'സൂര്യ 44': രണ്ടാം ഷെഡ്യൂള്‍ ഊട്ടിയില്‍ ആരംഭിച്ചു
സന്തോഷ് നാരായണനാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍
തമിഴ് സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് സൂര്യയെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രം. ആന്‍ഡമാനിലായിരുന്നു ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂള്‍. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം ചിത്രത്തിന്‍റെ രണ്ടാം ഷെഡ്യൂള്‍ ആരംഭിച്ചിരിക്കുകയാണ് കാര്‍ത്തിക് സുബ്ബരാജും സംഘവും. ഊട്ടിയാണ് രണ്ടാം ഷെഡ്യൂളിലെ ലൊക്കേഷന്‍.
ഒരു പിരീഡ് ആക്ഷന്‍ ലവ് ആക്ഷന്‍ ഡ്രാമയാണ് ചിത്രമെന്നാണ് കരുതപ്പെടുന്നത്. വന്‍ ഹൈപ്പ് ആണ് സിനിമാപ്രേമികള്‍ക്കിടയില്‍ ചിത്രത്തിന്. പുറത്തെത്തുന്ന അപൂര്‍വ്വം പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ക്ക് ലഭിക്കുന്ന പ്രതികരണം അതിന് തെളിവാണ്. സൂര്യയുടെ പിറന്നാള്‍ ആയിരുന്ന ഈ മാസം 23 ന് പുറത്തുവിട്ട വീഡിയോയും സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ത്തിരുന്നു. സൂര്യയുടെ കരിയറിലെ 44-ാം ചിത്രമായ സിനിമയുടെ പേര് ഇനിയും പ്രഖ്യാപിച്ചിട്ടില്ല. പൂജ ഹെഗ്ഡെ നായികയാവുന്ന ചിത്രത്തില്‍ ജയറാം, ജോജു ജോര്‍ജ്, കരുണാകരന്‍, സുജിത്ത്, തമിഴ്, പ്രേംകുമാര്‍, സന്ദീപ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സന്തോഷ് നാരായണനാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. ഛായാഗ്രഹണം ശ്രേയസ് കൃഷ്ണ, എഡിറ്റിംഗ് ഷഫീഖ് മുഹമ്മദ് അലി. മാര്‍ച്ച് 28 ന് പ്രഖ്യാപിച്ച ചിത്രമാണ് ഇത്. ലവ് ലാഫ്റ്റര്‍ വാര്‍ എന്നാണ് ചിത്രത്തിന്‍റെ ടാഗ് ലൈന്‍.
അതേസമയം സൂര്യയുടെ മറ്റൊരു ചിത്രവും ആരാധകര്‍ക്കിടയില്‍ വലിയ പ്രതീക്ഷ ഉയര്‍ത്തിയിട്ടുണ്ട്. ശിവ സംവിധാനം ചെയ്യുന്ന കങ്കുവയാണ് അത്. ഫാന്‍റസി ആക്ഷന്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഒന്നാണ്. ആദ്യം തിയറ്ററില്‍ എത്തുക കങ്കുവയാണ്. ഒക്ടോബര് 10 ന് ചിത്രം തിയറ്ററുകളില്‍ എത്തും. പാന്‍ ഇന്ത്യന്‍ റിലീസ് ആയി വിവധ ഭാഷകളിലാണ് ചിത്രം എത്തുക.