ആഘോഷമാക്കാൻ ശിവകാര്‍ത്തികേയന്റെ 'പ്രിൻസ്', ആദ്യ ഗാനം പുറത്തുവിട്ടു
ശിവകാര്‍ത്തികേയൻ നായകനാകുന്ന ചിത്രത്തിലെ ഗാനം.
തമിഴകത്ത് മിനിമം ഗ്യാരന്റിയുള്ള യുവ സൂപ്പര്‍താരങ്ങളില്‍ ഒന്നാം സ്ഥാനം ഇപ്പോള്‍ ശിവകാര്‍ത്തികേയനാണ്. ശിവകാര്‍ത്തികേയന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍ത 'ഡോക്ടര്‍', 'ഡോണ്‍' എന്നീ ചിത്രങ്ങള്‍ 100 കോടി ക്ലബ്ബില്‍ കടന്നിരുന്നു. ഇനി പ്രേക്ഷകര്‍ ശിവകാര്‍ത്തികേയന്റേതായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 'പ്രിൻസ്' ആണ്. തിയറ്ററുകളില്‍ ആഘോഷിക്കാവുന്ന ഒരു ചിത്രമായിരിക്കും അനുദീപ് കെ വി സംവിധാനം ചെയ്യുന്ന 'പ്രിൻസ്' എന്ന സൂചനയുമായി ഇതാ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ്.
'ബിമ്പിലിക്കി പിലാപ്പി' എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. തമൻ എസ് ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ജി കെ വിഷ്‍ണു ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ഒരു റൊമാന്റിക് കോമഡി ചിത്രമായിട്ടാണ് 'പ്രിൻസ്' എത്തുക.
ശ്രീ വെങ്കടേശ്വരൻ സിനിമാസ് എല്‍എല്‍പിയാണ് 'പ്രിൻസ്' നിര്‍മിക്കുന്നത്. വിദേശ യുവതിയുമായി പ്രണയത്തിലാകുന്ന തമിഴ് ടൂറിസ്റ്റ് ഗൈഡായിട്ടാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ അഭിനയിക്കുന്നത്. 'പ്രിൻസ്' എന്ന ചിത്രത്തില്‍ സത്യരാജും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. 'പ്രിൻസി'ല്‍ യുക്രൈൻ താരം മറിയ റ്യബോഷ്‍പ്‍കയാണ് നായിക. പ്രേംഗി അമരെൻ, പ്രാങ്ക്സ്റ്റെര്‍ രാഹുല്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. കഥാപാത്രങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. കരൈക്കുടിയാണ് ലൊക്കേഷൻ. 'പ്രിൻസി'ന്റെ തിയറ്റര്‍ വിതരണാവകാശം തമിഴ്‍നാട്ടില്‍ പ്രമുഖ ബാനറായ ഗോപുരം സിനിമാസ് സ്വന്തമാക്കിയെന്ന് വാര്‍ത്തയുണ്ടായിരുന്നു. ശിവകാര്‍ത്തികേയൻ നായകനായ ചിത്രം എന്തായാലും മികച്ച ഒന്നായിരിക്കും എന്നാണ് ഗോപുരം സിനിമാസ് വിതരണാവകാശം സ്വന്തമാക്കിയതിലൂടെ പ്രേക്ഷകര്‍ മനസിലാക്കുന്നതും. തമിഴിലും തെലുങ്കിലുമായി ഷൂട്ട് ചെയ്യുന്ന ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാര്‍ റെക്കോര്‍ഡ് തുകയ്‍ക്ക് സ്വന്തമാക്കിയെന്നാണ് വാര്‍ത്ത. സാറ്റലൈറ്റ് റൈറ്റ്‍സ് വിജയ്‍ ടിവിക്കാണ്.
ശിവകാര്‍ത്തികേയൻ നായകനായ ചിത്രം ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'ഡോണ്‍' ആണ്. സിബി ചക്രവർത്തിയാണ് ചിത്രം സംവിധാനം ചെയ്‍തത്. ശിവകാർത്തികേനും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. എസ് ജെ സൂര്യ, പ്രിയങ്ക, സമുദ്രകനി, സൂരി തുടങ്ങിയവർ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകൻ ഗൗതം മേനോനും ചിത്രത്തിൽ ഒരു ശ്രദ്ധയമായ വേഷത്തിൽ എത്തി. അനിരുദ്ധാണ് ചിത്രത്തിനായി സംഗീതം നിർവഹിക്കുന്നത്. കെ എം ഭാസ്‍കരനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. നഗൂരൻ ശിവകാര്‍ത്തികേയൻ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചു.
Read More : തൊട്ടടുത്ത് സൂപ്പര്‍താരം വിജയ്, ആവേശം പങ്കുവെച്ച് നടി വരലക്ഷ്‍മി ശരത്‍കുമാര്‍