തുറന്നടിച്ച് വീണ്ടും രാധിക ശരത്കുമാർ, 'തമിഴ് സിനിമയിലെ ഉന്നതനായ താരം യുവനടിക്ക് നേരേ ലൈംഗികാതിക്രമം നടത്തി'
രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള നടന്മാർ ആദ്യം സ്വന്തം സിനിമാ മേഖലയിലെ സ്ത്രീകളെ സംരക്ഷിക്കണമെന്നും രാധിക പറഞ്ഞു.
ചെന്നൈ: സിനിമാ മേഖലയിലുണ്ടാകുന്ന അതിക്രമങ്ങളെ കുറിച്ച് തുറന്നടിച്ച് വീണ്ടും രാധിക ശരത്കുമാർ. തമിഴ് സിനിമയിലെ ഉന്നതനായ താരം യുവനടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന് രാധിക ശരത്കുമാർ വെളിപ്പെടുത്തി. ചെന്നൈയിൽ പുതിയ സീരിയലുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിലാണ് പ്രതികരണം. യുവ നടിക്ക് നേരെയാണ് അതിക്രമമുണ്ടായത്. നടൻ മദ്യപിച്ചിട്ടുണ്ടായിരുന്നു. തന്‍റെ ഇടപെടൽ കാരണമാണ് നടിയെ രക്ഷിക്കാനായത്. ഞാൻ ആ നടനോട് കയർത്തു. പിന്നാലെ ആ പെൺകുട്ടി എന്നെ കെട്ടിപ്പിടിച്ചു, ഭാഷയറിയില്ലെങ്കിലും നിങ്ങളെന്ന രക്ഷിച്ചുവെന്ന് എനിക്ക് മനസിലായെന്നും പറഞ്ഞു. ആ പെൺകുട്ടി ഇന്നും എന്റെ നല്ല സുഹൃത്താണെന്നും രാധിക പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള നടന്മാർ ആദ്യം സ്വന്തം സിനിമാ മേഖലയിലെ സ്ത്രീകളെ സംരക്ഷിക്കണമെന്നും രാധിക കൂട്ടിച്ചേർത്തു.
ഇപ്പോൾ പ്രമുഖ നായക നടന്റെ ഭാര്യയായ താരത്തിന് നേരേ വർഷങ്ങൾക്ക് മുൻപ് ലൈംഗികാതിക്രമ ശ്രമുണ്ടായെന്നാണ് രാധികയുടെ തുറന്നുപറച്ചിൽ. മലയാള സിനിമാ മേഖലയിലാണ് പ്രശ്നങ്ങളുളളതെന്നും കോളിവുഡിൽ എല്ലാം ഭദ്രമാണെന്നും തമിഴ് സിനിമയിലെ പുരുഷ താരങ്ങൾ അവകാശപ്പെടുമ്പോഴാണ് രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തലെന്നതാണ് ശ്രദ്ധേയം.
ബലാത്സംഗക്കേസിൽ സിദ്ദിഖിന്റെയും മുകേഷിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണനയ്ക്കും
മലയാള സിനിമാ ലൊക്കേഷനിലെ കാരവാനിൽ രഹസ്യമായി ക്യാമറ വച്ച്,നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നുവെന്നും സെറ്റില്‍ പുരുഷന്‍മാര്‍ ഒന്നിച്ചിരുന്ന് ഈ ദൃശ്യങ്ങള്‍ കണ്ട് ചിരിക്കുന്നുവെന്നും നടുക്കത്തോടെയാണ് കഴിഞ്ഞ ദിവസം രാധികാ ശരത് കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിലൂടെ വെളിപ്പെടുത്തിയത്.
സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് മൊബൈലിൽ ഈ ദൃശ്യങ്ങൾ കണ്ട് ആസ്വദിക്കുന്നത് താൻ നേരിട്ട് കണ്ടു. ഭയന്നുപോയ താൻ
കാരവാനിൽ വച്ച് വസ്ത്രം മാറാതെ, ഹോട്ടൽ മുറിയിലേക്ക് പോയെന്നും രാധിക ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വലിയ നടുക്കത്തോടെ ഈ വാർത്ത പുറത്തുവന്നതിന് പിന്നാലെ ഇടപെട്ട പ്രത്യേക അന്വേഷണം സംഘം രാധികാ ശരത് കുമാറില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.സംഭവത്തില്‍ കേസെടുക്കുന്നതടക്കമുള്ള തുടര്‍ നടപടികള്‍ ശേഷമുണ്ടാകും. കാരവാനിലെ ഒളിക്യാമറയെ കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസ് അഭിമുഖത്തിന് തൊട്ടു പിന്നാലെ മോഹൻലാൽ തന്നെ ഫോണിൽ വിളിച്ചെന്നും രാധിക പറഞ്ഞു.