81കാരന്റെ അഴിഞ്ഞാട്ടം; ജഡകെട്ടിയ മുടി, നെറ്റിയിൽ 'ശിവമണി', ഒത്ത പൊക്കം; ഈ അശ്വത്ഥാമാവിനെ വെല്ലാൻ ആരുണ്ട് ?
ഫോട്ടോകൾ പുറത്തുവന്നതിന് പിന്നാലെ മേക്കപ്പ് ആർട്ടിസ്റ്റിനെ പ്രശംസിക്കുന്നതിനൊപ്പം അമിതാഭ് ബച്ചനെയും പുകഴ്ത്തി നിരവധി പേരാണ് രംഗത്ത് എത്തുന്നത്.
ചില സിനിമാ കഥാപാത്രങ്ങൾ ഉണ്ട്, പടം കണ്ട് തിയറ്ററുകളിൽ നിന്നും ഇറങ്ങിയാലും അവയും പ്രേക്ഷകർക്ക് ഒപ്പം കൂടെ പോരും. വളരെ അപൂർവ്വമായി മാത്രം സംഭവിക്കുന്നൊരു കാര്യമാണത്. അത്തരത്തിൽ തിയറ്റർ വിട്ടിട്ടും പ്രേക്ഷക മനസിൽ ഒന്നാകെ നിൽക്കുന്ന, സംസാരിക്കുന്നൊരു കഥാപാത്രമുണ്ട് 'അശ്വത്ഥാമാവ്'. കൽക്കി 2898 എഡി എന്ന ചിത്രത്തിലെ അമിതാഭ് ബച്ചന്റെ കഥാപാത്രമാണിത്. സിനിമ റിലീസ് ചെയ്ത് ആറ് ദിവസം പിന്നിടുമ്പോഴും മറ്റ് താരങ്ങളെക്കാൾ ഉപരി ഏവരും സംസാരിക്കുന്നത് ബച്ചന്റെ ഈ വേഷത്തെ കുറിച്ചാണ്.
ഇപ്പോഴിതാ കൽക്കിയുടെ മേക്കപ്പ് ആർട്ടിസ്റ്റ് പ്രീതിഷീൽ സിംഗ് അമിതാഭ് ബച്ചന്റെ മേക്കോവർ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്. മേക്കപ്പിന് മുൻപുള്ള നടനെയും അശ്വത്ഥാമാവായ ശേഷമുള്ള ഗംഭീര മാറ്റവും ചിത്രങ്ങളിൽ നിന്നും മനസിലാക്കാം. ഓരോ കാര്യങ്ങളും വളരെ സൂക്ഷ്മമായാണ് പ്രീതിഷീൽ ചെയ്തിരിക്കുന്നത് എന്നത് ക്ലോസപ്പ് ഷോട്ടുകളിൽ നിന്നു തന്നെ വ്യക്തമാണ്.
"സ്ക്രീൻ ഐക്കണിൽ നിന്ന് ഇതിഹാസ യോദ്ധാവിലേക്ക്! പുരാണകഥകളുടെ മഹത്വവും ഒരു സിനിമാ ഇതിഹാസത്തിൻ്റെ വൈദഗ്ധ്യവും സമന്വയിപ്പിച്ച് ബച്ചൻ സാറിനെ അശ്വത്ഥാമാവാക്കി മാറ്റിയത് ശരിക്കും അവിസ്മരണീയമാണ്", എന്നാണ് പ്രീതിഷീൽ സിംഗ് ഫോട്ടോകൾക്ക് ഒപ്പം കുറിച്ചത്.
ഫോട്ടോകൾ പുറത്തുവന്നതിന് പിന്നാലെ മേക്കപ്പ് ആർട്ടിസ്റ്റിനെ പ്രശംസിക്കുന്നതിനൊപ്പം അമിതാഭ് ബച്ചനെയും പുകഴ്ത്തി നിരവധി പേരാണ് രംഗത്ത് എത്തുന്നത്. ഈ അശ്വത്ഥാമാവിനെ വെല്ലാൻ ആരുണ്ട് ? എന്നാണ് പലരും കമന്റുകളായി രേഖപ്പെടുത്തുന്നത്. "കംപ്ലീറ്റ് പ്രഭാസ് ഷോ കാണാൻ പോയി. പക്ഷേ കണ്ടത് ഒരു എൺപത്തൊന്നു കാരന്റെ ഗോഡ് ലെവൽ അഴിഞ്ഞാട്ടം. ഇതിലും മികച്ച അശ്വത്ഥാമാവ് സ്വപ്നങ്ങളിൽ മാത്രം ", എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകൾ. അതേസമയം, ഒരു തെലുങ്ക് ചിത്രത്തിൽ ഇതര ഭാഷാ താരങ്ങളെ കൊണ്ടുവന്ന് വലിയൊരു സ്ക്രീൻ പ്രെസൻസ് നൽകിയ സംവിധായകനും അണിയറ പ്രവർത്തകർക്കും നന്ദി പറയുന്നവരും പ്രശംസിക്കുന്നവരും ധാരാളമാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..