വീണ്ടും മുന്നില്‍ നിന്ന് നയിച്ച് അഖില്‍ അക്കിനേനി; ബംഗാളിനെതിരെ തെലുങ്കിന് ത്രസിപ്പിക്കുന്ന വിജയം

സീസണിലെ മൂന്നാം അര്‍ധ സെഞ്ചുറിയുമായി അഖില്‍

telugu warriors beats bengal tigers in ccl 2023 6th match akhil akkineni jisshu sengupta nsn

സിസിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാമത്തെ വിജയവുമായി തെലുങ്ക് വാരിയേഴ്സ്. കഴിഞ്ഞ വാരം കേരള സ്ട്രൈക്കേഴ്സിനെ തകര്‍ത്തുകൊണ്ട് സീസണ്‍ ആരംഭിച്ച തെലുങ്കിന്‍റെ ഇത്തവണത്തെ എതിരാളികള്‍ ജിഷു സെന്‍ഗുപ്ത ക്യാപ്റ്റന്‍ ആയ ബംഗാള്‍ ടൈഗേഴ്സ് ആയിരുന്നു. കഴിഞ്ഞ തവണത്തേതുപോലെ ക്യാപ്റ്റന്‍ അഖില്‍ അക്കിനേനി മുന്നില്‍ നിന്ന് നയിച്ച മത്സരത്തില്‍ എട്ട് വിക്കറ്റ് വിജയമാണ് തെലുങ്ക് വാരിയേഴ്സ് സ്വന്തമാക്കിയത്.

സിസിഎല്‍ പുതിയ സീസണിലെ ആറാമത്തെ മത്സരമാണ് ഇന്നലെ നടന്ന തെലുങ്ക് വാരിയേഴ്സും ബംഗാള്‍ ടൈഗേഴ്സും തമ്മിലുള്ള മത്സരം. ടോസ് നേടിയ അഖില്‍ അക്കിനേനി ബംഗാളിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. പറയത്തക്ക ഇന്‍ഡിവിജ്വല്‍ പെര്‍ഫോമന്‍സുകള്‍ ഉണ്ടായില്ലെങ്കിലും ആദ്യ ഇന്നിംഗ്സില്‍ ബംഗാള്‍ നിശ്ചിത 10 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സ് നേടി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ തെലുങ്ക് വാരിയേഴ്സ് 2 വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സ് നേടി. അഖില്‍ അക്കിനേനി 26 ബോളില്‍ 57 റണ്‍സും അശ്വിന്‍ ബാബു 17 ബോളില്‍ 43 റണ്‍സും സ്വന്തമാക്കി. സീസണില്‍ അഖിലിന്‍റെ മൂന്നാമത്തെ അര്‍ധ സെഞ്ചുറിയാണ് ഇത്. കേരളത്തിനെതിരായ കഴിഞ്ഞ മത്സരത്തില്‍ രണ്ട് ഇന്നിംഗ്സുകളിലും അഖില്‍ അര്‍ധ സെഞ്ചുറി നേടിയിരുന്നു. 

ബംഗാള്‍ ക്യാപ്റ്റന്‍ ജിഷു സെന്‍ഗുപ്തയുടെ വെടിക്കെട്ട് ബാറ്റിംഗ് ആയിരുന്നു ബംഗാള്‍ ടൈഗേഴ്സിന്‍റെ രണ്ടാം ഇന്നിംഗ്സിന്‍റെ സവിശേഷത. 36 ബോളില്‍ 83 റണ്‍സ് ആണ് ജിഷു നേടിയത്. രണ്ടാം ഇന്നിംഗ്സില്‍ ആകെ 3 വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സ് ആണ് ബംഗാള്‍ നേടിയത്. തങ്ങളുടെ അവസാന ഇന്നിംഗ്സ് കളിക്കാനിറങ്ങുമ്പോള്‍ 60 ബോളില്‍ 115 റണ്‍സ് എന്ന വിജയലക്ഷ്യമാണ് തെലുങ്കിന് മുന്നില്‍ ഉണ്ടായിരുന്നത്. വീണ്ടും അശ്വിന്‍ ബാബുവും അഖിലും കളംനിറഞ്ഞതോടെ 8 വിക്കറ്റ് ബാക്കിനില്‍ക്കെ നിഷ്പ്രയാസം തെലുങ്ക് വിജയം കണ്ടു. 8.3 ഓവറിലാണ് സീസണിലെ രണ്ടാം വിജയം തെലുങ്ക് വാരിയേഴ്സ് സ്വന്തമാക്കിയത്. അശ്വിന്‍ ബാബു 26 ബോളില്‍ 62 റണ്‍സും അഖില്‍ അക്കിനേനി 19 ബോളില്‍ 33 റണ്‍സും നേടി. ഈ വിജയത്തോടെ പോയിന്‍റ് ടേബിളില്‍ ഒന്നാം സ്ഥാനത്താണ് തെലുങ്ക് വാരിയേഴ്സ്. 

അതേസമയം ഇന്ന് നടക്കുന്ന രണ്ട് മത്സരങ്ങളില്‍ കേരള സ്ട്രൈക്കേഴ്സ് കര്‍ണാടക ബുള്‍ഡോസേഴ്സുമായും പഞ്ചാബ് ഡെ ഷേര്‍ മുംബൈ ഹീറോസുമായും ഏറ്റുമുട്ടും.

ALSO READ : 'ഇത് മോഷണം, അംഗീകരിക്കാനാവില്ല'; ലിജോ ജോസ് പെല്ലിശ്ശേരിക്കെതിരെ ആരോപണവുമായി തമിഴ് സംവിധായിക

Latest Videos
Follow Us:
Download App:
  • android
  • ios