'200 തിയറ്റര്‍ തരാം എന്നു പറഞ്ഞിട്ട് കരാറായത് 86 എണ്ണം'; വാക്ക് മാറ്റിയത് തിയറ്ററുകാരെന്ന് സിയാദ് കോക്കര്‍
പ്രമുഖ ഒടിടി പ്ലാറ്റ്‍ഫോം ആയ ആമസോണ്‍ പ്രൈമുമായി ചര്‍ച്ച നടത്തിയ കാര്യം ആന്‍റണി പെരുമ്പാവൂര്‍ ഇന്നലെ സ്ഥിരീകരിച്ചിരുന്നു
'മരക്കാറി'ന്‍റെ (Marakkar) 'ഒടിടി റിലീസ്' (OTT Release) സിനിമാ മേഖലയിലും പ്രേക്ഷകര്‍ക്കിടയിലും സജീവ ചര്‍ച്ചയാവുമ്പോള്‍ നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂരിന് (Antony Perumbavoor) പിന്തുണയുമായി നിര്‍മ്മാതാക്കളും വിതരണക്കാരും. വാക്കു പറഞ്ഞിട്ട് പാലിക്കാതിരുന്നത് തിയറ്റര്‍ ഉടമകളാണെന്ന് കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് സിയാദ് കോക്കര്‍ (Siyad Koker) ആരോപിച്ചു.
സിയാദ് കോക്കര്‍ പറയുന്നു
ഞങ്ങള്‍ അതിനെ (മരക്കാറിന്‍റെ ഒടിടി റിലീസ്) സ്വാഗതം ചെയ്യുകയാണ്. ഒരു സിനിമ ഏത് രീതിയില്‍ റിലീസ് ചെയ്യണമെന്നുള്ളത് നിര്‍മ്മാതാവിന്‍റെ താല്‍പര്യമാണ്. 200 തിയറ്ററില്‍ മിനിമം റണ്ണിനുവേണ്ടി കാത്തിരുന്ന ആളാണ് ആന്‍റണി പെരുമ്പാവൂര്‍. പക്ഷേ എന്‍റെ അറിവില്‍ 86 തിയറ്ററുകളുടെ എഗ്രിമന്‍റ് മാത്രമേ അദ്ദേഹത്തിന് ലഭിച്ചുള്ളൂ. മരക്കാര്‍ പോലെ ഒരു സിനിമ 86 തിയറ്ററില്‍ റിലീസ് ചെയ്യേണ്ട ഒന്നാണോ? ആന്‍റണി അനുഭവിച്ചോട്ടെ എന്നാണോ തിയറ്ററുകാരുടെ വിചാരം? അപ്പോള്‍ അദ്ദേഹത്തിന് സ്വന്തം തീരുമാനം എടുക്കേണ്ടിവന്നു. അതില്‍ എന്തിനാണ് അമര്‍ഷപ്പെടുന്നത്? ഒരു നിര്‍മ്മാതാവിനും വിതരണക്കാരനും നഷ്‍ടം സംഭവിക്കരുത് എന്നതാണ് ഞങ്ങളുടെ ആപ്‍തവാക്യം. തിയറ്ററുകാരുടെ കൈയില്‍ നിന്ന് വാങ്ങിയ അഡ്വാന്‍സ് വല്ലതുമുണ്ടെങ്കില്‍ തിരിച്ചുകൊടുക്കാന്‍ അദ്ദേഹം തയ്യാറാണ്. അത് കൊടുത്തുകൊണ്ടിരിക്കുകയുമാണ്. ആദ്യം വാക്ക് മാറ്റിയത് തിയറ്റര്‍ ഉടമകളാണ്. 200 തിയറ്റര്‍ തരാം എന്ന വാക്കിന് വിരുദ്ധമായി 86 തിയറ്ററുകളുടെ എഗ്രിമെന്‍റ് മാത്രമാണ് ലഭിച്ചത്. അദ്ദേഹം തിയറ്റര്‍ റിലീസിനുവേണ്ടി കാത്തിരുന്ന മനുഷ്യമാണ്. പക്ഷേ തിയറ്ററുകളിലുള്ള വിശ്വാസം നഷ്‍ടപ്പെട്ടുകഴിഞ്ഞാല്‍ പിന്നെ അദ്ദേഹം എന്തു ചെയ്യണം? മറ്റുള്ള സിനിമകള്‍ ഒടിടിയില്‍ പോകുന്നത് ആര്‍ക്കും വിഷയമല്ലേ? ഞങ്ങള്‍ പൂര്‍ണ്ണമായും അദ്ദേഹത്തെ പിന്തുണയ്ക്കും.
മരക്കാറിന്‍റെ റിലീസ് സംബന്ധിച്ച് പ്രമുഖ ഒടിടി പ്ലാറ്റ്‍ഫോം ആയ ആമസോണ്‍ പ്രൈമുമായി ചര്‍ച്ച നടത്തിയ കാര്യം ആന്‍റണി പെരുമ്പാവൂര്‍ ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഈ വര്‍ഷം തന്നെ റിലീസ് ഉണ്ടായേക്കും. 50 ശതമാനം പ്രവേശനം വച്ച് തിയറ്ററുകളില്‍ റിലീസ് ചെയ്‍താല്‍ ലാഭകരമാകുമോ എന്നതിലാണ് ആശങ്ക, റിലീസിനായി അധികം കാത്തിരിക്കേണ്ടിവരില്ല. ആന്‍റണി പറഞ്ഞിരുന്നു.