സുരേഷ് ഗോപിക്കൊപ്പം മകന്‍ മാധവ്, നായികയായി അനുപമ; 'എസ്‍ജി 255' ന് നാളെ ആരംഭം
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ വച്ച് പൂജ ചടങ്ങുകള്‍
സുരേഷ് ഗോപിയെ നായകനാക്കി നവാഗതനായ പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് നാളെ ആരംഭം. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ വച്ച് 11.44നും 12.05 നും ഇടയില്‍ പൂജ ചടങ്ങുകളോടെയാണ് ചിത്രത്തിന് തുടക്കമാവുക. ഒക്ടോബര്‍ 5 ന് ഔദ്യോഗികമായി പ്രഖ്യാപിച്ച പ്രോജക്റ്റ് ആണ് ഇത്. കോസ്മോസ് എന്‍റര്‍ടെയ്ന്‍മെന്‍റ്സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അനുപമ പരമേശ്വരനാണ് നായികയാവുക. സുരേഷ് ഗോപിയുടെ ഇളയ മകന്‍ മാധവ് സുരേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മാധവിന്‍റെ സിനിമാ അരങ്ങേറ്റമാണ് ഇത്.
സിനിമാ പ്രവേശനത്തിന് മുന്നോടിയായി മാധവ് മമ്മൂട്ടിയെ കണ്ട് അനുഗ്രഹം വാങ്ങാന്‍ എത്തിയിരുന്നു. കൊച്ചിയിലെ മമ്മൂട്ടിയുടെ വസതിയില്‍ എത്തിയാണ് മാധവ് അദ്ദേഹത്തെ കണ്ടത്. സംവിധായകന്‍ പ്രവീണ്‍ നാരായണന്‍, ലൈന്‍ പ്രൊഡ്യൂസര്‍ സജിത് കൃഷ്ണ എന്നിവരും മാധവിന് ഒപ്പം ഉണ്ടായിരുന്നു. സുരേഷ് ഗോപി വക്കീല്‍ വേഷത്തിലാണ് ചിത്രത്തില്‍ എത്തുക എന്നാണ് അറിയുന്നത്. ചിന്താമണി കൊലക്കേസിനു ശേഷം സുരേഷ് ഗോപി വക്കീല്‍ വേഷത്തില്‍ എത്തുന്ന ചിത്രമായിരിക്കും ഇത്.
ALSO READ : ഹിന്ദി പതിപ്പ് മാത്രം 100 കോടി നേടുമോ? ബോക്സ് ഓഫീസില്‍ കുതിപ്പ് തുടര്‍ന്ന് 'കാന്താര'
നേരത്തെ സുരേഷ് ഗോപിയുടെ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ ചെറിയൊരു സീനിൽ മാധവ് അഭിനയിച്ചിരുന്നു. സുരേഷ് ഗോപി അവതരിപ്പിച്ച മേജര്‍ ഉണ്ണികൃഷ്ണന്‍റെ ഫൈറ്റ് സീൻ കണ്ട് സമീപത്തെ ഒരു ഫ്‌ളാറ്റിൽ നിന്നും എത്തിനോക്കുന്ന മുഖം മാധവ് സുരേഷിന്റേതായിരുന്നു. എന്നാൽ ആരും തിരിച്ചറിയാതെ പോയ സീനിന്റെ മേക്കിംഗ് വീഡിയോ പിന്നീട് പുറത്തിറങ്ങിയതോടെയാണ് അത് മാധവ് ആണെന്ന് മലയാളികൾ മനസ്സിലാക്കിയത്.
അതേസമയം, 'മേ ഹും മൂസ' എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. സെപ്റ്റംബർ 30ന് ആയിരുന്നു തിയറ്റര്‍ റിലീസ്. മലപ്പുറത്തുകാരൻ മൂസ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി എത്തിയത്. ചിത്രം സംവിധാനം ചെയ്തത് ജിബു ജേക്കബ് ആണ്.