വീണ്ടും തെന്നിന്ത്യന്‍ റീമേക്കുമായി അക്ഷയ് കുമാര്‍; 'സൂരറൈ പോട്ര്' റീമേക്ക് റിലീസ് തീയതി പ്രഖ്യാപിച്ചു
തമിഴില്‍ സൂര്യ നായകനായെത്തിയ ചിത്രം
ഇതര ഭാഷകളില്‍ നിന്ന്, വിശേഷിച്ചും തെന്നിന്ത്യന്‍ വിജയ ചിത്രങ്ങളുടെ റീമേക്കുകള്‍ ഒട്ടേറെ വരുന്നതിനാല്‍ റീമേക്ക്‍വുഡ് എന്ന് ബോളിവുഡ് വിളിക്കപ്പെടാന്‍ തുടങ്ങിയിട്ട് കുറച്ചുനാള്‍ ആയി. അവിടുത്തെ മുന്‍നിര താരം അക്ഷയ് കുമാര്‍ മാത്രം തെന്നിന്ത്യന്‍ ചിത്രങ്ങളുടെ നാല് റീമേക്കുകളിലാണ് 2020 നു ശേഷം മാത്രം അഭിനയിച്ചത്. അദ്ദേഹത്തിന്‍റേതായി പുറത്തെത്താനിരിക്കുന്ന ചിത്രങ്ങളില്‍ ഒരെണ്ണവും ഒരു തെന്നിന്ത്യന്‍ വിജയ ചിത്രത്തിന്‍റെ റീമേക്ക് ആണ്. സൂര്യയെ നായകനാക്കി സുധ കൊങ്കര ഒരുക്കിയ തമിഴ് ചിത്രം സൂരറൈ പോട്രിന്‍റെ റീമേക്ക് ആണിത്. തമിഴില്‍ സൂര്യ അവതരിപ്പിച്ച കഥാപാത്രത്തെ ഹിന്ദിയില്‍ അവതരിപ്പിക്കുന്നത് അക്ഷയ് കുമാര്‍ ആണ്. ഇനിയും പേരിട്ടിട്ടില്ലാത്ത റീമേക്കിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍ നിര്‍മ്മാതാക്കള്‍.
ഈ വര്‍ഷം സെപ്റ്റംബര്‍ 1 ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തും. അരുണ ഭാട്ടിയ, ജ്യോതിക, സൂര്യ, വിക്രം മല്‍ഹോത്ര എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ആഭ്യന്തര വിമാന സര്‍വ്വീസ് ആയ എയര്‍ ഡെക്കാണിന്‍റെ സ്ഥാപകന്‍ ജി ആര്‍ ഗോപിനാഥിന്‍റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് സൂരറൈ പൊട്രു. അപര്‍ണ ബാലമുരളിയാണ് 'ബൊമ്മി' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് സൂര്യയുടെ നായികയായി എത്തിയത്. ഏറെക്കാലത്തിനുശേഷം പ്രേക്ഷകര്‍ ഏറ്റെടുത്ത സൂര്യ ചിത്രമായി മാറിയിരുന്നു സൂരറൈ പോട്ര്. ഉര്‍വ്വശിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. എന്നാല്‍ തിയറ്റര്‍ റിലീസ് ആയിരുന്നില്ല ചിത്രം. മറിച്ച് ആമസോണ്‍ പ്രൈം വീഡിയോയിലൂടെയുള്ള ഡയറക്റ്റ് ഒടിടി റിലീസ് ആയിരുന്നു ചിത്രം.
അതേസമയം അക്ഷയ് കുമാറിന്‍റെ അവസാന ചിത്രവും ഒരു തെന്നിന്ത്യന്‍ ചിത്രത്തിന്‍റെ റീമേക്ക് ആയിരുന്നു. മലയാള ചിത്രം ഡ്രൈവിംഗ് ലൈസന്‍സിന്‍റെ റീമേക്ക് സെല്‍ഫി ആയിരുന്നു ഇത്. എന്നാല്‍ ബോക്സ് ഓഫീസില്‍ ഇത് തകര്‍ന്നുപോയിരുന്നു.