Djinn Movie : അപ്രതീക്ഷിത സാഹചര്യങ്ങൾ; 'ജിന്ന്' എത്താൻ വൈകുമെന്ന് സിദ്ധാര്‍ത്ഥ്
പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും സിദ്ധാര്‍ത്ഥ് അറിയിച്ചു.
സൗബിന്‍ ഷാഹിറിനെ(Soubin Shahir) നായകനാക്കി സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന 'ജിന്നി'ന്‍റെ (Djinn) റിലീസ് മാറ്റി. സിദ്ധാര്‍ത്ഥ് ഭരതന്‍ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ചില അപ്രതീക്ഷിത സാഹചര്യങ്ങളും സാങ്കേതിക തടസ്സങ്ങളും കാരമാണ് റിലീസ് മാറ്റിവെയ്ക്കുന്നതെന്നും പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും സിദ്ധാര്‍ത്ഥ് അറിയിച്ചു.
അതേസമയം 'ജിന്നി'ലെ പുതിയൊരു ഗാനവും സിദ്ധാര്‍ത്ഥ് പുറത്തുവിട്ടിട്ടുണ്ട്. 'ഏതോ വാതില്‍' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ഹരിശങ്കറും പ്രീതി പിള്ളയും ചേര്‍ന്നാണ്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ശാന്തി ബാലചന്ദ്രനാണ് നായികയായി എത്തുന്നത്.
സമീര്‍ താഹിറിന്‍റെ 'കലി'യുടെ രചയിതാവ് രാജേഷ് ഗോപിനാഥനാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. സ്ട്രെയ്റ്റ് ലൈന്‍ സിനിമാസിന്‍റെ ബാനറില്‍ സുധീര്‍ വികെ, മനു, അബ്ദുള്‍ ലത്തീഫ് വടുക്കൂട്ട് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സൗബിന്‍ ഷാഹിറിനൊപ്പം ഷറഫുദ്ദീന്‍, ഷൈന്‍ ടോം ചാക്കോ, സാബുമോന്‍, ജാഫര്‍ ഇടുക്കി, നിഷാന്ത് സാഗര്‍, സുധീഷ്, ശാന്തി ബാലചന്ദ്രന്‍, ലിയോണ ലിഷോയ്, കെപിഎസി ലളിത, ബിന്നി റിങ്കി ബെഞ്ചമിന്‍, ബേബി ഫിയോണ എന്നിവര്‍ അഭിനയിക്കുന്നു.
പ്രശാന്ത് പിള്ള സംഗീതം പകരുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് ദീപു ജോസഫ് ആണ്. പാട്ടുകള്‍ക്ക് വരികള്‍ എഴുതിയിരിക്കുന്നത് സന്തോഷ് വര്‍മ്മ, അന്‍വര്‍ അലി. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് ഗോപിനാഥ്. പബ്ലിസിറ്റി ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്.