പ്രേക്ഷകരുടെ കണ്ണിലുണ്ണിയായ തെലുങ്ക് താരം മമ്മൂട്ടിക്കൊപ്പം ടര്‍ബോയില്‍! മലയാളത്തില്‍ അരങ്ങേറ്റം
പോക്കിരിരാജ, മധുരരാജ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം
ഇതരഭാഷകളില്‍ നിന്നുള്ള ജനപ്രിയ താരങ്ങള്‍ എത്തുന്നത് ഒരു സിനിമയ്ക്ക് ഉണ്ടാക്കുന്ന അധിക മൂല്യമുണ്ട്. പണ്ടുമുതലേ അത് ഉണ്ടെങ്കിലും ഇന്ന് അത് കൂടുതലാണ്. തമിഴ് സിനിമയാണ് അത് ഏറ്റവും നന്നായി ഉപയോഗിക്കുന്നത്. തമിഴ്നാടിന് പുറത്തുള്ള മാര്‍ക്കറ്റുകളില്‍ തമിഴ് സിനിമയ്ക്ക് ഇത് ഗുണമുണ്ടാക്കുന്നുമുണ്ട്. മലയാള സിനിമയില്‍ തമിഴ്, ഹിന്ദി താരങ്ങളൊക്കെ മുന്‍പ് പലപ്പോഴും അഭിനയിച്ചിട്ടുണ്ടെങ്കിലും തെലുങ്കില്‍ നിന്നുള്ള അഭിനേതാക്കള്‍ കുറവേ എത്തിയിട്ടുള്ളൂ. ഇപ്പോഴിതാ മലയാളത്തില്‍ ചിത്രീകരണം പുരോഗമിക്കുന്ന ഒരു സൂപ്പര്‍താര ചിത്രത്തില്‍ തെലുങ്കില്‍ നിന്ന് ഒരു ജനപ്രിയതാരം എത്തുന്നുണ്ട്.
രജനികാന്ത് ചിത്രം ജയിലറിലെ ബ്ലാസ്റ്റ് മോഹനെ അവതരിപ്പിച്ച് മലയാളി സിനിമാപ്രേമികള്‍ക്കും പരിചിതനായ തെലുങ്ക് താരം സുനില്‍ ആണ് മലയാളം അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്. മമ്മൂട്ടി നായകനാവുന്ന വൈശാഖ് ചിത്രം ടര്‍ബോയിലൂടെയാണ് സുനില്‍ മലയാളത്തിലേക്ക് എത്തുന്നത്. അണിയറക്കാര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മമ്മൂട്ടിക്ക് പിന്നാലെ ഈ ചിത്രത്തില്‍ ആദ്യമായി പ്രഖ്യാപിക്കപ്പെടുന്ന കാസ്റ്റിംഗും സുനിലിന്‍റേത് ആണ്.
പോക്കിരിരാജ, മധുരരാജ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടര്‍ബോ. സംവിധായകന്‍ എന്നതിനൊപ്പം തിരക്കഥാകൃത്തായും തിളങ്ങിയ മിഥുന്‍ മാനുവല്‍ തോമസ് ആണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. നൂറ് ദിവസത്തെ ചിത്രീകരണമാണ് വൈശാഖ് പ്ലാന്‍ ചെയ്തിരിക്കുന്നത്. വിഷ്ണു ശർമയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ് ഷമീർ മുഹമ്മദ്, സംഗീതം ജസ്റ്റിൻ വർഗീസ്, പ്രൊഡക്ഷൻ ഡിസൈന്‍ ഷാജി നടുവേൽ, കോ ഡയറക്ടർ ഷാജി പാദൂർ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, കോസ്റ്റ്യൂം ഡിസൈനർ സെൽവിൻ ജെ, അഭിജിത്ത്, മേക്കപ്പ് റഷീദ് അഹമ്മദ്, ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ ആരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് ആർ കൃഷ്ണൻ തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.
ALSO READ : 'ലെറ്റ്സ് വെല്‍കം ഹിം'; മോഹന്‍ലാലിന്‍റെ വമ്പന്‍ അപ്ഡേറ്റ് ദീപാവലിക്ക് മുന്‍പ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം