'തിരുച്ചിദ്രമ്പല'ത്തിന്റെ വിജയം ആവര്‍ത്തിക്കാൻ വീണ്ടും ഒന്നിക്കുന്നു, ധനുഷിനൊപ്പം സണ്‍ പിക്ചേഴ്‍സ്
'തിരുച്ചിദ്രമ്പല'ത്തിനു ശേഷം ധനുഷുമായി വീണ്ടും ഒന്നിക്കാൻ സണ്‍ പിക്ചേഴ്‍സ്.
ധനുഷിന്റെ ഓരോ സിനിമാ തെരഞ്ഞെടുപ്പും വളരയേറെ ശ്രദ്ധിച്ചിട്ടായിരിക്കും. കഥയുടെ വൈവിധ്യത്തിലും കഥാപാത്രത്തിന്റെ മികവിലും സിനിമകള്‍ ഓരോന്നിലും ധനുഷ് അത്രമേല്‍ പ്രധാന്യം നല്‍കാറുണ്ട്. അതുകൊണ്ടുതന്നെ ധനുഷ് ചിത്രങ്ങളുടെ പ്രഖ്യാപനം ഓണ്‍ലൈനിലടക്കം വലിയ ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. സണ്‍ പിക്ചേഴ്‍സ് ധനുഷുമായി കൈകോര്‍ക്കുന്ന ചിത്രമാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരിക്കുന്നത്.
ഇത് രണ്ടാം തവണയാണ് സണ്‍ പിക്ചേഴ്‍സ് ധനുഷുമായി കൈകോര്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ വമ്പൻ വിജയങ്ങളില്‍ ഒന്നായ 'തിരുച്ചിദ്രമ്പല'വും ധനുഷ് നായകനായി സണ്‍ പിക്ചേഴ്സ് തന്നെയായിരുന്നു നിര്‍മിച്ചത്. ധനുഷിന്റെ പുതിയ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ഡി50 സണ്‍ പിക്ചേഴ്‍സ് നിര്‍മിക്കുന്നു എന്ന് മാത്രമാണ് കഴിഞ്ഞ ദിവസം അറിയിച്ചതെങ്കിലും മറ്റ് കാര്യങ്ങള്‍ ഇന്നും പുറത്തുവിടുമെന്നുമാണ് റിപ്പോര്‍ട്ട്.
'വാത്തി' എന്ന ചിത്രമാണ് ധനുഷിന്റേതായി തിയറ്ററുകളിലേക്ക് ഇനി എത്താനുള്ളത്.വെങ്കി അറ്റ്‍ലൂരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളി താരം സംയുക്ത മേനോനാണ് നായിക. തമിഴ്‍നാട്ടില്‍ 'വാത്തി' എന്ന ചിത്രത്തിന്റെ തിയറ്റര്‍ റൈറ്റ്‍സ് 7 സ്‍ക്രീൻ സ്റ്റുഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫെബ്രുവരി 17ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‍സ് 3.75 കോടി രൂപയ്‍ക്ക് ആദിത്യ മ്യൂസിക് സ്വന്തമാക്കിയിരുന്നു. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ധനുഷ് നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് വെങ്കി അറ്റ്‍ലൂരി തന്നെയാണ്.
'നാനേ വരുവേൻ' എന്ന ചിത്രമാണ് ധനുഷിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ധനുഷിന്റെ സഹോദരൻ സെല്‍വരാഘവൻ ആണ് ചിത്രം സംവിധാനം ചെയ്‍തത്. സെല്‍വരാഘവൻ അതിഥി കഥാപാത്രമായി ചിത്രത്തില്‍ അഭിനയിക്കുന്നുമുണ്ട്. ഇന്ദുജ ആണ് ചിത്രത്തിലെ നായിക. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ കഥ എഴുതിയത്. ധനുഷിന്റെ പ്രകടനത്തിന് മികച്ച അഭിപ്രായങ്ങള്‍ നേടാനായിരുന്നു. ബോക്സ് ഓഫീസില്‍ ചിത്രം മോശമല്ലാത്ത വിജയം സ്വന്തമാക്കിയിരുന്നു.
Read More: 'സോറി പറഞ്ഞാലൊന്നും നമ്മള്‍ താണുപോകില്ല', ജൂഡ് ആന്റണി സംഭവത്തില്‍ മമ്മൂട്ടി