'ഓരോ മുറിവിനും ഓരോ കഥയുണ്ട് '; തീപ്പൊരിയാകാൻ സൂര്യ, 'കങ്കുവ' വൻ അപ്ഡേറ്റ്
മലയാളം ഉൾപ്പടെ 10 ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക.
കഴിഞ്ഞ കുറേക്കാലമായി തമിഴ് സിനിമാസ്വാദകർ കാത്തിരിക്കുന്ന സിനിമയാണ് 'കങ്കുവ'. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നടൻ സൂര്യ ആണ് നായകനായി എത്തുന്നത്. സൂര്യയുടെ കരിയറിലെ 42ാമത് ചിത്രം കൂടിയായ കങ്കുവയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ ഞൊടിയിട കൊണ്ടാണ് ശ്രദ്ധനേടുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ വൻ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്കുമായി ബന്ധപ്പെട്ടാണ് പുതിയ അപ്ഡേറ്റ്. ജൂലൈ 23ന് കങ്കുവയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിടും. 'ഓരോ മുറിവിനും ഓരോ കഥയുണ്ട്! രാജാവ് എത്തുന്നു', എന്നാണ് ഫസ്റ്റ് ലുക്ക് വിവരം പങ്കുവച്ച് അണിയറ പ്രവർത്തകർ കുറിച്ചിരിക്കുന്നത്. സൂര്യ ചിത്രത്തിനായി കാത്തിരിക്കുന്ന പ്രേക്ഷകരെ ഒന്നടങ്കം ആവേശത്തിൽ ആഴ്ത്തിയിരിക്കുകയാണ് പുതിയ അപ്ഡേറ്റ് ഇപ്പോൾ.
അതേസമയം, മലയാളം ഉൾപ്പടെ 10 ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. വെട്രി പളനിസാമി ഛായാഗ്രഹണവും നിഷ്ദ് യൂസഫ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. രജനീകാന്ത് നായകനായ അണ്ണാത്തെയ്ക്കു ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
കഴിഞ്ഞ വര്‍ഷം ആണ് കങ്കുവ പ്രഖ്യാപിച്ച് കൊണ്ടുള്ള മോഷൻ പോസ്റ്റര്‍ പുറത്തുവിട്ടത്. ഇത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 3Dയില്‍ ആയിരിക്കും ചിത്രം റിലീസ് ചെയ്യുക. ഇ വി ദിനേശ് കുമാറുമാണ് പ്രൊഡക്ഷൻ കോര്‍ഡിനേറ്റര്‍. 'കങ്കുവാ' എന്ന സിനിമയുടെ സെറ്റുകളില്‍ നിന്നുള്ള വീഡിയോകളും ചിത്രങ്ങളും ഷെയര്‍ ചെയ്യരുത് എന്ന് ആവശ്യപ്പെട്ട് കുറിപ്പുമായി ചിത്രത്തിന്റെ നിര്‍മാതാക്കള്‍ രംഗത്ത് എത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..