'പ്രൊമോഷന് വരണമെങ്കിൽ പ്രത്യേകം തുക, 3 ലക്ഷമില്ലെങ്കിൽ വരില്ലെന്ന് പറഞ്ഞു'; നടി അപർനദിക്കെതിരെ നിര്‍മ്മാതാവ്
നിര്‍മ്മാതാവ് സുരേഷ് കാമാക്ഷിയാണ് അപര്‍നദി എന്ന നടിക്കെതിരെ ആരോപണവുമായി എത്തിയിരിക്കുന്നത്
പ്രൊമോഷന് വരണമെങ്കില്‍ പ്രത്യേകം തുക വേണമെന്ന് നടി ആവശ്യപ്പെട്ടതായി നിര്‍മ്മാതാവ്. തമിഴ് സിനിമാ നിര്‍മ്മാതാവ് സുരേഷ് കാമാക്ഷിയാണ് അപര്‍നദി എന്ന നടിക്കെതിരെ ആരോപണവുമായി എത്തിയിരിക്കുന്നത്. അപര്‍നദി അഭിനയിക്കുന്ന നരകപ്പോര്‍ എന്ന പുതിയ ചിത്രത്തിന്‍റെ പ്രൊമോഷണല്‍ വേദിയിലാണ് സുരേഷ് കാമാക്ഷി ഇക്കാര്യം പറഞ്ഞത്.
"അപര്‍നദി ഇന്നത്തെ പരിപാടിക്ക് വന്നിട്ടില്ല. പ്രൊമോഷണല്‍ പരിപാടിക്ക് വരണമെന്ന് ആവശ്യപ്പെട്ട് ഞാനും സംവിധായകനും അവരെ വിളിച്ചിരുന്നു. വരില്ലെന്നായിരുന്നു അവരുടെ പ്രതികരണം. വരണമെങ്കില്‍ പ്രത്യേകം പണം കൊടുക്കണമെന്നും പറഞ്ഞു. ഇത് ഒരു പുതിയ പ്രവണതയാണ്. സിനിമയുടെ സ്ഥിതി മോശമാണെന്നും വരണമെന്നും ഞാന്‍ വീണ്ടും അഭ്യര്‍ഥിച്ചു. പിന്നീട് രണ്ട് മൂന്ന് കണ്ടീഷനുകളും നടി മുന്നോട്ടുവച്ചു. എനിക്ക് തുല്യരായ ആളുകള്‍ക്കൊപ്പമേ വേദിയില്‍ ഇരിക്കൂവെന്നും അടുത്ത സീറ്റില്‍ ആര് ഇരിക്കണമെന്ന് താന്‍ നിശ്ചയിക്കുമെന്നും അവര്‍ പറഞ്ഞു. ഇതുകേട്ട് എനിക്ക് ഭയങ്കരമായി ദേഷ്യം വന്നു. പരാതിയുമായി ഞാന്‍ നടികര്‍ സംഘത്തെ സമീപിച്ചു. സംഘടനയില്‍ ഇവര്‍ ഇല്ലെന്ന് മനസിലായി. സംവിധായകരുടെ സംഘടനയില്‍ ചിത്രത്തിന്‍റെ സംവിധായകന്‍ ശ്രീ വെട്രിയും ഒരു പരാതി കൊടുത്തിട്ടുണ്ട്. അവസാനം അവര്‍ പറഞ്ഞു 3 ലക്ഷം രൂപ കൊടുത്താല്‍ വരാമെന്ന്."
"രണ്ട് ദിവസം കഴിഞ്ഞ് എന്നെ ഇവര്‍ വിളിച്ചു. സോറി സാര്‍, ആരെന്ന് അറിയാതെ സംസാരിച്ചതാണ് എന്നൊക്കെ പറഞ്ഞു. പ്രൊമോഷന് വരാമെന്നും പറഞ്ഞു. ഞാന്‍ പറഞ്ഞു, സാരമില്ല. പടത്തെ പിന്തുണച്ചാല്‍ മതിയെന്ന് പറഞ്ഞു. എന്നാല്‍ പ്രൊമോഷന് വരാമെന്ന് സമ്മതിച്ചയാള്‍ വന്നിട്ടില്ല. വിളിച്ചപ്പോള്‍ ഔട്ട് ഓഫ് സ്റ്റേഷന്‍ എന്നാണ് കേള്‍ക്കുന്നത്. തമിഴ് സിനിമയില്‍ ഇത്തരക്കാരെ ആവശ്യമില്ല. അവര്‍ പരിധിക്ക് പുറത്തുതന്നെ ഇരിക്കട്ടെ", സുരേഷ് കാമാക്ഷി പറഞ്ഞു.
ALSO READ : വിജയ് ആന്‍റണി നായകന്‍; 'മഴൈ പിടിക്കാത മനിതൻ' ലോകമെമ്പാടും ഇന്ന് മുതല്‍