‘മാറ്റം അനിവാര്യം, തടയാനാവില്ല’; സുരേഷ് ഗോപിയ്ക്ക് അഭിനനന്ദനവുമായി മരുമകനും മാധവും
സന്തോഷം പങ്കുവച്ച് സുരേഷ് ഗോപിയുടെ മകൻ മാധവും മരുമകൻ ശ്രേയസ് മോഹനും.
ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയുടെ വമ്പിച്ച വിജയത്തിൽ സന്തോഷം പങ്കുവച്ച് മകൻ മാധവും മരുമകൻ ശ്രേയസ് മോഹനും. ‘തൃശൂർ എടുത്തു’ എന്നാണ് മാധവ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചത്. ‘‘മാറ്റം അനിവാര്യമാണ് അതിനെ തടയാനാവില്ല’’, എന്നാണ് സുരേഷ് ഗോപിയുടെ ചിത്രത്തോടൊപ്പം ശ്രേയസ് കുറിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷൻ നല്‍കുന്ന കണക്കുപ്രകാരം 75079 ആണ് സുരേഷ് ഗോപിയുടെ ഭൂരിപക്ഷം. രണ്ടാം സ്ഥാനത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി എസ് സുനില്‍ കുമാറിനാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നാല് ലക്ഷത്തിലേറെ വോട്ട് നേടി കൊണ്ടാണ് സുരേഷ് ഗോപി വെന്നിക്കൊടി പാറിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനിടെ 'തൃശൂർ എനിക്ക് വേണം, ഞാനങ്ങ് എടുക്കുവാ' എന്ന സുരേഷ് ഗോപി പറഞ്ഞിരുന്നു. ആ ഡയലോഗ് വലിയ രീതിയിൽ തന്നെ ഹിറ്റായിരുന്നു.
തൃശൂരിലെ വിജയത്തിന് ശേഷം തിരുവനന്തപുരത്തെ ബിജെപി ഓപീസിലെത്തി മാധ്യമ പ്രവർത്തകരോട് സുരേഷ് ഗോപി പറഞ്ഞത് ഇങ്ങനെ: "വ്യക്തി കേന്ദ്രീകൃതമായ തെരഞ്ഞെടുപ്പ് നയം മലയാളികൾ സ്വീകരിക്കും. അതോടെ കേരളത്തിലെ രാഷ്ട്രീയവും മാറും. നേതാക്കളുടെ അഹങ്കാരവും മാറും. ബിജെപിയുടെ സാന്നിധ്യം കേരളത്തിൽ എല്ലാ തലത്തിലും വർധിക്കും. തൃശൂരിലെ കറ തീർന്ന മതേതര വോട്ടുകളാണ് തനിക്ക് കിട്ടിയത്. ഒരു വർഗീയ പ്രചാരണവും താൻ നടത്തിയിട്ടില്ല. പാർട്ടിയുടെ നല്ല അനുസരണയുള്ള പ്രവർത്തകനും എംപിയും ആയിരിക്കും. മാധ്യമങ്ങൾ ഉണ്ടാക്കിയ വിഷമതകൾ തനിക്ക് ഗുണം ചെയ്തു".
സുരേഷ് ഗോപിയുടെ വിജയത്തെ കുറിച്ച് സലിം കുമാര്‍ പറഞ്ഞത് ഇങ്ങനെ: "രാഷ്ട്രീയമായി വ്യത്യസ്ത ചേരിയിലാണെങ്കിലും വ്യക്തി പരമായി അങ്ങയുടെ വിജയത്തിൽ സന്തോഷിക്കുന്നു അഭിനന്ദനങ്ങൾ സുരേഷേട്ടാ".
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..