R N R Manohar passes away|സംവിധായകനും നടനുമായ ആര്‍ എൻ ആര്‍ മനോഹര്‍ അന്തരിച്ചു
ആര്‍ എൻ ആര്‍ മനോഹര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു.
തമിഴ് നടനും സംവിധായകനുമായ ആര്‍ എൻ ആര്‍ മനോഹര്‍ ( R N R Manohar) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചത്. 61 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
കുറച്ച് ദിവസം മുമ്പ് മനോഹറിന് കൊവിഡ് 19 രോഗം ബാധിച്ചിരുന്നു. തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്‍മിറ്റ് ആകുകയും ചെയ്‍തു. ചികിത്സയിലായിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു. ടെഡി എന്ന ചിത്രമാണ് ആര്‍ എൻ ആര്‍ മനോഹര്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ച് പ്രദര്‍ശനത്തിന് എത്തിയത്.
സഹ നടനായി ഒട്ടേറെ ചിത്രങ്ങളില്‍ മികവ് കാട്ടിയ താരമാണ് ആര്‍ എൻ ആര്‍ മനോഹര്‍. കോലങ്ങള്‍, ദില്‍, തെന്നവൻ, വീരം, സലിം, യെന്നൈ അറിന്താല്‍, വേതാളം തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ ആര്‍ എൻ ആര്‍ മനോഹര്‍ അഭിനയിച്ചിട്ടുണ്ട്. സംവിധായകനായും എഴുത്തുകാരൻ എന്ന നിലയിലും തമിഴകത്ത് വിജയം സ്വന്തമാക്കിയിരുന്നു ആര്‍ എൻ ആര്‍ മനോഹര്‍. മാസിലാമണിയാണ് ആര്‍ എൻ ആര്‍ മനോഹര്‍ ആദ്യമായി സംവിധാനം ചെയ്‍ത ചിത്രം.
തമിഴകത്തെ അഭിനേതാക്കളും ചലച്ചിത്ര സാങ്കേതികപ്രവര്‍ത്തകരും ആര്‍ എൻ ആര്‍ മനോഹറിന് ആദരാഞ്‍ജലികള്‍ അര്‍പ്പിച്ച് രംഗത്ത് എത്തി. മാസിലാമണിയില്‍ പ്രവര്‍ത്തിച്ച ഡി ഇമ്മൻ ആര്‍ എൻ ആര്‍ മനോഹറിന് ആദരാഞ്‍ജലി അര്‍പ്പിച്ചു. ആര്‍ എൻ ആര്‍ മനോഹറിന്റെ കുടുംബത്തോട് അനുശോചനം രേഖപ്പെടുത്തുന്നു. നല്ല സംവിധായകനും നല്ല വ്യക്തിയുമായിരുന്നു ആര്‍ എൻ ആര്‍ മനോഹറെന്ന് ഇമ്മൻ പറഞ്ഞു.