'ഇവര്‍ക്ക് സ്റ്റേറ്റ് അവാര്‍ഡോ നാഷണല്‍ അവാര്‍ഡോ ഉറപ്പ്'; സ്വാസിക പറയുന്നു
"അത്രയേറെ ഡെഡിക്കേഷനും പാഷനോടും കൂടി സിനിമയെ സമീപ്പിക്കുന്ന ആളാണ് ഉണ്ണി മുകുന്ദൻ"
സമീപകാല മലയാള സിനിമയില്‍ ജനപ്രീതിയില്‍ മുന്നിലെത്തിയ ചിത്രമാണ് മാളികപ്പുറം. നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് ദേവനന്ദ എന്ന ബാലതാരമാണ്. കല്യാണി എന്ന കഥാപാത്രത്തെയാണ് ദേവനന്ദ അവതരിപ്പിച്ചത്. കല്യാണിയുടെ ചങ്ങാതി പിയൂഷ് ഉണ്ണിയായി എത്തിയത് ശ്രീപദ് എന്ന ബാലതാരവുമാണ്. ചിത്രത്തെ പ്രശംസിക്കുന്ന എല്ലാവരും തന്നെ ഈ ബാലതാരങ്ങളുടെ പ്രകടനത്തെയും ശ്ലാഘിക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചും ഇവരുടെ പ്രകടനത്തെക്കുറിച്ചും പറയുകയാണ് നടി സ്വാസിക വിജയ്.
സ്വാസിക പറയുന്നു
പ്രിയപ്പെട്ട ഉണ്ണി, മാളികപ്പുറം കണ്ടു. ഇന്ന് തീയറ്ററുകളിൽ ഉണ്ണിക്ക് കിട്ടുന്ന ഈ പ്രേക്ഷക സ്വീകാര്യതയെ വളരെ അതിശയത്തോടെയാണ് എല്ലാവരും നോക്കിക്കാണുന്നത്. എന്നാൽ എനിക്ക് യാതൊരു അതിശയവുമില്ല, എനിക്കെന്നല്ല ഉണ്ണിയെ വളരെ അടുത്ത് അറിയാവുന്ന ആർക്കും യാതൊരു അതിശയവും ഉണ്ടാവാൻ സാധ്യതയില്ല. അത്രയേറെ ഡെഡിക്കേഷനും പാഷനോടും കൂടി സിനിമയെ സമീപ്പിക്കുന്ന ആളാണ് ഉണ്ണി മുകുന്ദൻ. ഉണ്ണിയെ ഒരിക്കൽ ഇതുപോലെ മലയാളി പ്രേക്ഷകർ നെഞ്ചോട് ചേർക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. നാലുവർഷം മാളികപ്പുറമായ എന്നെ ആ പഴയ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയതിന് ഉണ്ണിക്കും സംവിധായകൻ വിഷ്ണുവിനും തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയ്ക്കും നന്ദി. ഇനി മലകയറാൻ 50 വയസ്സ് വരെ കൊതിയോടെ കാത്തു നിൽക്കാനുള്ള ഭക്തി തന്നതിന് അതിലേറെ നന്ദി 🤗. സിനിമ കണ്ടു കഴിഞ്ഞപ്പോൾ മനസ്സിലുള്ള അയ്യപ്പന്റെ രൂപം ഉണ്ണിയുടെ രൂപം ആയി മാറി. ഈ ചിത്രത്തിലെ പ്രകടനങ്ങൾക്ക് ഇതിലെ ബാലതാരങ്ങൾക്ക് സ്റ്റേറ്റ് അവർഡോ നാഷണൽ അവാർഡോ തീർച്ഛയായും ഉറപ്പാണ്. അതിനുള്ള എല്ലാ ഭാഗ്യവും അവർക്ക് ലഭിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. ഉണ്ണിയുടെ എല്ലാ സമയത്തും കൂടെ നിന്ന ആള് എന്ന നിലയിൽ ഉണ്ണിയുടെ ഈ വളർച്ച എനിക്കും ഒരുപാട് അഭിമാനം തരുന്നു. മനസ് നിറച്ച മാളികപ്പുറം. ചിത്രം തിയറ്ററില്‍ തന്നെ കാണുക.