'അക്കാരണത്താല്‍ നടികര്‍ തിലകത്തിന്‍റെ പേര് മാറ്റണം'; 'അമ്മ'യ്ക്ക് കത്തയച്ച് ശിവാജി ഗണേശന്‍റെ ആരാധക സംഘടന

"ഒത്തൊരുമയോടെ പോകുന്ന തമിഴ്, മലയാളം സിനിമ മേഖലകളുടെ ബന്ധത്തിൽ വിള്ളൽ ഉണ്ടാക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല"

sivaji ganesan fans association writes letter to amma to change the name of malayalam movie nadikar thilakam tovino thomas nsn

ടൊവിനോ തോമസിനെ നായകനാക്കി ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന നടികര്‍ തിലകം എന്ന സിനിമയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി ശിവാജി ഗണേശന്‍റെ ആരാധക സംഘടന. നടികർ തിലകം ശിവാജി സമൂഗ നള പേരവൈ എന്ന സംഘടനയാണ് ആവശ്യം ഉന്നയിച്ച് മലയാള സിനിമയിലെ താരസംഘടനയായ അമ്മയ്ക്ക് കത്തയച്ചിരിക്കുന്നത്. തമിഴ് സിനിമാലോകത്ത് ശിവാജി ഗണേശന്‍റെ വിശേഷണപ്പേര് ആയിരുന്നു നടികര്‍ തിലകം എന്നത്. ഒരു കോമഡി ചിത്രത്തിന് ഈ പേര് നല്‍കുന്നത് മണ്‍മറഞ്ഞ ഒരു പ്രതിഭയുടെ പ്രശസ്തിയെ ബോധപൂര്‍വ്വം കളങ്കപ്പെടുത്താനാണെന്നാണ് തങ്ങള്‍ കരുതുന്നതെന്നും അതിനാല്‍ പേര് മാറ്റണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

ശിവാജി സമൂഗ നള പേരവൈ 'അമ്മ'യ്ക്ക് അയച്ച കത്ത്

ജീന്‍ പോള്‍ ലാലിന്‍റെ സംവിധാനത്തില്‍ നടികര്‍ തിലകം എന്നൊരു മലയാള ചിത്രം നിര്‍മ്മിക്കപ്പെടുന്നതായി ഞങ്ങള്‍ അറിയാന്‍ ഇടയായി.  ഇത് ഞങ്ങളെ സംബന്ധിച്ച് കേവലം ഒരു പേര് മാത്രമല്ല, മറിച്ച് ഞങ്ങളുടെ ജീവശ്വാസമാണ്. ഒരു ടൈറ്റില്‍ അല്ല അത്, മറിച്ച് തമിഴ് സിനിമയുടെ സ്വരാക്ഷരം തന്നെയാണ്. തമിഴ് സിനിമയുടെ ദീപസ്തംഭമായിരുന്ന ശിവാജി ഗണേശന് അദ്ദേഹത്തിന്‍റെ ആരാധകര്‍ നല്‍കിയ വിശേഷണമായിരുന്നു അത്. നടികർ തിലകം എന്ന പേര് ഒരു മലയാള സിനിമയ്ക്ക് നൽകുന്നത് തമിഴ്നാട്ടിലുള്ള ശിവാജി ഗണേശൻ ആരാധകർക്കും തമിഴ് സിനിമയെ സ്നേഹിക്കുന്ന ലോകമെമ്പാടുമുള്ള എല്ലാവർക്കും ഏറെ വേദന ജനിപ്പിക്കുന്നതാണ്. അദ്ദേഹത്തിന്റെ പേര് ഒരു കോമഡി സിനിമക്ക് നൽകുന്നതിലൂടെ ഞങ്ങൾ ഹൃദയംകൊണ്ട് ആരാധിക്കുന്ന ആ നടന്റെ പേരിനെ മനഃപൂർവം അവഹേളിക്കുകയാണ്. ഒത്തൊരുമയോടെ പോകുന്ന തമിഴ്, മലയാളം സിനിമ മേഖലകളുടെ ബന്ധത്തിൽ വിള്ളൽ ഉണ്ടാക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അതിനാൽ തന്നെ നടികർ തിലകം എന്ന പേര് ഉപയോഗിക്കുവാൻ അനുവദിക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു. ഈ പേര് ഉപയോഗിക്കുവാന്‍ ഇതിനകം അനുമതി നല്‍കിയിട്ടുണ്ടെങ്കില്‍ അത് റദ്ദാക്കണമെന്നും മറ്റൊരു പേര് ഉപയോഗിക്കുവാന്‍ അവരെ ഉപദേശിക്കണമെന്നും ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു, കത്തിൽ പറയുന്നു. സംഘടനയുടെ പ്രസിഡന്‍റ് കെ ചന്ദ്രശേഖരന്‍റെ പേരിലുള്ളതാണ് കത്ത്.

മിന്നല്‍ മുരളി, തല്ലുമാല, അജയൻ്റെ രണ്ടാം മോഷണം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ടോവിനോ നായകനാകുന്ന ചിത്രമാണ് നടികർ തിലകം. ഭാവനയാണ് ചിത്രത്തിൽ നായികയാകുന്നത്. ഡ്രൈവിംഗ് ലൈസന്‍സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന നടികർ തിലകം അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്‌സ്പീഡാണ് നിര്‍മിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്‍ണ, സംവിധായകൻ രഞ്ജിത്ത്,  ഇന്ദ്രൻസ്, മധുപാൽ, ഗണപതി, വിജയ് ബാബു, അൽത്താഫ് സലിം, മണിക്കുട്ടൻ, അഭിറാം പൊതുവാൾ, ചന്ദു സലിംകുമാർ, ശ്രീകാന്ത് മുരളി, അർജുൻ നന്ദകുമാർ, ദിവ്യ പിള്ള, ജോർഡി പൂഞ്ഞാർ, ദിനേശ് പ്രഭാകർ, അബു സലിം, ബൈജുക്കുട്ടൻ, ഷോൺ സേവ്യർ, തുഷാര പിള്ള, ദേവി അജിത്, സ്മിനു സിജോ, കൃഷ്ണ സംഗീത്, ലെച്ചു (ബിഗ് ബോസ് ഫെയിം), രജിത്ത് (ബിഗ് ബോസ് ഫെയിം,) തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ, ചെമ്പിൽ അശോകൻ, മാലാ പാർവതി, ദേവികാ ഗോപാൽ നായർ, ബേബി ആരാധ്യ, ജയരാജ്‌ കോഴിക്കോട്, അഖിൽ കണ്ണപ്പൻ, ഖയസ് മുഹമ്മദ്, ബേബി വിയ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ALSO READ : എന്തുകൊണ്ട് മഡോണ സെബാസ്റ്റ്യന്‍? 'എലീസ ദാസി'നെ തീരുമാനിച്ചത് എങ്ങനെയെന്ന് ലോകേഷ് കനകരാജ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios