'ഇരുണ്ട കഥകളില്‍ നിന്നുള്ള മാറ്റം'; 'ഖല്‍ബി'നെക്കുറിച്ച് സുഹാസിനി
സാജിദ് യഹ്യ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം
രഞ്ജിത്ത് സജീവ്, നേഹ നസ്നീൻ എന്നിവരെ നായികാനായകന്മാരാക്കി സാജിദ് യഹ്യ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഖല്‍ബ് എന്ന ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായം പറഞ്ഞ് നടി സുഹാസിനി. ഇരുണ്ട കഥകളില്‍ നിന്നുള്ള, പ്രതീക്ഷാനിര്‍ഭരമായ മാറ്റമാണ് ഈ ചിത്രമെന്ന് പോസ്റ്ററിനൊപ്പം ഇന്‍സ്റ്റഗ്രാമില്‍ സുഹാനിസി കുറിച്ചു.
"പുതുമ പകരുന്ന ഖല്‍ബ് എന്ന മലയാള ചിത്രം എന്‍റെ സുഹൃത്തുക്കളോടും കുടുംബത്തോടുമൊപ്പം ചെന്നൈയില്‍ വച്ച് കാണാനിടയായി. ഇരുണ്ട കഥകളില്‍ നിന്നുള്ള, പ്രതീക്ഷാനിര്‍ഭരമായ മാറ്റമാണിത്. എന്‍റെ സുഹൃത്ത് ആനിന്‍റെയും സജീവിന്‍റെയും മകന്‍ രഞ്ജിത്ത് ഈ പ്രണയകഥയില്‍ തിളങ്ങിയിട്ടുണ്ട്. രഞ്ജിത്ത് സിനിമയില്‍ പുതുതാണ്. പക്ഷേ അവന് ക്യാമറ എന്താണെന്ന് അറിയാം. അതിന് മുന്നിലും പിന്നിലും എന്താണ് നടക്കുന്നതെന്നും. ഇനി വരുന്ന ചിത്രങ്ങളിലും അവന്‍ കൂടുതല്‍ തിളക്കത്തോടെ ശോഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു", സുഹാസിനിയുടെ വാക്കുകള്‍.
ഫ്രാഗ്രന്‍റ് നേച്ചര്‍ ഫിലിം ക്രിയേഷൻസിനോടൊപ്പം ചേർന്ന് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ചിരിക്കുന്ന ഖൽബിൽ സിദ്ദിഖ്, ലെന, ജാഫർ ഇടുക്കി എന്നിവരാണ് മറ്റ് സുപ്രധാന വേഷങ്ങളിലെത്തുന്നത്. ഇവർക്ക് പുറമെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസര്‍മാരായ കാർത്തിക്ക് ശങ്കർ, ഷെമീർ, ജാസിം ഹാസിം, അബു സലിം, സനൂപ് കുമാർ, വിഷ്ണു അഴീക്കൽ (കടൽ മച്ചാൻ) എന്നിവരോടൊപ്പം ശ്രീധന്യ, മനോഹരി ജോയ്, അംബി, ആതിര പട്ടേൽ, സരസ ബാലുശേരി, സുർജിത്ത്, ചാലി പാലാ, സച്ചിൻ ശ്യാം തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. ഷാരോൺ ശ്രീനിവാസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം അമൽ മനോജാണ് കൈകാര്യം ചെയ്യുന്നത്. സാജിദ് യഹ്യയും സുഹൈൽ എം കോയയും ചേർന്നാണ് തിരക്കഥയും സംഭാഷണങ്ങളും തയ്യാറാക്കിയത്. ഒറിജിനൽ ബാക്ക്ഗ്രൗണ്ട് സ്കോർ പ്രകാശ് അലക്സ്, സംഗീത സംവിധാനം പ്രകാശ് അലക്സ്, വിമൽ നാസർ, നിഹാൽ സാദിഖ്, ഗാനരചന സുഹൈൽ എം കോയ.
ALSO READ : 'തലനാരിഴയ്ക്കാണ് രക്ഷപെട്ടത്'; മരണം മുന്നില്‍ക്കണ്ട നിമിഷത്തെക്കുറിച്ച് ബഷീര്‍ ബഷി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം