തമന്നയുടെ മലയാളം അരങ്ങേറ്റം ദിലീപിനൊപ്പം; കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ ആരംഭം: വീഡിയോ
ഉദയകൃഷ്‍ണയുടെ തിരക്കഥയില്‍ അരുണ്‍ ഗോപി സംവിധാനം
തെന്നിന്ത്യന്‍ നായികനിരയിലെ സൂപ്പര്‍താരം തമന്ന ഭാട്ടിയ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. ദിലീപ് നായകനാവുന്ന പുതിയ ചിത്രത്തിലൂടെയാണ് ഇത്. ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പൂജയും സ്വിച്ചോണും കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ വച്ച് ഇന്ന് നടന്നു. ദിലീപിന്‍റെ കരിയറിലെ 147-ാം ചിത്രമാണ് ഇത്. ഒട്ടേറെ മാസ് ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയിട്ടുള്ള ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.
സ്വിച്ചോണിന് ദിലീപ്, തമന്ന, ഉദയകൃഷ്ണ, നടന്‍ സിദ്ദിഖ് തുടങ്ങിവര്‍ എത്തിയിരുന്നു. ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ദിലീപ് നായകനായ രാമലീല എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് അരുണ്‍ ഗോപി. 2017ല്‍ പുറത്തെത്തിയ ചിത്രത്തിന്‍റെ തിരക്കഥ സച്ചിയുടേത് ആയിരുന്നു. ബോക്സ് ഓഫീസില്‍ വലിയ വിജയവുമായിരുന്നു ഈ ചിത്രം.
പുതിയ ചിത്രത്തിന്‍റെ നിര്‍മ്മാണം അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറില്‍ വിനായക അജിത്ത് ആണ്. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം. സംഗീതം സാം സി എസ്, എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ നോബിള്‍ ജേക്കബ്, കലാസംവിധാനം സുബാഷ് കരുണ്‍, സൌണ്ട് ഡിസൈന്‍ രംഗനാഥ് രവി, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ.
അതേസമയം ദിലീപിന്‍റേതായി അടുത്ത് പ്രദര്‍ശനത്തിന് ഒരുങ്ങുന്നത് റാഫി സംവിധാനം ചെയ്യുന്ന വോയിസ് ഓഫ് സത്യനാഥന്‍ ആണ്. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നീ ചിത്രങ്ങൾക്കു ശേഷം റാഫി- ദിലീപ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഇത്. ദിലീപിനൊപ്പം ജോജു ജോർജും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സിദ്ദിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ എന്നിവരും അഭിനയിക്കുന്നു. റാഫിയുടേതാണ് രചനയും. പറക്കും പപ്പന്‍, ജോഷിയുടെയും സി ബി കെ തോമസിന്‍റെയും പേരിടാത്ത ചിത്രങ്ങള്‍ എന്നിവയും ദിലീപിന്‍റേതായി പറഞ്ഞുകേള്‍ക്കുന്നുണ്ട്.
ALSO READ : ബോക്സ് ഓഫീസില്‍ ആവേശമോ നിരാശയോ? 'കോബ്ര' കേരളത്തില്‍ നിന്ന് റിലീസ് ദിനത്തില്‍ നേടിയത്