തമിഴ് താരം പ്രേംജി അമരന്‍ വിവാഹിതനാവുന്നു; വധുവിന് പകുതി പ്രായം
പുതിയ വിജയ് ചിത്രം 'ഗോട്ടി'ലും പ്രേംജി അമരന് വേഷമുണ്ട്
തമിഴ് സിനിമാലോകത്തുനിന്ന് മറ്റൊരു വിവാഹം കൂടി. നടനും ഗായകനും സംഗീത സംവിധായകനും പാട്ടെഴുത്തുകാരനുമൊക്കെയായ പ്രേംജി അമരനാണ് വിവാഹിതനാവുന്നത്. പ്രേംജി അമരന്‍ തന്നെയാണ് വ്യക്തിജീവിതത്തിലെ സന്തോഷവാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പുതുവത്സര ദിനത്തില്‍ അറിയിച്ചത്. ഈ വര്‍ഷം താന്‍ വിവാഹിതനാവുകയാണെന്നായിരുന്നു അറിയിപ്പ്.
വധു ആരാണെന്ന് പ്രേംജി അമരന്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും മാധ്യമങ്ങളില്‍ അത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ എത്തുന്നുണ്ട്. 44 കാരനായ പ്രേംജി അമരന്‍റെ ജീവിതത്തിലേക്ക് കൈപിടിക്കുക 22 കാരിയായ വിനൈത ശിവകുമാര്‍ ആണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇരുവര്‍ക്കുമിടയില്‍ അടുപ്പമുണ്ട്. 2022 ലെ വാലന്‍റൈന്‍സ് ദിനത്തില്‍ തങ്ങള്‍ക്കിടയിലെ ബന്ധത്തെക്കുറിച്ച് വിനൈത സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. അതേസമയം വിവാഹിതരാവുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനത്തിനുവേണ്ടി കാത്തിരിക്കുകയാണ് ഇരുവരുടെയും ആരാധകര്‍.
തമിഴിലേതിന് പുറമെ ഹിന്ദിയിലും വിനൈത പാട്ടുകള്‍ പാടിയിട്ടുണ്ട്. വെങ്കട് പ്രഭുവിനെ നായകനാക്കിയുള്ള സിനിമയിലൂടെ 1997 ല്‍ സംവിധായകനായി സിനിമയില്‍ അരങ്ങേറ്റം നടത്താന്‍ ശ്രമിച്ച ആളാണ് പ്രേംജി അമരന്‍. എന്നാല്‍ ഈ സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കിയില്ല. പിന്നീട് സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍ രാജയുടെ സഹായിയായാണ് അദ്ദേഹത്തിന്‍റെ സിനിമാപ്രവേശം. ചിമ്പു നായകനായി 2006 ല്‍ പുറത്തെത്തിയ വല്ലവന്‍ എന്ന ചിത്രത്തിലൂടെയാണ് നടനായുള്ള അരങ്ങേറ്റം. വെങ്കട് പ്രഭുവിന്‍റെ 2010 ചിത്രം ഗോവയിലെ നായക കഥാപാത്രം ഉള്‍പ്പെടെ നാല്‍പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഫഹദ് ഫാസില്‍ നായകനായ നോര്‍ത്ത് 24 കാതം എന്ന ചിത്രത്തിലൂടെ മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. വിജയ്‍യെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ദി ഗ്രേറ്റസ്റ്റ് ഓഫ് ആള്‍ ടൈം ആണ് പ്രേംജി അമരന്‍ അഭിനയിക്കുന്ന പുതിയ ചിത്രം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം