മുല്ലപ്പെരിയാര്‍: പൃഥ്വിരാജിന്റെ കോലം കത്തിച്ച് തമിഴ്‍നാട്ടില്‍ പ്രതിഷേധം
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പൃഥ്വിരാജിന് എതിരെ പ്രതിഷേധം.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പൃഥ്വിരാജിന് (Prithviraj എതിരെ വ്യാപക പ്രതിഷേധം. പൃഥ്വിരാജിന്റെ കോലം കത്തിച്ചാണ് തമിഴ്‍നാട്ടില്‍ പ്രതിഷേധം. തേനി ജില്ലാ കലക്ട്രേറ്റിനു മുന്നിലായിരുന്നു പ്രതിഷേധം. അഖിലേന്ത്യാ ഫോര്‍വേര്‍ഡ് ബ്ലോക്ക് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിക്കേണ്ട സാഹചര്യമാണ് നിലവിലെന്ന് അഭിപ്രായപ്പെട്ട് പൃഥ്വിരാജ് സാമൂഹ്യമാധ്യമത്തില്‍ കുറിപ്പ് എഴുതിയിരുന്നു. ''വസ്‍തുതകളും കണ്ടെത്തലുകളും എന്താണെങ്കിലും 125 വര്‍ഷം പഴക്കമുള്ള അണക്കെട്ട് ഇപ്പോഴും നിലനില്‍ക്കുന്നതിന് ഒരു കാരണമോ ഒഴികഴിവോ അല്ല. രാഷ്‍ട്രീയവും സാമ്പത്തികവുമായ കാരണങ്ങള്‍ മാറ്റിവെച്ച് ശരിയായത് ചെയ്യേണ്ട സമയമാണിത്. നമുക്ക് ഈ സംവിധാനത്തില്‍ മാത്രമേ വിശ്വസിക്കാനേ കഴിയൂ. സിസ്റ്റം ശരിയായ തീരുമാനം എടുക്കുമെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം എന്നുമായിരുന്നു പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചത്. ഇതാണ് ഇപോള്‍ പൃഥ്വിരാജിന് എതിരെ തമിഴ്‍നാട്ടില്‍ വലിയ പ്രതിഷേധത്തിന് കാരണമായത്. സാമൂഹ്യമാധ്യമങ്ങളിലും വ്യാപകമായി പൃഥ്വിരാജിന് എതിരെ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്.
രൂക്ഷമായിട്ടാണ് നടൻ പൃഥ്വിരാജിന് എതിരെ അഖിലേന്ത്യാ ഫോര്‍വേര്‍ഡ് ബ്ലോക്ക് പ്രവര്‍ത്തകര്‍ സാമൂഹ്യമാധ്യമത്തിലും രംഗത്ത് എത്തിയത്.
ഇങ്ങനെയാണെങ്കില്‍ പൃഥ്വിരാജ് തമിഴ് സിനിമയില്‍ അഭിനയിക്കരുതെന്നും തമിഴ്‍നാട്ടിലേക്ക് വരരുത് എന്നു പോലും പ്രതിഷേധക്കാര്‍ പറയുന്നു. പൃഥ്വിരാജ് ഉള്‍പ്പടെയുള്ള മലയാള അഭിനേതാക്കാളെ ഇനി തമിഴില്‍ അഭിനയിപ്പിക്കരുതെന്ന് തമിഴ് പ്രൊഡ്യൂസേഴ്‍സ് അസോസിയേഷൻ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും വേല്‍മുരുകൻ എംഎല്‍എ ആവശ്യപ്പെട്ടു. സുപ്രീംകോടതി വിധി നിലനില്‍ക്കെ തെറ്റിദ്ധാരണാജനമായ പ്രസ്‍താവനകളിറക്കിയപൃഥ്വിരാജ്, അഡ്വ. റസ്സല്‍ ജോയ് എന്നിവര്‍ക്ക് എതിരെ കേസെടുക്കണമെന്ന് അഖിലേന്ത്യാ ഫോര്‍വേർഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി എസ് ആര്‍ ചക്രവര്‍ത്തി
ആവശ്യപ്പെട്ടു. കലക്ടര്‍ക്കും എസ്‍പിക്കും പൃഥ്വിരാജിന് എതിരെ പരാതി നല്‍കിയെന്നും എസ് ആര്‍ ചക്രവര്‍ത്തി പറഞ്ഞു.