Suresh Gopi : ഇതുവരെ കാണാത്ത ഗെറ്റപ്പില്‍ സുരേഷ് ഗോപി; 'എസ് ജി 251' സെക്കന്‍ഡ് ലുക്ക്
കഴിഞ്ഞ വര്‍ഷം പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തെത്തിയത്
സുരേഷ് ഗോപിയെ (Suresh Gopi) നായകനാക്കി രാഹുല്‍ രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ (SG 251) സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. സുരേഷ് ഗോപിയുടെ പിറന്നാളിനോടനുബന്ധിച്ചാണ് അണിയറക്കാര്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. ഇതുവരെ കാണാത്ത മേക്കോവറിലാണ് പോസ്റ്ററില്‍ സുരേഷ് ഗോപി. കൃതാവ് വളര്‍ത്തി മീശയോട് ചേര്‍ത്ത രീതിയിലാണ് കഥാപാത്രത്തിന്‍റെ സ്റ്റൈലിംഗ്. നായക കഥാപാത്രത്തിന്‍റെ മുന്‍കാലം എന്ന തോന്നലും പോസ്റ്റര്‍ നല്‍കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തെത്തിയത്. മുടിയിലും താടിയിലുമൊക്കെ നര പടര്‍ന്ന സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ഗെറ്റപ്പിലായിരുന്നു ഫസ്റ്റ് ലുക്കില്‍ സുരേഷ് ഗോപി. സുരേഷ് ഗോപി എന്നു കേള്‍ക്കുമ്പോള്‍ ഒരു മാസ് പടം എന്നായിരിക്കും പ്രേക്ഷകരില്‍ പലരുടെയും ധാരണയെന്നും എന്നാല്‍ ഈ സിനിമ അത്തരത്തിലുള്ള ഒന്നല്ലെന്നും സംവിധായകനായ രാഹുല്‍ രാമചന്ദ്രന്‍ നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞിരുന്നു. മാസ് സീക്വന്‍സുകള്‍ ഉണ്ട്. പക്ഷേ ആകെ സിനിമയില്‍ ഒരു 10, 20 മിനിറ്റുകള്‍ മാത്രമേ അത്തരം രംഗങ്ങള്‍ ഉണ്ടാവൂ. ഡ്രാമയ്ക്ക് പ്രാധാന്യമുള്ള സിനിമയാണിത്. ഒരു റിവഞ്ച് ത്രില്ലര്‍ ഡ്രാമ എന്നൊക്കെ പറയാം. 'മെമ്മോയര്‍ ഓഫ് എ മര്‍ഡറര്‍' (വോന്‍ ഷിന്‍ യുന്‍ സംവിധാനം ചെയ്‍ത സൗത്ത് കൊറിയന്‍ ചിത്രം) സിനിമയില്ലേ? ആ ഒരു ഴോണറിലും മൂഡിലുമൊക്കെ വരുന്ന സിനിമയാണ്, രാഹുല്‍ പറഞ്ഞിരുന്നു.
എതിറിയല്‍ എന്‍റര്‍ടെയ്‍ന്‍മെന്‍റ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സമീന്‍ സലിം ആണ്. നേരത്തെ 'ജീം ബൂം ബാ' എന്ന ചിത്രം ഒരുക്കിയ സംവിധായകനാണ് രാഹുല്‍ രാമചന്ദ്രന്‍. വിതരണം ഓഗസ്റ്റ് സിനിമാസ്. സുരേഷ് ഗോപിയുടെ കരിയറിലെ 251-ാം ചിത്രമാണ് ഇത്. ജോഷിയുടെ പാപ്പന്‍, മാത്യൂസ് തോമസിന്‍റെ ഒറ്റക്കൊമ്പന്‍, ജിബു ജേക്കബിന്‍റെ മേം ഹൂം മൂസ, ജയരാജിന്‍റെ ഇന്നലെ പ്രഖ്യാപിച്ച ഹൈവേ 2 എന്നിവയാണ് സുരേഷ് ഗോപിയുടേതായി പുറത്തുവരാനുള്ള മറ്റു ചിത്രങ്ങള്‍.
ALSO READ : 27 വര്‍ഷങ്ങള്‍ക്കു ശേഷം 'ഹൈവേ'യ്ക്ക് രണ്ടാംഭാഗം; സുരേഷ് ഗോപിക്കൊപ്പം ജയരാജ്