിന്റെ ഒരു ശ്രദ്ധേയ പ്രോജക്റ്റ് പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. അര്‍ഷാദ് വര്‍സിയും ഒപ്പം അഭിനയിക്കുന്ന പേരിടാത്ത ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ധാന്ത് സച്ച്ദേവ് ആണ്.