60 കോടി ബജറ്റില്‍ 600 കോടിക്ക് അടുത്ത് ബോക്സോഫീസില്‍ വാരിയ അത്ഭുതം; ഒടുവില്‍ ആ ചിത്രം ഒടിടിയിലേക്ക് !
ശ്രദ്ധ കപൂറും രാജ്കുമാർ റാവുവും പ്രധാന വേഷത്തിൽ എത്തുന്ന സ്ത്രീ 2 ബോക്സ് ഓഫീസിൽ മികച്ച വിജയം നേടി മുന്നേറുന്നു. 600 കോടി ക്ലബ്ബിലേക്ക് കുതിക്കുന്ന ചിത്രത്തിന്റെ ഒടിടി റിലീസ് എന്ന് എന്നറിയാൻ ആരാധകർ കാത്തിരിക്കുന്നു.
മുംബൈ: ശ്രദ്ധ കപൂറും രാജ്കുമാർ റാവുവും പ്രധാന വേഷത്തില്‍ എത്തുിയ സ്ത്രീ 2 ഒരു മാസത്തിലേറെയായി തീയറ്ററില്‍ നിറഞ്ഞോടുകയാണ്. ഉടൻ തന്നെ കളക്ഷനില്‍ ഒരു പിന്നിലേക്ക് പോക്ക് ചിത്രം കാണിക്കുന്നുമില്ലെന്ന് പറയാം. മുടക്കുമുതലും തീയറ്റര്‍ കളക്ഷനും വച്ച് നോക്കിയാല്‍ അടുത്തകാലത്ത് ബോളിവുഡില്‍ ഇത്തരം ഒരു വിജയം ഒരു ചിത്രവും നേടിയിട്ടില്ല.
600 കോടി എന്ന മാന്ത്രിക സംഖ്യയിലേക്ക് ഇപ്പോള്‍ സ്ത്രീ 2 കുതിക്കുകയാണ്. 579 കോടിയോളം ഇപ്പോള്‍ തന്നെ ബോക്സോഫീസില്‍ ചിത്രം നേടി കഴിഞ്ഞു. വെറും 60 കോടിയില്‍ ഒരുക്കിയ ചിത്രം ഈ വര്‍ഷം ബോളിവുഡിലെ ഏറ്റവും വലിയ വിജയം നേടുകയാണ്.
മഡ്ഡോക്ക് ഫിലിംസിന്‍റെ സൂപ്പര്‍നാച്ചുറല്‍ യൂണിവേഴ്സിലെ ചിത്രമാണ് സ്ത്രീ 2. 2018-ൽ അമർ കൗശിക് സംവിധാനം ചെയ്ത് രാജ്കുമാർ റാവുവും ശ്രദ്ധ കപൂറും അഭിനയിച്ച സ്ത്രീയില്‍ ആരംഭിച്ചതാണ് മഡ്ഡോക്ക് ഫിലിംസിന്‍റെ സൂപ്പര്‍നാച്ചുറല്‍ യൂണിവേഴ്സ്. 2022-ൽ വരുൺ ധവാനും കൃതി സനോണും അഭിനയിച്ച ഭേഡിയ എന്ന ചിത്രത്തിന് ശേഷം. ഫ്രാഞ്ചൈസിലെ അടുത്ത ചിത്രമായി എത്തിയത് മുഞ്ജ്യ എന്ന ചിത്രമാണ്. ഇതും വലിയ വിജയമാണ് അതിന് ശേഷമാണ് ഓഗസ്റ്റ് 15ന് സ്ത്രീ 2 എത്തിയത്.
ഇപ്പോള്‍ ഏതാണ്ട് ഒരു മാസത്തിലേറെയായി തുടരുന്ന സ്ത്രീയുടെ ഒടിടി റിലീസ് സംബന്ധിച്ച വാര്‍ത്തകളും വരുന്നുണ്ട്. ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്‍റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. നേരത്തെ ചിത്രത്തിന്‍റെ ഒടിടി റിലീസ് സെപ്തംബര്‍ 27ന് ഉണ്ടാകും എന്നാണ് വാര്‍ത്തകള്‍ വന്നത്. പക്ഷെ തീയറ്ററില്‍ ഇപ്പോഴും ഗംഭീര പ്രകടനം നടത്തുന്നതിനാല്‍ ഒടിടി റിലീസ് മാറ്റിവയ്ക്കും എന്നാണ് വിവരം.
ഇതിന് നിര്‍മ്മാതാക്കളും ഒടിടി പ്ലാറ്റ് ഫോമും ധാരണയായിട്ടുണ്ട്. മിക്കവാറും അടുത്ത മാസത്തില്‍ ഒടിടി റിലീസ് പ്രതീക്ഷിക്കാം. ഒക്ടോബറില്‍ പൂജ, ദീപാവലി സീസണ്‍ പ്രമാണിച്ച് സ്ത്രീ 2 ഒടിടിയില്‍ എത്തും എന്നാണ് പുതിയ വിവരം.