അഭിനയം പൊളിയല്ലേ, നല്ല ശമ്പളവും വേണം; പ്രതിഫലം കൂട്ടി എസ് ജെ സൂര്യ, തെലുങ്കില്‍ ബോളിവുഡ് താരങ്ങളെയും മറികടന്നു
കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ജിഗര്‍തണ്ട ഡബിള്‍ എക്സ് ആണ് അദ്ദേഹത്തിന്‍റെ അടുത്ത റിലീസ്
പ്രകടനത്തില്‍ ഒരിക്കലും നിരാശപ്പെടുത്താത്ത താരമാണ് എസ് ജെ സൂര്യ. കരിയര്‍ മുന്നോട്ട് പോകുന്തോറും നടനെന്ന നിലയില്‍ അദ്ദേഹം ഗ്രാഫ് ഉയര്‍ത്തുന്നുമുണ്ട്. സമീപകാലത്ത് എസ് ജെ സൂര്യ ഏറ്റവും കൈയടി നേടിയ രണ്ട് ചിത്രങ്ങള്‍ ചിമ്പു നായകനായ മാനാടും വിശാല്‍ നായകനായ മാര്‍ക് ആന്‍റണിയുമാണ്. രണ്ടിലും വില്ലന്‍ വേഷങ്ങളായിരുന്നു അദ്ദേഹത്തിന്. സ്ഥിരമായി ബിഗ് സ്ക്രീനില്‍ കൈയടി നേടുന്ന എസ് ജെ സൂര്യ ഇപ്പോഴിതാ പ്രതിഫലത്തില്‍ കാര്യമായ വര്‍ധനവ് വരുത്തിയിരിക്കുകയാണ്.
കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ജിഗര്‍തണ്ട ഡബിള്‍ എക്സിന് ശേഷം എസ് ജെ സൂര്യ അഭിനയിക്കുന്ന ചിത്രം തെലുങ്കിലാണ്. വിവേക് അത്രേയയുടെ സംവിധാനത്തില്‍ നാനി നായകനാവുന്ന സരിപ്പൊദാ സനിവാരം ആണ് ആ ചിത്രം. മാര്‍ക് ആന്‍റണിയില്‍ എസ് ജെ സൂര്യ വാങ്ങിയത് 3 കോടിയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. തെലുങ്ക് ചിത്രത്തില്‍ അദ്ദേഹം വാങ്ങുന്നത് ഇതിന്‍റെ ഇരട്ടിയിലേറെ, അതായത് 10 കോടിയാണ്. ബോളിവുഡ് താരങ്ങളുടെ തെലുങ്ക് ചിത്രങ്ങളിലെ പ്രതിഫലത്തെയൊക്കെ എസ് ജെ സൂര്യ ഇതിലൂടെ മറികടന്നിട്ടുണ്ട്.
പുരി ജഗന്നാഥിന്‍റെ ഡബിള്‍ ഐസ്മാര്‍ട്ട് എന്ന ചിത്രത്തിലെ വില്ലന് വേഷത്തിന് സഞ്ജയ് ദത്ത് വാങ്ങിയത് 6 കോടി ആയിരുന്നു. സെയ്ഫ് അലി ഖാന്‍ (ദേവര), ബോബി ഡിയോള്‍ (ഹരി ഹര വീര മല്ലു), നവാസുദ്ദീന്‍ സിദ്ദിഖി (സൈന്ധവ്) എന്നിവരെയും മറികടക്കുന്നതാണ് എസ് ജെ സൂര്യയുടെ പുതിയ തെലുങ്ക് ചിത്രത്തിലെ പ്രതിഫലം. മൂന്ന് പതിറ്റാണ്ടായി തെലുങ്ക് സിനിമയിലെ സജീവ സാന്നിധ്യമായ നിര്‍മ്മാതാവ് ഡി വി വി ദാനയ്യയാണ് സരിപ്പൊദാ സനിവാരത്തിന്‍റെ നിര്‍മ്മാണം. രാജമൌലി ചിത്രം ആര്‍ആര്‍ആറിന്‍റെ നിര്‍മ്മാണവും ഇദ്ദേഹമായിരുന്നു.
ALSO READ : 'ലിയോ' ആ വ്യക്തിക്കുള്ള എന്‍റെ ആദരം; ലോകേഷ് വെളിപ്പെടുത്തുന്നു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക