'ജംഗിള്‍ പൊളി, നോ രക്ഷ'; ഡബ്ബിംഗിനിടെ കണ്ട 'എമ്പുരാനെ'ക്കുറിച്ച് സുരാജ് വെഞ്ഞാറമൂട്

2025 മാര്‍ച്ച് 27 നാണ് ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്

suraj venjaramoodu about empuraan and prithviraj sukumaran as director mohanlal

മലയാളം ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് എമ്പുരാന്‍. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ് ഇപ്പോള്‍. ആദ്യ ഭാഗമായ ലൂസിഫറില്‍ ഇല്ലാതിരുന്ന പല താരങ്ങളും എമ്പുരാനില്‍ ഉണ്ട്. അതിലൊരാളാണ് സുരാജ് വെ‍ഞ്ഞാറമൂട്. ഇപ്പോഴിതാ തന്‍റെ എമ്പുരാന്‍ അനുഭവത്തെക്കുറിച്ച് പറയുകയാണ് സുരാജ്. എമ്പുരാന്‍ ഡബ്ബിംഗില്‍ പങ്കെടുത്തതിനെക്കുറിച്ചും പൃഥ്വിരാജിന്‍റെ സംവിധാന രീതിയെക്കുറിച്ചുമൊക്കെ അദ്ദേഹം പറയുന്നു. ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതേക്കുറിച്ച് പറയുന്നത്.

"എമ്പുരാന്‍ മിനിഞ്ഞാന്ന് ഡബ്ബ് ചെയ്തിരുന്നു. ജംഗിള്‍ പൊളിയാണ് പൊളിച്ചിരിക്കുന്നത് ചെറുക്കന്‍, പൃഥ്വി. പുതിയ പൊളിയാണ്. പൃഥ്വി ഇന്ത്യയ്ക്ക് തന്നെ അഭിമാനമാണ്. ചിത്രത്തിന്‍റെ സസ്പെന്‍സ് ഒന്നും ഞാന്‍ പുറത്തുവിടുന്നില്ല. എന്‍റെ ഭാഗങ്ങളും പിന്നെ അങ്ങും ഇങ്ങും നിന്നൊക്കെ കണ്ടു. നോ രക്ഷ. ഡബ്ബിംഗ് കഴിഞ്ഞ് പൃഥ്വിക്ക് മെസേജ് അയച്ചു", സുരാജ് പറയുന്നു.

പൃഥ്വി എന്ന സംവിധായകനെ എങ്ങനെ വിലയിരുത്തുന്നു എന്ന ചോദ്യത്തിന് സുരാജിന്‍റെ മറുപടി ഇങ്ങനെ- "ശരിക്കും അതൊരു മനുഷ്യനൊന്നും അല്ല, ഒരു റോബോട്ട് ആണ്. എല്ലാത്തിനെക്കുറിച്ചും നല്ല ധാരണയുണ്ട്. എല്ലാ ഡയറക്ടേഴ്സിനും അത് ഉണ്ട്. പക്ഷേ ഇത് നമ്മള്‍ തന്നെ ഞെട്ടിപ്പോവും. ലൊക്കേഷനിലെത്തി എടുക്കേണ്ട ഷോട്ടുകള്‍ മാത്രമാണ് എടുക്കുന്നത്. എഡിറ്റ് ചെയ്താണ് പോകുന്നത്. അനാവശ്യമായി ഒരു ഷോട്ട് എടുക്കുകയോ ഒന്നും ഞാന്‍ കണ്ടിട്ടില്ല. അഭിനേതാക്കളെ സംബന്ധിച്ച് സാധാരണ കട്ട് പറഞ്ഞുകഴിഞ്ഞാല്‍ ഒരു ലാഗ് ആണ്. ആ ലാഗ് പോലും പൃഥ്വിയുടെ സെറ്റില്‍ ഉണ്ടാവില്ല. ക്യാമറാമാന്‍ സുജിത്ത് ഒക്കെയുണ്ടല്ലോ പാവം, ഓടും. മൊത്തത്തില്‍ ഗംഭീര ക്രൂ ആണ്", സുരാജ് വെഞ്ഞാറമൂട് പറഞ്ഞവസാനിപ്പിക്കുന്നു. ലൂസിഫര്‍ പുറത്തിറങ്ങി ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എമ്പുരാന്‍ എത്തുന്നത്.

ALSO READ : മാല പാർവ്വതിക്കൊപ്പം മനോജ്‌ കെ യു; 'ഉയിര്' ടീസര്‍ എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios