അല്ലു അർജുന് ആശ്വാസം; ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

ശക്തമായ വാദപ്രതിവാദങ്ങൾക്കൊടുവിലാണ് ഇപ്പോള്‍ അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. 

Telangana High Court grants interim bail to actor Allu Arjun

ഹൈദരാബാദ്: നടന്‍ അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി. തെലങ്കാന ഹൈക്കോടതിയുടേതാണ് വിധി. ശക്തമായ വാദപ്രതിവാദങ്ങൾക്കൊടുവിലായിരുന്നു വിധി പ്രഖ്യാപനം. നാലാഴ്ചത്തേക്കാണ് ഇടക്കാല ജാമ്യം. മനഃപൂർവമല്ലാത്ത നരഹത്യയെന്ന കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കുമോ എന്നതിൽ സംശയമെന്ന് ഹൈക്കോടതി സിംഗില്‍ ബഞ്ച് സംശയം പ്രകടിപ്പിച്ചു.

ഒരു ജനപ്രീയ താരം എന്നുള്ളതുകൊണ്ട് മാത്രം ഒരിടത്ത് പോകാനോ സിനിമയുടെ പ്രമോഷന്‍ നടത്താനോ പാടില്ലെന്ന തരത്തില്‍ അല്ലു അര്‍ജുനുമേല്‍ ഒരുതരത്തിലുമുള്ള നിയന്ത്രണങ്ങള്‍ വയ്ക്കാന്‍ കഴിയില്ല. ഒരു പ്രമോഷന്‍റെ ഭാഗമായി ഒരിടത്ത് നടന്‍ പോയത് കൊണ്ട് അപകടമുണ്ടായെന്ന് പ്രഥമദൃഷ്ട്യാ പറയാന്‍ കഴിയില്ലെന്നും അതിനാല്‍ ജാമ്യം നല്‍കരുതെന്ന സര്‍ക്കാര്‍ അഭിഭാഷകന്‍റെ വാദം തല്‍ക്കാലം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. 

മരിച്ച സ്ത്രീയുടെ കുടുംബത്തോട് സഹതാപമുണ്ടെന്നും കോടതി പറഞ്ഞു. എന്നാൽ ആ കുറ്റം അല്ലു അർജുന് മേൽ മാത്രം നിലനിൽക്കുമെന്ന് ഇപ്പോൾ പറയാനാകില്ല. സൂപ്പർ താരമാണെന്ന് കരുതി അല്ലു അർജുനോട് ഒരു പരിപാടിയിൽ പങ്കെടുക്കരുതെന്ന് പറയാൻ കഴിയില്ലെന്നും അത് ഒരു പൗരനെന്ന നിലയിൽ അവകാശങ്ങൾ ലംഘിക്കുന്നതാണെന്നും കോടതി വ്യക്തമാക്കി. 

ശക്തമായ വാദപ്രതിവാദങ്ങളായിരുന്നു അല്ലു അര്‍ജുന്‍റെ ജാമ്യഹര്‍ജിയില്‍ തെലങ്കാന ഹൈക്കോടതിയില്‍ നടന്നത്. അല്ലു അർജുനടക്കമുള്ള താരങ്ങളോട് തിയറ്റർ സന്ദർശിക്കരുതെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. എസ്എച്ച്ഒ ഈ വിവരം അല്ലു അർജുന്‍റെ ടീമിനെ അറിയിച്ചിരുന്നെന്നും രേഖകൾ ഹാജരാക്കാമെന്നും സർക്കാർ അഭിഭാഷകൻ പറഞ്ഞു.  ഈ രേഖകൾ ഹാജരാക്കുന്നത് വരെ അല്ലു അർജുന് ജാമ്യം നൽകരുതെന്നുമായിരുന്നു സർക്കാർ അഭിഭാഷകൻ വാദിച്ചത്. 

കിടപ്പ് മുറിയിൽ നിന്ന് വിളിച്ച് അറസ്റ്റ് എന്തിനെന്ന് അല്ലു അർജുൻ; പൊലീസുമായി വാക്കേറ്റം, ജാമ്യമില്ലാവകുപ്പുകൾ

നടനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ കേസ് നിലനിൽക്കില്ലെന്ന് അല്ലുവിന്‍റെ അഭിഭാഷകൻ വാദിച്ചു. പ്രമോഷന്‍റെ ഭാഗമായി തിയറ്ററിൽ പോയ തന്‍റെ കക്ഷി ദുരന്തമുണ്ടായത് പോലും പിന്നീടാണ് അറിഞ്ഞതെന്നും അഭിഭാഷകൻ പറഞ്ഞു. വലിയ തിക്കും തിരക്കുമുണ്ടാകുമെന്നറിഞ്ഞ് കൊണ്ട് തന്നെയാണ് നടന്‍ അവിടെ പോയതെന്നാണ് സർക്കാർ അഭിഭാഷകൻ വാദിച്ചത്. ഇത് ദുരന്തത്തിന് വഴിവച്ചേക്കാമെന്ന് അല്ലു അർജുൻ മനസ്സിലാക്കേണ്ടതായിരുന്നെന്നും സർക്കാർ അഭിഭാഷകൻ പറഞ്ഞു. 

ഭാരതീയ ന്യായസംഹിതയിൽ സെക്ഷൻ 105 നിലനിൽക്കുന്നതെങ്ങനെ എന്ന സർക്കാർ അഭിഭാഷകനോട് കോടതി ചോദിച്ചു. അനുമതി ലഭിച്ച ശേഷമല്ലേ അല്ലു അർജുൻ അവിടെ പോയതെന്നും ഹൈക്കോടതിയുടെ ചോദ്യമുയര്‍ത്തി. എന്നാല്‍, അല്ലു അർജുന് തീയറ്ററിൽ പോകാൻ അനുമതി നിഷേധിച്ചെന്ന് ആവർത്തിച്ച് സർക്കാർ അഭിഭാഷകൻ രംഗത്തെത്തുകയും ചെയ്തു. അനുമതി നിഷേധിച്ചിരുന്നെങ്കിൽ അത് റിമാൻഡ് റിപ്പോർട്ടിൽ പറയാത്തതെന്തെന്നാണ് അല്ലുവിന്‍റെ അഭിഭാഷകൻ മറുചോദ്യം ചോദിച്ചത്. വിചാരണ നേരിടാൻ തയ്യാറാണെന്നും അതിന് കസ്റ്റഡിയിൽ ചോദ്യം ചെയ്യണ്ട ആവശ്യമില്ലെന്നും അല്ലുവിന്‍റെ അഭിഭാഷകൻ കൂട്ടിച്ചേര്‍ത്തു. 

'അല്ലു അർജുനല്ല അപകടത്തിന് കാരണം'; കേസ് പിൻവലിക്കാൻ മരിച്ച യുവതിയുടെ ഭർത്താവ്

ഇതിനിടെ ഷാരൂഖ് ഖാന്‍റെ 'റയീസ്' സിനിമയുടെ പ്രൊമോഷനിടെ തിക്കിലും തിരക്കിലും പെട്ട് വഡോദരയിൽ ഒരാൾ മരിച്ച സംഭവം അല്ലുവിന്‍റെ അഭിഭാഷന്‍ ചൂണ്ടിക്കാട്ടി. വഡോദര സ്റ്റേഷനിൽ തടിച്ച് കൂടിയ ജനക്കൂട്ടത്തിന് നേരെ ഷാരൂഖ് ടീഷർട്ട് എറിഞ്ഞുകൊടുത്തു. ഇതെടുക്കാനുള്ള തിക്കിലും തിരക്കിലും പെട്ട് ഒരാൾ മരിച്ചിരുന്നു. പിന്നാലെ ഷാരൂഖിനെതിരെ കേസ് എടുക്കുകയും ഇത് പിന്നീട് ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. ഇത് സുപ്രീംകോടതി ശരിവയ്ക്കുകയും ചെയ്തു. ഇതിന് സമാനമായ സംഭവമാണ് സന്ധ്യ തീയറ്ററിലുമുണ്ടായത്. ഷാരൂഖ് ജനക്കൂട്ടത്തെ ഇളക്കി വിടും വിധം ടീഷർട്ടുകൾ എറിഞ്ഞിട്ടാണ് ദുരന്തമുണ്ടായത്. എന്നാൽ ഇവിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ അപകടത്തിൽ പെട്ടപ്പോൾ അല്ലു അർജുൻ തിയേറ്ററിന് അകത്തായിരുന്നെന്നും അഭിഭാഷകൻ പറഞ്ഞു. അതേസമയം, ജാമ്യം കിട്ടിയിരുന്നില്ലെങ്കില്‍ അല്ലുവിന് കൊണ്ട് പോകുക ചെഞ്ചൽഗുഡ ജയിലിലേക്കായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios