'ഇക്കാരണങ്ങളാല്‍ അവാര്‍ഡ് വിതരണ രീതിയില്‍ തെറ്റില്ല'; പ്രതികരണവുമായി സ്വാസിക വിജയ്
നിര്‍മ്മാതാവ് ജി സുരേഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ രീതിയില്‍ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇത് അവാര്‍ഡ് ജേതാക്കളെ അപമാനിക്കലാണെന്നായിരുന്നു സുരേഷ് കുമാറിന്‍റെ പ്രതികരണം. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണം അറിയിക്കുകയാണ് മികച്ച സ്വഭാവ നടിക്കുള്ള പുരസ്കാരം നേടിയ സ്വാസിക വിജയ്.
കൊവിഡ് പശ്ചാത്തലത്തില്‍ നടന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങിലെ മാറ്റത്തെ എതിര്‍ത്തും അനുകൂലിച്ചും വാദങ്ങള്‍ ഉയര്‍ന്നിരുന്നു. ജേതാക്കള്‍ക്ക് മുഖ്യമന്ത്രി നേരിട്ടു പുരസ്‍കാരം നല്‍കുന്ന പതിവിനു പകരം വേദിയിലെ മേശപ്പുറത്തു വച്ച പുരസ്കാരങ്ങള്‍ ജേതാക്കള്‍ സ്വയം എടുക്കുകയായിരുന്നു ഇത്തവണ. നിര്‍മ്മാതാവ് ജി സുരേഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ രീതിയില്‍ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇത് അവാര്‍ഡ് ജേതാക്കളെ അപമാനിക്കലാണെന്നായിരുന്നു സുരേഷ് കുമാറിന്‍റെ പ്രതികരണം. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണം അറിയിക്കുകയാണ് മികച്ച സ്വഭാവ നടിക്കുള്ള പുരസ്കാരം നേടിയ സ്വാസിക വിജയ്. കൊവിഡ് സാഹചര്യത്തിന്‍റെ ഗൗരവത്തെ ജനങ്ങളിലേക്കെത്തിക്കാന്‍ ഈ ചടങ്ങിനെ ഉപയോഗപ്പെടുത്തിയതുപോലെയാണ് തനിക്ക് തോന്നിയതെന്നും അതില്‍ തെറ്റില്ലെന്നും സ്വാസിക ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
സ്വാസികയുടെ പ്രതികരണം
"ഇപ്പോഴത്തെ കൊവിഡ് സാഹചര്യത്തില്‍ പെട്ടെന്ന് എടുത്ത ഒരു തീരുമാനമാണ് അതെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അത് തെറ്റായിട്ടുള്ള ഒരു കാര്യമല്ല. ഇപ്പോഴത്തെ ഒരു സാഹചര്യം അറിയാമല്ലോ, കൊവിഡ് മുന്‍കരുതലിന്‍റെ ഭാഗമായി സര്‍ക്കാര്‍ കര്‍ശനമായ പല മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കാറുണ്ട്. എല്ലാത്തവണത്തെയും പോലെ ഒരു ചടങ്ങിലാണ് അവാര്‍ഡുകള്‍ വിതരണം ചെയ്‍തിരുന്നതെങ്കില്‍ സര്‍ക്കാരിനു നേരെ വിമര്‍ശനം ഉണ്ടാവാന്‍ സാധ്യതയുണ്ടായിരുന്നു. ഞങ്ങള്‍ക്കു മുന്നില്‍ കര്‍ശന മാര്‍ഗനിര്‍ദേശങ്ങളൊക്കെ വച്ചിട്ട് സര്‍ക്കാര്‍ നടത്തിയ പരിപാടി കണ്ടില്ലേ എന്നാവും അപ്പോഴത്തെ വിമര്‍ശനം. അവാര്‍ഡ് വിതരണ ചടങ്ങ് ഇത്തരത്തില്‍ നടത്തിയതിലൂടെ കൊവിഡ് സാഹചര്യത്തിന്‍റെ ഗൗരവം ആളുകളിലേക്ക് കൂടുതല്‍ എത്തിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു എന്നാണ് എന്‍റെ വിലയിരുത്തല്‍. ഞങ്ങളെ സംബന്ധിച്ച് ഈ ചടങ്ങ് ഇങ്ങനെയെങ്കിലും നടത്തിയത് വലിയ കാര്യമായാണ് തോന്നുന്നത്. വെര്‍ച്വല്‍ ആയി ഒരു മീറ്റിംഗ് വച്ചിട്ട് അവാര്‍ഡ് തപാല്‍ വഴി അയക്കാമെന്ന് മുഖ്യമന്ത്രിക്ക് വേണമെങ്കില്‍ തീരുമാനം എടുക്കാമായിരുന്നു. ചുരുങ്ങിയപക്ഷം ഒരു ചടങ്ങായിത്തന്നെ സംഘടിപ്പിച്ച് ഞങ്ങളെയൊക്കെ ക്ഷണിച്ച് അവാര്‍ഡ് നല്‍കി എന്നുള്ളത് വലിയൊരു കാര്യമായിത്തന്നെയാണ് തോന്നുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍ക്കാരിന്‍റെ എന്തു തീരുമാനങ്ങളും അനുസരിക്കുക എന്നതാണ് ചെയ്യേണ്ടത്."