'ഞാനിന്ന് എല്ലാവര്‍ക്കും പ്രിയപ്പെട്ട ശിവേട്ടനായതിന്റെ കാരണം ഷഫ്‌ന', സജിനുമായി അഭിമുഖം

സോഷ്യല്‍മീഡിയയിലെ സപ്പോര്‍ട്ട് കണ്ടിട്ട് തനിക്കുതന്നെ അതിശയം മാറാറില്ല എന്നും സജിൻ പറയുന്നു.

swanthanam fame Sajin interview

ഇന്ന് മലയാളത്തിലെ ഏറ്റവും ഹിറ്റ് പരമ്പരയാണ് സാന്ത്വനം. രജപുത്ര വിഷ്വല്‍ മീഡിയയുടെ പ്രൊഡക്ഷനില്‍ ചിപ്പി രഞ്‍ജിത്ത് നിര്‍മ്മാണം നിര്‍വഹിക്കുന്ന പരമ്പര പ്രേക്ഷകപ്രിയം നേടിയത് വളരെ പെട്ടെന്നായിരുന്നു. പരമ്പരയിലെ പ്രധാന കഥാപാത്രം ആരാണെന്നതാണ് എല്ലാവര്‍ക്കും സംശയമുള്ള കാര്യം.  എല്ലാ അഭിനേതാക്കള്‍ക്കും തുല്യ പ്രാധാന്യമുള്ള പരമ്പരയില്‍ ആരാധകര്‍ക്ക് ഒരല്‍പം ഇഷ്‍ടം കൂടുതലുള്ളത്  ദമ്പതികളായ ശിവനോടും അഞ്‍ജലിയോടുമാണ്. ശിവാഞ്‍ജലി ഇഫക്ട് എന്നാണ് ഇരുവരേയും ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്നത്. പരമ്പരയില്‍ ശിവനായെത്തി മലയാളികളുടെ പ്രിയപ്പെട്ട ശിവേട്ടനായി മാറിയ സജിന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു. ബിധുൻ നടത്തിയ അഭിമുഖം.swanthanam fame Sajin interview

ഇത്രനാള്‍ ശിവേട്ടന്‍ എവിടെയായിരുന്നു?

എല്ലാവരും സോഷ്യല്‍മീഡിയയിലൂടെ ചോദിക്കുന്ന ചോദ്യം ഇത്രയും നാള്‍ എവിടെയായിരുന്നുവെന്നാണ്. അഭിനയിക്കാതെ മാറിനിന്നത് എന്തിനാണെന്നാണ് ആളുകള്‍ ഉദ്ദേശിക്കുന്നത്. സത്യസന്ധമായി പറഞ്ഞാല്‍ ഇത്രനാള്‍ ഒരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നു. ഒന്നും ശ്രമിക്കാതിരുന്നിട്ടല്ല. ഒന്നും ശരിയാകുന്നില്ലായിരുന്നു. തമിഴില്‍ 'മായ' എന്ന പരമ്പരയുടെ ചെറിയൊരു ഭാഗമായെങ്കിലും ആ പരമ്പര നൂറിനടുത്ത് എപ്പിസോഡുകള്‍ മാത്രമേ സംപ്രേഷണം ചെയ്തുള്ളു. അങ്ങനെ എവിടേയും എത്താതെ ഇത്രയുംനാള്‍ ശ്രമം തുടരുകയായിരുന്നു.

ഒരു സിനിമയില്‍ അഭിനയിച്ചെങ്കിലും അതും വേണ്ടത്ര ശ്രദ്ധ നേടിയില്ല. സിനിമയ്ക്കുശേഷം വലിയൊരു ഇടവേള എടുക്കേണ്ടതായും വന്നു. എല്ലാവരും നാണക്കാരനെന്ന് പറയാറുണ്ടെങ്കിലും, ഇത്രനാള്‍ അഭിനയിക്കാതെയിരുന്നത് നാണം കൊണ്ടായിരുന്നില്ല. അവസരത്തിന്റെ അഭാവം മൂലമായിരുന്നു. എന്നാലും ഒന്നിനോടും പരിഭവമില്ല. എല്ലാത്തിനും അതിന്റേതായ സമയം ഉണ്ടെന്നല്ലെ പറയാറ്.swanthanam fame Sajin interview

അച്ഛനില്‍ നിന്നാണ് സിനിമാകമ്പത്തിന്റെ തുടക്കം

ആര്‍ക്കും സിനിമാപശ്ചാത്തലമൊന്നും ഇല്ലാത്ത കുടുംബമാണ് എന്റേത്. ആകെയുള്ള സിനിമാബന്ധം അച്ഛന്റെ സിനിമാ സ്‌നേഹമാണ്. ജീവിതത്തിന്റെ മുഖ്യപങ്കും വിദേശത്തായിരുന്നെങ്കിലും അച്ഛന്‍ നാട്ടിലെത്തിയാല്‍ എല്ലാ സിനിമയ്ക്കും പോകാറുണ്ടായിരുന്നു. ഒറ്റയ്ക്കല്ല ഞങ്ങളേയുംകൂട്ടിയാണ് പോകാറുള്ളത്. അങ്ങനെയാകണം സിനിമയോടുള്ള ഇഷ്‍ടം കുട്ടിക്കാലംതൊട്ടേ മനസ്സില്‍ കയറിക്കൂടിയത്. അഭിനയമാണ് താല്‍പര്യം എന്നത് ഭംഗിക്ക് പറയുന്ന ഒന്നല്ലായിരുന്നു. പാഷന്‍, ജീവിതം എല്ലാം ഇത്രയുംകാലം അഭിനയം തന്നെയാണ്. ഇനിയും അത് അങ്ങനെ തന്നെയായിരിക്കും.

അച്ഛനും സിനിമയോട് ആഭിമുഖ്യം ഉള്ളതിനാല്‍ എന്റെ നടനാകണം എന്ന സ്വപ്‌നത്തിന് ഏറ്റവുമധികം സപ്പോര്‍ട് തന്നിട്ടുള്ളതും അച്ഛനാണ്. പ്രായംകൂടിയെന്ന് ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കാതെ ഞാനൊരു നടനായി കാണണം എന്ന് ഏറെ ആഗ്രഹിച്ചത് അച്ഛനാണെന്ന് പറയാം. ഞാന്‍ അച്ഛനുമായുള്ള സംസാരം കുറവാണ്, കാര്യങ്ങള്‍ മിക്കതും അമ്മ മുഖാന്തരമാണ് നടക്കാറുള്ളത്. എന്നാലും ഒന്നും മിണ്ടാതെതന്നെ പരസ്പരം സ്‌നേഹം കൈമാറാന്‍ ഞങ്ങള്‍ക്ക് കഴിയാറുണ്ട്.

അഭിനയമല്ലാതെ മറ്റൊന്നും എനിക്കറിയില്ല

ചില ആളുകള്‍ പറയാറില്ലെ, എനിക്ക് ഡോക്ടറാകണം പൈലറ്റാകണം എന്നെല്ലാം. പക്ഷെ എനിക്കത് ചെറുപ്പം മുതലേ നടനാകണം എന്നുതന്നെയായിരുന്നു. ആളുകളോട് സംസാരിക്കുന്നതിനും സ്‌റ്റേജില്‍ കയറുന്നതുമെല്ലാം നാണവും സ്‌റ്റേജ്‌ഫ്രൈറ്റും (സഭാകമ്പം) ഉണ്ടായിരുന്നെങ്കിലും അഭിനയം എന്നത് തന്നെയായിരുന്നു പാഷന്‍. ഈയൊരു മേഖലയിലേക്ക് എത്തിപ്പെട്ടില്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്നുപോലും ആലോചിക്കാന്‍ എനിക്ക് പറ്റില്ല. അഭിനയത്തില്‍ അത്രമാത്രം ഇന്‍വെസ്റ്റ് ചെയ്‍തിട്ടുണ്ട്.

വളരെ കാലമായിട്ട് ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതുമെല്ലാം അഭിനയത്തിനുവേണ്ടിയാണ്. ഒരിക്കല്‍ കൂട്ടുകാരൊന്നിച്ച് ഡാന്‍സിനുവേണ്ടി സ്‌റ്റേജില്‍ കയറി എന്നതൊഴിച്ചാല്‍ കോളേജിലെ സ്‌റ്റേജനുഭവങ്ങളൊന്നും പറയത്തക്കതായിട്ടില്ല. പ്രസംഗിക്കാനും മറ്റുമായിട്ട് കൂട്ടുകാരൊക്കെ സ്റ്റേജില്‍ കയറുമ്പോള്‍ ഞാന്‍ ശരിക്കും അതിശയിക്കുന്നത്, എനിക്ക് എന്തുകൊണ്ട് പറ്റുന്നില്ലായെന്നാണ്. ഒരാളോട് ആദ്യമായി സംസാരിക്കുമ്പോളാണ് മിക്കപ്പോഴും എനിക്ക് ചമ്മലൊക്കെ വരാറുള്ളത്. എന്നെ അടുത്തറിയുന്ന ആളുകളോടുള്ള എന്റെ പെരുമാറ്റം കണ്ടാല്‍ ഞാന്‍തന്നെയാണോ അതെന്ന് ചിലപ്പോള്‍ തോന്നിപ്പോകും. അത്ര ഫ്രണ്ട്‌ലിയാണ് ഞാന്‍.

നാനയും സിനിമാമംഗളവും സ്വപ്‌നത്തിന്റെ ഭാഗമാകുന്നു

സിനിമയോട് കൂടുതല്‍ അടുക്കുക എന്നത് എന്റെ സ്‌ക്കൂള്‍കാലത്തും മറ്റും സിനിമാ വാരികകളായിരുന്നു. സോഷ്യല്‍മീഡിയ ഒന്നും ഇത്ര കാര്യക്ഷമമല്ലാതിരുന്ന കാലത്ത് സിനിമാക്കാരുടെ വിശേഷങ്ങളറിയാനും പുതുമുഖങ്ങളെ തിരയുന്നു എന്ന തലക്കെട്ട് കാണാനും വാരികകള്‍ തന്നെയായിരുന്നു ആശ്രയം. അഭിനേതാക്കളെ ആവശ്യമുണ്ടെന്ന വിലാസത്തിലേക്കെല്ലാം നിരത്തിപ്പിടിച്ച് ഫോട്ടോയും വിവരങ്ങളും അയക്കലായിരുന്നു അന്നത്തെ പ്രധാന പണി. പിന്നെ എല്ലാത്തിനും ഒരു സമയമുണ്ട് എന്നല്ലെ. ആദ്യത്തെ സിനിമയിലേക്ക് എത്തിച്ചേര്‍ന്നതും അത്തരത്തില്‍ തന്നെയാണ്.

.swanthanam fame Sajin interview

'ഡിഗ്രിക്കാലത്തെ പ്ലസ്‍ടു'

ഡിഗ്രി പഠിക്കുന്ന സമയത്താണ് പ്ലസ് ടു എന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരം കിട്ടുന്നത്. അതൊരു ലൈഫ്‌ചേഞ്ചിംഗ് ആയിരുന്നു എന്നുപറയാം. അവസരം കിട്ടി എന്നല്ല, വാങ്ങിയെടുത്തു എന്നുവേണം പറയാന്‍. സിനിമാവാരികകളിലെ കാസ്റ്റിംങ് കോളിലേക്ക് ഫോട്ടോയും വിവരങ്ങളും അയച്ച്, ഓഡീഷനിലൂടെയാണ് ചിത്രത്തിലേക്കെത്തിയത്. നായകന്റെ കൂടെയുള്ള രഞ്‍ജിത്ത് എന്ന സഹപാഠിയുടെ വേഷമായിരുന്നു പ്ലസ്‍ടുവിലേത്.

ഒട്ടും പ്രതീക്ഷിക്കാതെയാണ് ചിത്രത്തിലേക്ക് എത്തിയത്. അതുപോലെതന്നെ ചിത്രത്തിനുശേഷം വലിയ ബ്രേക്ക് എടുക്കേണ്ടതായും വന്നു. പ്ലസ്‍ടുവില്‍ അഭിനയിച്ചിരുന്നു എന്ന് പറയുമ്പോള്‍ സിനിമ കണ്ട ആളുകള്‍വരെ ഒരുപാട് ചിന്തിക്കും. അന്നത്തെ ഞാനും ഇന്നത്തെ ഞാനും രൂപത്തില്‍ ചെറിയ മാറ്റമേ ഉള്ളുവെങ്കിലും എന്റെ താടി ആളെ മനസ്സിലാക്കാന്‍ പറ്റാത്ത തരത്തിലാക്കിയിട്ടുണ്ട്. എന്നാലും സോഷ്യല്‍മീഡിയ അതൊക്കെ തപ്പിപ്പിടിച്ചിട്ടുണ്ട്.swanthanam fame Sajin interview

സഹനായകന്‍ നായികയെ പ്രണയിക്കുമ്പോള്‍

പ്ലസ്‍ടു ചിത്രത്തിലെ അഭിനയമായിരുന്നു ജീവിതത്തിലെ ശരിക്കുള്ള വഴിത്തിരിവ്. സിനിമാസെറ്റില്‍വച്ചാണ് ഷഫ്‌നയെ ആദ്യമായി കാണുന്നത്. നായികയായ മീനാക്ഷിയായിട്ടായിരുന്നു ചിത്രത്തില്‍ ഷഫ്‌നയെത്തിയത്. സിനിമ കഴിഞ്ഞതോടെ പ്രണയവും സീരിയസായി മാറിക്കഴിഞ്ഞിരുന്നു. ഡിഗ്രി കഴിഞ്ഞതോടെ പ്രണയവും പാഷനും ഒരുപോലെ സീരിയസായിമാറി എന്നുവേണം പറയാന്‍. പിന്നീട് അഭിനയത്തിലേക്കുള്ള വഴി കണ്ടെത്തലും ജീവിച്ചുപോകാനുള്ള വഴി തിരയലുമായിരുന്നു പ്രധാനപ്പെട്ടത്.

അങ്ങനെ പ്രണയസാക്ഷാത്‍കാരത്തിന്റേയും അഭിനയസാക്ഷാത്‍കാരത്തിന്റേയും മുന്നോടിയായി കാര്‍ ഷോറൂമിലെ ജോലിക്കാരനായും കാറ്ററിംഗ് ബോയിയായും മെഡിക്കല്‍ റപ്രസന്റേറ്റീവായും ഒരുപാടുകാലം ജോലി ചെയ്‍തിട്ടുണ്ട്. മുന്നേ പറഞ്ഞതുപോലെതന്നെ അപ്പോഴും മനസ്സില്‍ അഭിനയം മാത്രമായിരുന്നു. രണ്ടായിരത്തി പതിമൂന്നിലായിരുന്നു ഷഫ്‌നയുടേയും എന്റേയും വിവാഹം. 11.12.13ന്. രണ്ടായിരത്തിപതിമൂന്ന് ഡിസംബര്‍ പതിനൊന്നിനായിരുന്നു വിവാഹം. അതുകൊണ്ടുതന്നെ ഡേറ്റ് എപ്പോഴും മനസ്സിലുണ്ടാകും.

ഷഫ്‌നയിലൂടെ ശിവേട്ടനാകുന്നു

ഞാനിന്ന് എല്ലാവര്‍ക്കും പ്രിയപ്പെട്ട ശിവേട്ടനായതിന്റെ മുഖ്യകാരണം ഷഫ്‌ന തന്നെയാണ്. ഞാനൊരു അറിയപ്പെടുന്ന നടനാകണം എന്ന് ഏറ്റവുമധികം ആഗ്രഹിക്കുന്ന ചിലരില്‍ പ്രധാനപ്പെട്ടയാളും ഷഫ്‌നയാണ്. ഷഫ്‌നയുടെ സിനിമാ-സീരിയല്‍ ബന്ധങ്ങളിലൂടെയാണ് ഞാനും ഇവിടേക്ക് എത്തിച്ചേര്‍ന്നതും. സാന്ത്വനത്തിന്റെ ഓഡീഷന് പോകുന്നത് ഷഫ്‌നയുടെ പരിചയക്കാന്‍ വഴിയാണ്. ഇപ്പോഴും ഞാനഭിനയിച്ച പരമ്പരയിലെ ഭാഗങ്ങള്‍കണ്ട് ഷഫ്‌ന കരയുന്നതും സന്തോഷിക്കുന്നതുമെല്ലാം ഞാന്‍ ആസ്വദിക്കാറുണ്ട്.

വീട്ടില്‍ എല്ലാവരുടയുംകൂടെ സീരിയല്‍ കാണാന്‍ എനിക്കിപ്പോഴും മടിയാണ്. എന്റെ അഭിനയം എത്രമാത്രം നല്ലതാണ്, അവരെന്താകും അഭിനയത്തെപ്പറ്റി കരുതുക എന്നതെല്ലാമാണ് മടിയുടെ പ്രധാനഘടകം. അവരുടെകൂടെ കാണാറില്ലെങ്കിലും അഭിനയിച്ച എപ്പിസോഡുകള്‍ ഞാന്‍ തനിച്ചിരുന്ന് കാണാറുണ്ട്. അതുപോലെ എന്റെ അഭിനയം വീട്ടുകാരും വേണ്ടപ്പെട്ടവരെല്ലാം സ്‌നേഹത്തോടെ സ്വീകരിക്കുന്നു എന്ന് അറിയാറുമുണ്ട്.

സോഷ്യല്‍മീഡിയ എന്നെ ശിവേട്ടനാക്കി, പിന്നെ 'അച്ഛനും'

എനിക്കൊരു മകളുണ്ടെന്നാണ് പലരുടേയും സംശയം. ശരിക്കുപറഞ്ഞാല്‍ യൂട്യൂബ് ചാനലുകളാണ് എന്നെ അച്ഛനാക്കിയതെന്ന് പറയാം. എന്റെ ഫാമിലിയിലെ ഏതെങ്കിലും കുട്ടികളെ എടുത്തുനില്‍ക്കുന്ന ചിത്രങ്ങളെല്ലാം എടുത്ത് എന്റെ മകളാണ് എന്നാണ് യൂട്യൂബേഴ്‌സ് പറയുന്നത്. അത് പലപ്പോഴും എന്റെ ഏട്ടന്റെ കുട്ടിയോ ഷഫ്‌നയുടെ അടുത്തബന്ധത്തിലുള്ള കുട്ടികളോ ആകും. അതുകൊണ്ടുതന്നെ പലയിടത്തും എന്റെ മകളുടെ ചിത്രം പലതാണെന്നതാണ് മറ്റൊരു വസ്‍തുത.

കാര്യങ്ങള്‍ സോഷ്യല്‍മീഡിയ ഇങ്ങനെയെല്ലാം ചെയ്‍തിട്ടുണ്ടെങ്കിലും അവരാണ് ശിവേട്ടനെ വളര്‍ത്തിയതെന്നുവേണം പറയാന്‍. അവര്‍ തരുന്ന സപ്പോര്‍ട്ട് ഒരിക്കലും മറക്കാനാകാത്തതാണ്. ഒരു പരിചയവും ഇല്ലാത്ത എത്ര ആളുകളാണ് ശിവേട്ടനായി എന്നെ സ്‌നേഹിക്കുന്നത്. ഒരു പരമ്പരയിലേക്കെത്തുമെന്നോ, ഇത്തരത്തില്‍ പൊതുസമ്മതി കിട്ടുമെന്നോ ഒന്നും ഞാന്‍ സ്വപ്‌നത്തില്‍പോലും കരുതിയിട്ടില്ല. രഞ്‍ജിത്തേട്ടന്‍, ചിപ്പിചേച്ചി, ആദിത്യന്‍സാര്‍ (ഡയറക്ടര്‍ ആദിത്യന്‍) എന്നിവരാണ് എല്ലാത്തിന്റേയും അടിസ്ഥാനം.swanthanam fame Sajin interview


സാന്ത്വനം ഷൂട്ടിംഗ് സെറ്റാണ് എല്ലാമെല്ലാം

സിനിമ എന്നുപറഞ്ഞുമാത്രം മുന്നോട്ട് പോയിരുന്ന എന്നെ സാന്ത്വനത്തിലേക്ക് വലിച്ചടുപ്പിച്ചത് അതിലെ ആളുകളാണ്. അതിപ്പോള്‍ ക്യാമറയ്ക്ക് മുന്നിലുള്ളവരും പിന്നിലുള്ളവരും എല്ലാവരും ഒരുപോലെതന്നെ. ഓഡീഷന് പോയത് ഇപ്പോഴും ഓര്‍മ്മയുണ്ട്. സെലക്ടാവുമോ എന്ന് ഒട്ടും ഉറപ്പില്ലായിരുന്നു. രഞ്‍ജിത്തേട്ടനൊക്കെയായിരുന്നു സെലക്ഷന്‍ ടീമിലുള്ളത്. ചിലതൊക്കെ അഭിനയിച്ച് കാണിക്കാന്‍ പറഞ്ഞു. ഞാന്‍ എന്താണ് ചെയ്‍തതെന്ന് എനിക്കോര്‍മ്മയില്ല. ഒരുപക്ഷേ അവര്‍ക്ക് വേണ്ട കഥാപാത്രമായി എന്നെ തോന്നിയിരിക്കും. അഭിനേതാക്കളുടെ കഴിവ് പകുതിയില്‍ കുറവ് മാത്രമാണ്. തിരക്കഥാകൃത്ത് സംവിധായകന്‍ എന്നിവരാണല്ലോ നമ്മളെ നമ്മളാക്കി മാറ്റുന്നത്.

ചിപ്പിചേച്ചിയെപോലുള്ള സീനിയര്‍ താരങ്ങളോടൊപ്പം അഭിനയിക്കാന്‍ സാധിക്കുക എന്നതുതന്നെ വലിയ കാര്യമാണ്. അതുപോലെതന്നെ രാജീവേട്ടന്‍ (രാജീവ് പരമേശ്വരന്‍), അദ്ദേഹമൊക്കെ ഒരുപാട് പരമ്പരകള്‍ ചെയ്‍തിട്ടുള്ള ആളാണ്. അവരുടെകൂടെ അഭിനയിക്കുന്നത് ആദ്യമൊക്കെ പേടിയായിരുന്നു. പക്ഷെ എല്ലാവരും സൂപ്പര്‍ കൂളാണ്. പ്രത്യേകിച്ചും ചിപ്പിചേച്ചി. ഞാന്‍ കുട്ടിയായിരുന്ന കാലംമുതലേ സ്‌ക്രീനില്‍കാണുന്ന ആളാണ്. അതിന്റെ ബഹുമാനം നമ്മള്‍ അങ്ങോട്ട് കൊടുത്താലും അതിലൊന്നും വലിയ കാര്യമില്ല എന്ന രീതിയിലാണ് ചേച്ചി പെരുമാറുന്നത്. സെറ്റില്‍ എല്ലാവരും ആഘോഷം മൂഡാണ്. ആര്‍ക്കും സീനിയര്‍ ജൂനിയര്‍ തരംതിരിവൊന്നുമില്ല.swanthanam fame Sajin interview

'കെയര്‍ ഫസ്റ്റ്, ഷൂട്ട് നെക്സ്റ്റ്' പോളിസി

കൊവിഡിന്റെ രണ്ടാംതരംഗം വന്നപ്പോള്‍ ആദ്യംതന്നെ നിര്‍ത്തിവയ്‌ക്കേണ്ടിവന്ന പരമ്പര സാന്ത്വനമാണ്. അത്രപോലും എപ്പിസോഡുകള്‍ സ്റ്റോക്ക് ഉണ്ടായിരുന്നില്ല. മാസത്തില്‍ പതിനഞ്ച് ഇരുപത് ദിവസം ഷൂട്ട് ഉണ്ടാകാറുള്ളപ്പോഴാണ് അങ്ങനെ പറ്റിയത്. ഇപ്പോള്‍ ഷൂട്ട് വീണ്ടും ആരംഭിച്ചിട്ടുണ്ട്. സംപ്രേഷണം ഇനിയും മുടങ്ങരുതെന്ന് എല്ലാവരും ആത്മാര്‍ത്ഥമായി ആഗ്രഹിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും 'കെയര്‍ ഫസ്റ്റ്, ഷൂട്ട് നെക്സ്റ്റ്' പോളിസിയാണ് ഉള്ളതെന്ന് പറയാം. ഷൂട്ട് തുടങ്ങുന്നതിന്റെ തലേന്നുതന്നെ എല്ലാവരുടേയും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് എടുക്കുകയും പ്രശ്‌നമൊന്നുമില്ല എന്ന് അറിഞ്ഞാല്‍ മാത്രമാണ് ഷൂട്ട് ആരംഭിക്കുകയും ചെയ്യുന്നത്.

കേരള സര്‍ക്കാര്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ നിര്‍ദേശിച്ചിട്ടുള്ള ശനി ഞായര്‍ ദിവസങ്ങളില്‍ ഞങ്ങള്‍ ഷൂട്ടിനും ബ്രേക്കിടും. ഒരു വീട്ടിനകത്തല്ലേ ഷൂട്ട് നടക്കുന്നത്. അതുകൊണ്ട് ഷൂട്ടിന് തടസമില്ലല്ലോ എന്നെല്ലാം പലരും പറയാറുണ്ടെങ്കിലും ഇവിടെ ഇങ്ങനെയാണ്. ''കെയര്‍ ഫസ്റ്റ്, ഷൂട്ട് നെക്സ്റ്റ്''.

സാന്ത്വനം പോലുള്ള കുടുംബം

തൃശൂര്‍ അന്തിക്കാടാണ് സ്വന്തം വീട്. സാന്ത്വനം വീടുപോലുള്ള സന്തോഷം നിറഞ്ഞ വീടാണ് എന്റേതും. അച്ഛന്‍ പുഷ്‍പന്‍ വിദേശത്തായിരുന്നു. എനിക്ക് അറിവുവച്ച കാലം മുതലേ അച്ഛന്‍ പുറത്തായിരുന്നു. അതുകൊണ്ടാകണം നേരത്തേ പറഞ്ഞതുപോലെ അച്ഛനുമായുള്ള സംസാരത്തില്‍ കുറവ് വന്നതും. അമ്മയുമായി കുറച്ചധികം അടുത്തതും. അമ്മയുടെ പേര് അംബിക. പിന്നെ എന്റെ അഭിനയമോഹത്തിന് എപ്പോഴും താങ്ങായി നിന്നിട്ടുള്ള ഏട്ടന്‍ നിഥിന്‍. ഏട്ടനും വിദേശത്താണ്. ഞാന്‍ അഭിനയം എന്നുപറഞ്ഞ് നടക്കുന്നകാലത്തും എന്നെ വഴക്കുപറയാതെ ഏറെ സപ്പോര്‍ട്ട് തന്നിട്ടുള്ളത് ഏട്ടന്‍ തന്നെയാണ്.

ഇപ്പോള്‍ കേരളം മുഴുവനായും കുടുംബമാണെന്ന് തോന്നാറുണ്ട്. കൊവിഡ് കാലമായതിനാല്‍ മിക്കവരും സോഷ്യല്‍മീഡിയയിലൂടെയും ഫോണിലൂടെയുമാണ് ആളുകളുടെ സ്‌നേഹം കിട്ടുന്നത്. സോഷ്യല്‍മീഡിയയിലെ സപ്പോര്‍ട്ട് കണ്ടിട്ട് എനിക്കുതന്നെ അതിശയം മാറാറില്ല. ആദ്യമൊക്കെ എല്ലാവരുടേയും മെസേജിനൊക്കെ റിപ്ലേ കൊടുക്കുമായിരുന്നു. വരുന്ന മെസേജുകളുടെ എണ്ണം കൂടിയതോടെ റിപ്ലേ കൊടുക്കല്‍ വിരളമായി. എങ്കിലും എല്ലാവരുടേയും സ്‌നേഹം അറിയാറുണ്ട്. ചിലരൊക്കെ ഷൂട്ട് നടക്കുന്ന ഇടത്തേക്ക് വരാന്‍ ശ്രമിക്കാറുണ്ട്. ശിവേട്ടനെ മാത്രം കാണാനല്ല. സാന്ത്വനത്തിലെ എല്ലാവരും അവര്‍ക്ക് കുടുംബത്തെ പോലെയാണ്. പക്ഷെ ഈയൊരു സമയത്ത് നമുക്ക് അതൊന്നും അനുവദിക്കാന്‍ തരമില്ലല്ലോ. എല്ലാവരും സര്‍ക്കാര്‍ പറയുന്നതുകേട്ട് ആരോഗ്യം സൂക്ഷിച്ച് ജീവിക്കണമെന്നേ പറയാനുള്ളു. പിന്നേ ഇത്രനാള്‍ കിട്ടിയ സപ്പോര്‍ട്ട് ഇനിയും മുന്നോട്ട് തരണം. നിങ്ങളെല്ലാവരുമാണല്ലോ ഞങ്ങളുടെ കരുത്ത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
 

Latest Videos
Follow Us:
Download App:
  • android
  • ios