തിയറ്ററിൽ അടിപതറി 'പ്രിൻസ്'; വിതരണക്കാർക്ക് നഷ്ടപരിഹാരവുമായി ശിവകാര്‍ത്തികേയന്‍
വൻ ഹൈപ്പോടെ എത്തിയ പ്രിന്‍സിന് പക്ഷേ തിയറ്ററുകളിലും ബോക്സ് ഓഫീസിലും പിടിച്ചുനിൽക്കാൻ സാധിച്ചില്ല.
തമിഴകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയാണ് ശിവകാർത്തികേയൻ നായകനായി എത്തിയ 'പ്രിൻസ്'. വൻ ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ തിയറ്ററുകളിലും ബോക്സ് ഓഫീസിലും പിടിച്ചുനിൽക്കാൻ സാധിച്ചില്ല. ബോക്സ് ഓഫീസിൽ വലിയ പരാജയമാണ് പ്രിൻസിന് നേരിടേണ്ടി വന്നത്. പിന്നാലെ നടനെതിരെയും അണിയറ പ്രവർത്തകർക്ക് എതിരെയും വിമർശനവുമായി നിരൂപകർ അടക്കം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ പരാജയത്തിന് പിന്നാലെ വിതരണക്കാര്‍ക്ക് ശിവകാർത്തികേയൻ നഷ്ടപരിഹാരം നല്‍കിയെന്ന വാർത്തയാണ് പുറത്തുവരുന്നത്.
നഷ്ടപരിഹാരമായി മൂന്ന് കോടി രൂപ ശിവകാർത്തികേയൻ വിതരണക്കാര്‍ക്ക് നല്‍കിയെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതുകൂടാതെ ചിത്രത്തിന്‍റെ നിര്‍മാണ കമ്പനിയായ ശ്രീ വെങ്കടേശ്വര സ്റ്റുഡിയോസിനും മൂന്ന് കോടി നല്‍കിയിട്ടുണ്ട്. വിരണക്കാര്‍ക്ക് 12 കോടിയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ വർഷം ഒക്ടോബര്‍ 21ന് ആണ് പ്രിൻസ് തിയറ്ററിൽ എത്തിയത്. അനുദീപ് കെ വി ആണ് പ്രിൻസിന്റെ സംവിധായകൻ. പ്രി റിലീസ് ബിസിനസ്സായി 100 കോടിയോളം രൂപ ചിത്രം നേടിയെന്ന വാർത്തകൾ മുൻപ് പുറത്തുവന്നിരുന്നു. വിദേശ യുവതിയുമായി പ്രണയത്തിലാകുന്ന തമിഴ് യുവാവ് ആയാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ അഭിനയിച്ചത്. ചിത്രത്തില്‍ സത്യരാജും ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു. യുക്രൈൻ താരം മറിയ റ്യബോഷ്‍പ്‍കയാണ് നായിക. പ്രേംഗി അമരെൻ, പ്രാങ്ക്സ്റ്റെര്‍ രാഹുല്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
കിഷോർ കുമാർ നിയമങ്ങള്‍ തെറ്റിച്ചോ ? ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിച്ചത് സത്യമോ ? വ്യക്തമാക്കി നടൻ
'ഡോണ്‍' ആണ് ശിവകാർത്തികേയന്റേതായി പ്രിന്‍സിന് മുമ്പ് പുറത്തിറങ്ങിയ ചിത്രം. സിബി ചക്രവര്‍ത്തിയാണ് ചിത്രം സംവിധാനം ചെയ്തത്. സംവിധായകൻ ഗൗതം മേനോനും ചിത്രത്തിൽ ഒരു ശ്രദ്ധയമായ വേഷത്തിൽ എത്തി. അനിരുദ്ധാണ് ചിത്രത്തിനായി സംഗീതം നിർവഹിച്ചത്. ഡോണിനൊപ്പം ശിവകാര്‍ത്തികേയന്‍റെ 'ഡോക്ടര്‍' എന്ന ചിത്രവും 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു.