അത്ഭുതസിദ്ധിയുമായി 'ബൂങ് സ്വാ', കെ ഡ്രാമയിലെ സൂപ്പര്‍ വുമണിന്റെ കഥ- റിവ്യു

കെ ഡ്രാമയിലെ സൂപ്പര്‍ ഗേളിന്റെ കഥയുമായി 'സ്‍ട്രോംഗ് ഗേള്‍ ബൂങ് സ്വാ'.

Strong Girl Bong Soon Korean Drama review

ബൂങ് സ്വാ കെ ഡ്രാമരംഗത്തെ സൂപ്പർ ഗേളാണ്. ആൾ ചെറുതാണ്. എന്നുവെച്ചാൽ വലിയ തടിയും ഉയരവുമില്ല.  പക്ഷേ കാണുംപോലെയല്ല ആ ക്യൂട്ട് ഗേൾ.  അസാമാന്യശക്തിയാണ് ബൂങ് സ്വാക്ക്. അവളുടെ കുടുംബത്തിലെ എല്ലാ സ്ത്രീകൾക്കും പാരമ്പര്യമായി പകർന്നുകിട്ടിയ അത്ഭുതസിദ്ധിയാണത്. തെറ്റായ കാര്യങ്ങൾക്ക് എന്തെങ്കിലും ഉപയോഗിച്ചാൽ കൈമോശം വരുന്ന സിദ്ധി. അതുകൊണ്ട് ബൂങ് സ്വാ കരുതിയാണ് ജീവിക്കുന്നത്. അവൾക്കതൊന്നും ഉപയോഗിക്കണമെന്നില്ല. അബദ്ധത്താൽ ആരെയും ഉപദ്രവിക്കാനോ വേദനിപ്പിക്കാനോ ഇടയാവരുതെന്ന പ്രാർത്ഥനയോടെ.

മാത്രമല്ല സ്‍കൂൾ കാലം മുതൽ പ്രണയിച്ചുകൊണ്ടിരിക്കുന്ന ഗുക്ഡൂ ഇതൊന്നും അറിയരുതെന്നും അവൾ അതിയായി ആഗ്രഹിക്കുന്നുണ്ട്. കാര്യം ഗുക്ഡൂവിന് അവളുടെ ഇഷ്‍ടം അറിയില്ലെങ്കിലും നല്ല സുഹൃത്തായി പരിഗണിച്ചു ശ്രദ്ധിക്കും. അത് പോട്ടെന്നു വെക്കാൻ അവൾക്കിഷ്‍ടമില്ല.ഒരു ദിവസം യാദൃച്ഛികമായി ഒരു സ്‍കൂൾ ബസ് ഡ്രൈവറെ തല്ലാനൊരുങ്ങുന്ന തല്ലിപ്പൊളിക്കൂട്ടത്തെ ബൂങ് സ്വാക്ക് കൈകാര്യം ചെയ്യേണ്ടിവരുന്നു. ഇത് കണ്ടുവരുന്ന ആഹ് മിൻ ഹ്യൂക്ക് എന്ന കാശുകാരൻ, അനിമേഷൻ ഗെയിം കമ്പനി ഉടമ അവളെ ബോഡിഗാർഡ് ആക്കുന്നു. നല്ല ശമ്പളം ആയതുകൊണ്ടാണ് ബൂങ് സ്വാ അതേറ്റെടുക്കുന്നത്. ഗുക്ഡൂവിനോടും വീട്ടിലുള്ളവരോടും കമ്പനിയിൽ സെക്രട്ടറി ജോലി എന്ന് മാത്രമാണ് അവൾ പറയുന്നത്. സ്വന്തം ശക്തി ആസ്‍പദമാക്കി എന്നെങ്കിലും സ്വന്തമായി ഒരു വീഡിയോ ഗെയിം ഉണ്ടാക്കാൻ കഴിയുമെന്നും അവൾക്ക് പ്രതീക്ഷയുണ്ട്.

Strong Girl Bong Soon Korean Drama review

ഇതിനിടയിൽ ബൂങ് സ്വാ ആദ്യം തല്ലിയ ക്രിമിനൽ സംഘം അവളുടെ പുറകെയുണ്ട്. ഇടക്കിടെ അവർ തമ്മിൽ കോർക്കുകയും ഗുണ്ടകളെല്ലാം ആശുപത്രിയിലാവുന്നുമുണ്ട്. കാശും പത്രാസുമുണ്ടെങ്കിലും കുടുംബത്തിൽ ഏകനാണ് മിൻഹ്യൂക്ക് എന്ന് ബൂങ് സ്വാക്ക് മനസ്സിലാവുന്നുണ്ട്. അവൾക്കതിന്റെ കരുതലുമുണ്ട്. മിൻഹ്യൂക്കിന്  പതുക്കെ അവളോട് ഇഷ്‍ടം തോന്നിത്തുടങ്ങുന്നു. ഗുക്ഡൂവിനോടുള്ള വൺവെ പ്രണയം അവസാനിപ്പിച്ചുവരുന്നതു വരെ കാത്തിരിക്കാൻ തയ്യാറെന്ന് മിൻഹ്യൂക്ക് അവളോട് പറയുന്നു. സ്വന്തമായുള്ള അത്ഭുതശക്തി കൃത്യമായി മാനേജ് ചെയ്യാനുള്ള പരിശീലനം നൽകുന്ന മിൻഹ്യൂക്ക്  അവളുടെ നല്ല ചങ്ങാതിയായി  എല്ലാത്തിനും ഒപ്പം ചേരുന്നു. സംശയങ്ങളിലും പ്രശ്‍നങ്ങളിലും പിന്തുണക്കുന്നു.

ബൂങ് സ്വാ കഥയിലെ സാക്ഷാൽ വില്ലനെ കണ്ടുമുട്ടുന്നത് ഇതിനിടയിലാണ്. അവളുടെ പട്ടണത്തിൽ  തുടർച്ചയായി പെൺകുട്ടികൾ കിഡ്‍നാപ് ചെയ്യപ്പെടുന്നു. കൂട്ടത്തിൽ തന്റെ ഏറ്റവും അടുത്ത സ്നേഹിത കൂടി ഉൾപെടുന്നതോടെയാണ് ബൂങ് സ്വാ ഇടപെടുന്നത്. മിൻഹ്യൂക്കുണ്ട് അവൾക്കൊപ്പം.  കിഡ്‍നാപ്പും അന്വേഷണവുമെല്ലാം കഥക്ക് മറ്റൊരു പാത കൂടി സമ്മാനിക്കുന്നു. ഉദ്വേഗത്തിന്റേയും ആകാംക്ഷയുടേയും.

Strong Girl Bong Soon Korean Drama review

Park Bo young ആണ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.  Park Hyung sik ആണ് മിൻഹ്യൂക്ക് ആകുന്നത്. ഗ്യുക്ഡൂ ആകുന്നത് Ji Soo.വില്ലൻ കിം ജാങ് ഹ്യൂൻ ആകുന്നത് Jang Mi kwan. Yoo Jae myung,Shim Hye jin, Im Won hee, Kim Won hae, Park Bo-mi, Jeon Seok ho തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.

ത്രികോണപ്രണയവും കുറ്റകൃത്യങ്ങളും , രണ്ടും കെ ഡ്രാമ ലോകത്തെ പുതിയ വിഷയങ്ങളല്ല. പക്ഷേ അത്ഭുതസിദ്ധിയുള്ള നായിക, അതും അതിശക്തയായ നായിക. പുതുമയാണ്. ബൂങ് സ്വായുടെ കയ്യിൽ നിന്ന് തല്ലുമേടിക്കുന്ന ക്രിമിനലുകൾ സമ്മാനിക്കുന്ന ചിരിക്കാഴ്ചകളും പുതുമയാണ്. ഇഷ്‍ടം തോന്നുന്നവൾ അടുത്തേക്കെത്താൻ ക്ഷമയോടെ കാത്തിരിക്കുന്ന നായകനും മനസ്സിലാക്കലിന്റെ കരുതൽ അറിഞ്ഞ് അവനിലേക്കെത്തുന്ന നായികയും സമ്മാനിക്കുന്ന പ്രണയരംഗങ്ങൾ ഹൃദ്യമാണ്. വെറുതെയല്ല പരമ്പര കൊറിയൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും റേറ്റിങ് നേടിയ പരമ്പരകളിൽ ഒന്നായത്.

Read More : 'ഇത്യാവോൺ ക്ലാസ്', ഈ പ്രതികാരം ജനപ്രിയം- റിവ്യു

Latest Videos
Follow Us:
Download App:
  • android
  • ios