ഗുരുവായൂരിൽ മുല്ലപ്പൂവും താരം; സുരേഷ് ഗോപി ബുക്ക് ചെയ്തത് 300 മുഴം പൂവ്; 500 മുഴം നൽകുമെന്ന് ധന്യ
സുരേഷ് ഗോപിയുടെ മകളുടെ വിവാഹം നടക്കാനിരിക്കുകയാണ്. പ്രധാനമന്ത്രിയടക്കം പങ്കെടുക്കുന്ന ചടങ്ങ് ഇതിനോടകം തന്നെ വലിയ മാധ്യമ ശ്രദ്ധയിലേക്ക് എത്തിക്കഴിഞ്ഞു.
തൃശൂര്‍: സുരേഷ് ഗോപിയുടെ മകളുടെ വിവാഹം നടക്കാനിരിക്കുകയാണ്. പ്രധാനമന്ത്രിയടക്കം പങ്കെടുക്കുന്ന ചടങ്ങ് ഇതിനോടകം തന്നെ വലിയ മാധ്യമ ശ്രദ്ധയിലേക്ക് എത്തിക്കഴിഞ്ഞു. വിവാഹവുമായി ബന്ധപ്പെട്ട ഓരോ വിശേഷങ്ങൾക്കും സോഷ്യൽ മീഡിയയിൽ ആഘോഷിക്കുന്നവരും വിമര്‍ശിക്കുന്നവരുമായി വലിയ പ്രചാരണമാണ് ലഭിക്കുന്നത്.
ഇപ്പോഴിതാ വിവാഹത്തിന് ബുക്ക് ചെയ്ത മുല്ലപ്പൂവാണ് താരം. സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിനായി 500 മുഴം മുല്ലപ്പൂ നൽകുമെന്നാണ് പൂക്കച്ചവടക്കാരിയായ ധന്യ- സനീഷ് ദമ്പതികൾ അറിയിച്ചിരിക്കുന്നത്. കൈക്കുഞ്ഞുമായി ഗുരുവായൂർ കിഴക്കേ നടയിൽ മുല്ലപ്പു വിൽക്കുന്ന ധന്യയുടെ വീഡിയോ നേരത്തെ നവമാധ്യമങ്ങളിൽ വൈറലായിരുന്നു. സുരേഷ് ഗോപി 300 മുഴമാണ് ആവശ്യപ്പെട്ടത്. എന്നാൽ 500 മുഴം നൽകുമെന്നാണ് ധന്യ പറയുന്നത്. തന്റെ കുടുംബാംഗത്തിന് എന്ന പോലെ പൂക്കൾ ഒരുക്കുമെന്ന് ധന്യ നേരത്തെ പറഞ്ഞിരുന്നു. സുരേഷ് ഗോപി എത്തിയതിൽ ഏറെ സന്തോഷമുണ്ടെന്നും ധന്യ പറഞ്ഞു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരിൽ എത്തുമ്പോൾ സുരേഷ് ഗോപി സമ്മാനിക്കുക സ്വർണ തളികയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. സ്വർണ കരവിരുതിൽ വിദഗ്ധനായ അനു അനന്തൻ ആണ് സ്വർണ തളിക നിർമ്മിച്ചത്. തളിക മോദിക്ക് സമ്മാനിക്കുന്നതിന് മുമ്പ് എസ് പി ജി ഉദ്യോഗസ്ഥർ പരിശോധിച്ചു. സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് പങ്കെടുക്കാനാണ് പ്രധാനമന്ത്രി നാളെ ഗുരുവായൂരിൽ എത്തുന്നത്.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകിട്ടോടെയാണ് കേരളത്തിലെത്തുക. വൈകിട്ട് ആറരയ്ക്ക് നെടുമ്പാശേരിയിൽ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്ടർ മാർഗം കൊച്ചിയിൽ ദക്ഷിണ നാവികാസ്ഥാനത്തെത്തും. തുടർന്ന് കെ പി സി സി ജംങ്ഷനിലെത്തി റോഡ് ഷോയിൽ പങ്കെടുക്കും. രാത്രി 7 നും എട്ടിനും ഇടയ്ക്കാണ് റോഡ് ഷോ ക്രമീകരിച്ചിരിക്കുന്നത്. കെ പി സി സി ജംഷ്ഷനിൽ നിന്ന് തുടങ്ങി ഹോസ്പിറ്റൽ ജംങ്ഷനിലെത്തി ഗസ്റ്റ് ഹൗസിൽ എത്തും വിധമാണ് ഒരു കിലോമീറ്റർ റോഡ് ഷോ ക്രമീകരിച്ചിരിക്കുന്നത്.
'മണിപ്പൂരിലെ പാപക്കറ സ്വർണ്ണക്കിരീടം കൊണ്ട് കഴുകിക്കളയാൻ കഴിയില്ല', സുരേഷ് ഗോപിക്കെതിരെ പ്രതാപൻ
എറണാകുളം ഗസ്റ്റ് ഹൗസിൽ രാത്രി തങ്ങുന്ന പ്രധാനമന്ത്രി ബുധനാഴ്ച രാവിലെ ഗുരൂവായൂർക്ക് പോകും. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്തശേഷം തൃപ്രയാർ ക്ഷേത്രം സന്ദർശിച്ച് പന്ത്രണ്ട് മണിയോടെ കൊച്ചിയിൽ തിരിച്ചെത്തി മറ്റു രണ്ട് പരിപാടികളിൽ കൂടി പങ്കെടുക്കും. ഇതിന് ശേഷമാകും ദില്ലിയിലേക്ക് മടങ്ങുക. പ്രധാനമന്ത്രി എത്തുന്നതോടെ കൊച്ചിയിലും തൃശൂരിലും ഗതാഗത ക്രമീകരണങ്ങളുണ്ടാകും. ഒപ്പം തന്നെകനത്ത സുരക്ഷയാണ് ഇവിടങ്ങളിൽ ഒരുക്കിയിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം