പള്ളിയുടേയോ മോസ്കിന്‍റേയോ പണം എടുത്തിട്ടുണ്ടോ? സര്‍ക്കാരിനെന്തിനാണ് ആരാധനാലയങ്ങളുടെ പണം: ഗോകുല്‍ സുരേഷ്

ഗുരുവായൂര്‍ ക്ഷേത്രം സ്ഥിരനിക്ഷേപത്തില്‍ നിന്ന് അഞ്ച് കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതിനെ വിമര്‍ശിച്ചാണ് സുരേഷ് ഗോപിയുടെ മകന്‍റെ പ്രതികരണം.

suresh gopis sun criticize guruvayoor temple donating 5 crores to CM relief fund

തിരുവനന്തപുരം: സര്‍ക്കാരിന് ആരാധനാലയങ്ങളുടെ പണമെന്തിനാണെന്ന ചോദ്യവുമായി സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍. അമ്പലമോ പള്ളിയോ മോസ്കോ ആയാലും ഇത് തെറ്റായ കാര്യമാണ്. പള്ളിയുടേയോ മോസ്കിന്‍റേയോ പണം സര്‍ക്കാര്‍ എടുത്തിട്ടുണ്ടോയെന്നും ഗോകുല്‍ ചോദിക്കുന്നു. ഗുരുവായൂര്‍ ക്ഷേത്രം സ്ഥിരനിക്ഷേപത്തില്‍ നിന്ന് അഞ്ച് കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതിനെ വിമര്‍ശിച്ചാണ് ഗോകുലിന്‍റെ പ്രതികരണം. ഇന്‍സ്റ്റഗ്രാമിലാണ് ഗോകുല്‍ വിഷയത്തിലെ വിയോജിപ്പ് വ്യക്തമാക്കിയത്.

നേരത്തെ ഗുരുവായൂര്‍ ക്ഷേത്രം അഞ്ച് കോടി സംഭാവന ചെയ്തതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കിയിരുന്നു. ബജറ്റ് പരിശോധിച്ചാല്‍ ക്ഷേത്രങ്ങളില്‍ നിന്ന് സര്‍ക്കാര്‍ കൊണ്ടുപോകുകയാണോ കൊടുക്കുകയാണോ എന്ന് വ്യക്തമാകും. ഇതൊക്കെയാണ് സത്യമെന്നിരിക്കെ ചിലര്‍ സമൂഹത്തില്‍ മതവിദ്വേഷം പടര്‍ത്താനായി തുനിഞ്ഞിറങ്ങിയിരിക്കുകയാണ് എന്നത് നിര്‍ഭാഗ്യകരമായ കാര്യമാണ്. ഈ മഹാദുരന്തത്തിന്റെ ഘട്ടത്തില്‍പോലും ചോര തന്നെ കൊതുകിന്ന് കൗതുകം എന്ന മട്ടില്‍ പെരുമാറരുതെന്ന് മാത്രമേ അത്തരം ആളുകളോട് പറയാനുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.  

ചിലയാളുകള്‍ ക്ഷേത്രസ്വത്ത് സര്‍ക്കാര്‍ എടുക്കുകയാണെന്ന് പ്രചരിപ്പിക്കുന്നു. എന്നാല്‍ തിരുവിതാംകൂര്‍ ദേവസ്വത്തിന് 100 കോടിയും മലബാര്‍, കൊച്ചി ദേവസ്വത്തിന് 36 കോടിയും നല്‍കി. നിലക്കല്‍, പമ്പ ഇടത്താവളങ്ങള്‍ക്ക് 142 കോടി രൂപയുടെ നിര്‍മാണം പ്രവൃത്തി നടക്കുന്നു. ശബരിമല പ്രത്യേക ഗ്രാന്റ് 30 കോടിരൂപ അനുവദിച്ചു. കൂത്താട്ടുകുളം മഹാദേവ ക്ഷേത്രം അടക്കം തകര്‍ച്ച ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിന് പ്രത്യേക പ്രൊജക്ട് പ്രകാരം 5 കോടി നീക്കിവെച്ചിരിക്കുകയാണ്. തത്വമസി ടൂറിസം സര്‍ക്യൂട്ട് ആരംഭിക്കുന്നതാനായി 10 കോടി രൂപ നീക്കിവെച്ചിരിക്കുന്നു. ഇതെല്ലാം നാടിന്റെ മുന്നിലുള്ള കണക്കാണ്. ബജറ്റ് പരിശോധിച്ചാല്‍ സര്‍ക്കാര്‍ കൊണ്ടുപോകുകയാണോ കൊടുക്കുകയാണോ എന്ന് വ്യക്തമാകും.

രാജ്യത്തെ പലക്ഷേത്രങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്. ഗുജറാത്തില്‍ സോമനാഥ ക്ഷേത്രം, അംബാലി ക്ഷേത്രം എന്നിവ സംഭാവന നല്‍കി. മഹാരാഷ്ട്ര മഹാലക്ഷ്മി ഷിര്‍ദി സായി ബാബ ട്രസ്റ്റ് 51 കോടി നല്‍കി. ബിഹാറിലെ ക്ഷേത്രങ്ങളും സംഭാവന നല്‍കി. ഒരു കോടി രൂപക്ക് മുകളില്‍ സംഭാവന നല്‍കിയ ക്ഷേത്രങ്ങളുടെ പേര് മാത്രമാണ് മുഖ്യമന്ത്രി എടുത്തുപറഞ്ഞത്.  

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി സംഭാവന ചെയ്തതില്‍ പ്രതിഷേധിച്ച് ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം ദേവസ്വം ബോര്‍ഡിനെതിരെ സമരം സംഘടിപ്പിച്ചിരുന്നു ഈ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. . 
 

Latest Videos
Follow Us:
Download App:
  • android
  • ios