സുരാജ് വെഞ്ഞാറമൂടിനെ 'ക്ലാസില്‍ ഇരുത്താൻ' എംവിഡി; ഓര്‍മ്മയുണ്ടോ ഡ്രൈവിംഗ് ലൈസൻസിലെ 'കുരുവിള ജോസഫി'നെ?
ലാല്‍ ജൂനിയറിന്‍റെ സംവിധാനത്തില്‍ 2019 ല്‍ പുറത്തെത്തിയ ഡ്രൈവിംഗ് ലൈസന്‍സില്‍ കുരുവിള ജോസഫ് എന്ന മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ആയാണ് സുരാജ് എത്തിയത്
നടന്‍ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റത് കഴിഞ്ഞ ദിവസമായിരുന്നു. ശനിയാഴ്ച അര്‍ധരാത്രിയോടെ എറണാകുളം പാലാരിവട്ടത്ത് വച്ചായിരുന്നു സംഭവം. എതിര്‍ദിശയില്‍ വന്ന ബൈക്കുമായി കൂട്ടിയിടിച്ച് അപകടമുണ്ടായ സമയത്ത് ഡ്രൈവിംഗ് സീറ്റില്‍ സുരാജ് തന്നെയാണ് ഉണ്ടായിരുന്നത്. അലക്ഷ്യമായി വാഹനമോടിച്ചതിനാണ് സുരാജിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. സുരാജിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും ഗതാഗത നിയമങ്ങളെക്കുറിച്ചുള്ള ക്ലാസില്‍ നടന്‍ പങ്കെടുക്കണമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്. ഈ വാര്‍ത്തകള്‍ വരുന്ന സമയത്ത് സിനിമാപ്രേമികളുടെ ഓര്‍മ്മയിലേക്ക് എത്തുന്ന സുരാജിന്‍റെതന്നെ ഒരു സിനിമയുണ്ട്. അദ്ദേഹം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ റോളില്‍ എത്തിയ ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രമാണ് അത്.
ലാല്‍ ജൂനിയറിന്‍റെ സംവിധാനത്തില്‍ 2019 ല്‍ പുറത്തെത്തിയ ചിത്രം കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നായിരുന്നു. കുരുവിള ജോസഫ് എന്ന മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ആയാണ് സുരാജ് ചിത്രത്തില്‍ എത്തിയത്. പൃഥ്വിരാജ് അവതരിപ്പിച്ച ഹരീന്ദ്രന്‍ എന്ന, സിനിമയിലെ സൂപ്പര്‍താരത്തിന്‍റെ കടുത്ത ആരാധകനായ കുരുവിളയ്ക്ക് സാഹചര്യവശാല്‍ ആ ആരാധന എതിര്‍പ്പും വിദ്വേഷവുമായി മാറുന്നതാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ട ഒരു സിനിമാ ചിത്രീകരണത്തിനായി ആവശ്യം വരുന്ന തന്‍റെ ഡ്രൈവിംഗ് ലൈസന്‍സ് നഷ്ടപ്പെട്ടിരിക്കുന്നതായി മനസിലാക്കുന്ന ഹരീന്ദ്രന്‍റെ സഹായത്തിനായി ആരാധകനായ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എത്തുകയാണ്. എന്നാല്‍ ആര്‍ടിഒ ഓഫീസിലേക്ക് ഹരീന്ദ്രന്‍ എത്തുന്ന ദിവസം നടക്കുന്ന ചില സംഭവവികാസങ്ങളെ തുടര്‍ന്ന് ഇരുവര്‍ക്കുമിടയിലുള്ള ബന്ധം വഷളാവുകയും ചെയ്യുന്നു. ലൈസന്‍സ് എങ്ങനെയും വാങ്ങിയെടുക്കേണ്ടത് ഹരീന്ദ്രന്‍റെ അടിയന്തിര ആവശ്യമാകുമ്പോള്‍ അതിന് എങ്ങനെയും തടയിടുക എന്നതാണ് ചിത്രത്തില്‍ സുരാജ് അവതരിപ്പിച്ച കുരുവിളയുടെ ലക്ഷ്യം. സച്ചി രചന നിര്‍വ്വഹിച്ച ചിത്രം 2019 ലെ വിജയചിത്രങ്ങളുടെ കൂട്ടത്തില്‍ ഇടംപിടിച്ച ചിത്രവുമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക