വാരിക്കൂട്ടിയത് 600കോടി ! കേരളത്തിൽ വൻ റെക്കോർഡ്, 'ലിയോ' ടെലിവിഷൻ പ്രീമിയർ എന്ന്, എവിടെ ?
കേരളത്തിലും വൻവരവേൽപ്പ് ലഭിച്ച ചിത്രം ആദ്യദിനം റെക്കോഡ് ഇട്ടിരുന്നു.
തമിഴ്നാട്ടിലെ യുവ സംവിധായക നിരയിൽ ശ്രദ്ധേയനായ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം. അതും മാസ്റ്റർ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം. അതുതന്നെയാണ് പ്രേക്ഷകരിലേക്ക് ലിയോയെ എത്തിച്ച പ്രധാന ഘടകങ്ങളിൽ ഒന്ന്. ഒപ്പം പുറത്തിറങ്ങിയ ഓരോ അപ്ഡേറ്റുകളും പ്രേക്ഷകരെ ആവേശഭരിതരാക്കി. ഈ ആവേശം വാനോളം ഉയർത്തിയാണ് ലിയോ തിയറ്ററിൽ എത്തിയത്. ആദ്യദിനം മുതൽ പല റെക്കോർഡുകളും പിന്നിട്ട് തിയറ്ററിൽ കസറിയ ചിത്രം ഇതാ മിനിസ്ക്രീന്‍ പ്രേക്ഷകർക്ക് മുന്നിൽ എത്തുകയാണ്.
തിയറ്ററിൽ വൻ ആവേശം നിറച്ച ലിയോ പൊങ്കൽ സ്പെഷ്യൽ പ്രീമിയർ ആയാണ് മിനിസ്ക്രീനിൽ എത്തുന്നത്. സൺ ടിവിയിൽ ജനുവരി പതിനഞ്ചിനാണ് പ്രീമിയർ. 6.30നാകും പ്രീമിയർ നടക്കുക. തിയറ്ററിലും ഒടിടിയിലും വിജയിയുടെ പകർന്നാട്ടം കാണാൻ സാധിക്കാത്തവർക്കും കണ്ടവർക്ക് വീണ്ടും കാണാനും വൻ അവസരമാണ് ഇതിലൂടെ ലഭിക്കുക. അതേസമയം, വൈകാതെ തന്നെ മലയാള ടെലിവിഷൻ പ്രീമിയറും ആരംഭിക്കും.
2023 ഒക്ടോബർ 18നാണ് ലിയോ റിലീസ് ചെയ്തത്. ശേഷം നവംബർ 24ന് വിജയ് ചിത്രം ഒടിടിയിലും റിലീസ് ചെയ്തു. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂടെ ആയിരുന്നു സ്ട്രീമിംഗ്. ഒടിടിയിൽ എത്തുന്നതിന് മുൻപ് പല റെക്കോർഡുകളും ഈ ലോകേഷ് കനകരാജ് ചിത്രം ഭേദിച്ചിരുന്നു. 602.7 കോടിയാണ് ആഗോളതലത്തിൽ ലിയോ നേടിയ കളക്ഷൻ എന്ന് ട്രേഡ് അനലിസ്റ്റുകൾ പറയുന്നു. ഇന്ത്യയിൽ നിന്ന് മാത്രം 399.35 കോടി നേടിയ ചിത്രം തമിഴ്നാട്ടിൽ നിന്നുമാത്രം 213.62 കോടിയാണ് സ്വന്തമാക്കിയത്.
കേരളത്തിലും വൻവരവേൽപ്പ് ലഭിച്ച ചിത്രം ആദ്യദിനം റെക്കോഡ് ഇട്ടിരുന്നു. കേരള ബോക്സ് ഓഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രമെന്ന ഖ്യാതിയാണ് വിജയ് ചിത്രം സ്വന്തമാക്കിയത്. സംസ്ഥാനത്ത് നിന്നും 59.64 കോടിയാണ് ലിയോ നേടിയ ആകെ ബോക്സ് ഓഫീസ് കളക്ഷൻ.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..