29-ാം ദിവസം ഒടിടിയില്‍; 'സൊര്‍ഗവാസല്‍' സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു

പ്രിസണ്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം

Sorgavaasal tamil movie ott release date announced rj balaji Sharaf U Dheen netflix

ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി മറ്റൊരു ചിത്രം കൂടി സ്ട്രീമിംഗിന്. ആര്‍ ജെ ബാലാജിയെ നായകനാക്കി നവാഗതനായ സിദ്ധാര്‍ഥ് വിശ്വനാഥ് സംവിധാനം ചെയ്ത തമിഴ് ചിത്രം സൊര്‍ഗവാസലാണ് ഒടിടി റിലീസിന് ഒരുങ്ങുന്നത്. പ്രിസണ്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം നവംബര്‍ 29 നാണ് തിയറ്ററുകളില്‍ എത്തിയത്. തിയറ്റര്‍ റിലീസിന്‍റെ 29-ാം ദിവസമാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്. ഡിസംബര്‍ 27 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. പ്രമുഖ പ്ലാറ്റ്‍ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം എത്തുക. 

1999 ലെ ചെന്നൈ പശ്ചാത്തലമാക്കുന്ന ചിത്രം ജയില്‍പുള്ളികളെ ചുറ്റിപ്പറ്റിയുള്ളതാണ്. ആര്‍ ജെ ബാലാജിയുടെ കഥാപാത്രവും ഒരു തടവുപുള്ളിയാണ്. സെല്‍വരാഘവനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പാ രഞ്ജിത്തിന്‍റെ അസിസ്റ്റന്‍റ് ആയി പ്രവര്‍ത്തിച്ച അനുഭവ പരിചയവുമായാണ് സിദ്ധാര്‍ഥ് വിശ്വനാഥ് ആദ്യ ചിത്രം ഒരുക്കിയിരിക്കുന്നത്. മലയാളികള്‍ക്ക് കൗതുകം പകരുന്ന ചില കാസ്റ്റിംഗുകളും ചിത്രത്തിലുണ്ട്. പൊലീസ് വേഷത്തില്‍ ഷറഫുദ്ദീന്‍ എത്തുന്ന ചിത്രത്തില്‍ ഒരു തടവുപുള്ളിയുടെ റോളില്‍ ഹക്കിം ഷായും എത്തുന്നുണ്ട്. സാനിയ ഇയ്യപ്പനും ഒരു പ്രധാന്യമുള്ള റോളില്‍ എത്തുന്നുണ്ട്. ഭ്രമയുഗത്തിലൂടെയും പുതിയ റിലീസ് സൂക്ഷ്മദര്‍ശിനിയിലൂടെയും പ്രേക്ഷകശ്രദ്ധ നേടിയ സംഗീത സംവിധായകന്‍ ക്രിസ്റ്റോ സേവ്യര്‍ ആണ് ചിത്രത്തിന് സംഗീതം പകരുന്നത്. നട്ടി, കരുണാസ്, ബാലാജി ശക്തിവേല്‍, ആന്തണി ദാസന്‍, രവി രാഘവേന്ദ്ര, സാമുവല്‍ റോബിന്‍സണ്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തമിഴ് പ്രഭ, അശ്വിന്‍ രവിചന്ദ്രന്‍, സിദ്ധാര്‍ഥ് വിശ്വനാഥ് എന്നിവരാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് സെല്‍വ ആര്‍ കെ, കലാസംവിധാനം എസ് ജയചന്ദ്രന്‍, സ്റ്റണ്ട് ഡയറക്ടര്‍ ദിനേശ് സുബ്ബരായന്‍, വസ്ത്രാലങ്കാരം ശ്രുതി മഞ്ജരി, ചീഫ് കോസ്റ്റ്യൂമര്‍ അനന്ത നഗു, മേക്കപ്പ് ശബരി ഗിരീശന്‍, സൗണ്ട് ഡിസൈന്‍ സുരന്‍ ജി, എസ് അഴകിയകൂത്തന്‍, ഓഡിയോഗ്രഫി വിനയ് ശ്രീധര്‍, വിഗ്നേഷ് ഗുരു, ട്രെയ്‍ലര്‍ മ്യൂസിക് മിക്സ് ആന്‍ഡ് മാസ്റ്റര്‍ അബിന്‍ പോള്‍.

ALSO READ : 'ഇനി ഇവിടെ ഞാന്‍ മതി'; ആക്ഷന്‍ ടീസറുമായി 'മാര്‍ക്കോ' ടീം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios