'ഞാൻ പാടിയ പല പാട്ടുകളും സൂപ്പര്‍ഹിറ്റായതിനു പിന്നില്‍ ലാലിന്റെ സാന്നിധ്യമുണ്ട്'; ഉണ്ണി മേനോന്‍
മോഹൻലാലിനെ കണ്ടുമുട്ടിയ സന്തോഷവും ഇരുവരും തമ്മിലുള്ള സൗഹൃദവുമാണ് ഉണ്ണി മേനോൻ പങ്കുവച്ചിരിക്കുന്നത്.
പുലിമുരുകൻ (Pulimurugan)എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലും (Mohanlal) വൈശാഖും (Vysakh )വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മോണ്‍സ്റ്റര്‍ (Monster). ഈ ഹിറ്റ് കോംമ്പോയിലുള്ള ചിത്രത്തിനായിരുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ പ്രേക്ഷകർ. അതുകൊണ്ട് തന്നെ മോൺസ്റ്ററുമായി ബദ്ധപ്പെട്ട് വരുന്ന വാർത്തകൾക്ക് വലിയ സ്വീകാര്യതയാണ് സിനിമാസ്വാദകർ നൽകുന്നത്. ഇപ്പോഴിതാ ഗായകൻ ഉണ്ണി മേനോന്‍ പങ്കുവച്ചൊരു കുറിപ്പാണ് ശ്രദ്ധനേടുന്നത്.
മോഹൻലാലിന്റെ സിനിമകളിൽ മികച്ച ഗാനങ്ങൾക്ക് ശബ്ദം നൽകാൻ ഉണ്ണി മേനോന് സാധിച്ചിട്ടുണ്ട്. മോണ്‍സ്റ്ററിലും അദ്ദേഹം ഗാനം ആലപിക്കുന്നുണ്ട്. ഈ അവസരത്തിൽ മോഹൻലാലിനെ കണ്ടുമുട്ടിയ സന്തോഷവും ഇരുവരും തമ്മിലുള്ള സൗഹൃദവുമാണ് ഉണ്ണി മേനോൻ പങ്കുവച്ചിരിക്കുന്നത്. താൻ പാടിയ പല പാട്ടുകളും ഒരു സൂപ്പർ ഹിറ്റ് ആയി മാറിയതിന്റെ പുറകിൽ ആ സിനിമകളിലെ ലാലിന്റെ ദൃശ്യ സാന്നിധ്യത്തിന് വളരെയേറെ പങ്കുണ്ടെന്ന് അദ്ദേഹം പറയുന്നു.
ഉണ്ണി മേനോന്റെ വാക്കുകൾ
നാല് പതിറ്റാണ്ടിലേറെയായി ഈ നടനവിസ്മയം നമ്മുടെ മനസ്സുകളിലേക്ക് കയറിക്കൂടിയിട്ട്. ഏറെക്കാലത്തെ സൗഹൃദം ഉണ്ടെങ്കിലും ഇന്നും അത്ഭുതവും, ആദരവും നിറഞ്ഞ മനസ്സോടെയല്ലാതെ അദ്ദേഹത്തിനരികിലേക്ക് ചെല്ലുവാനെനിക്കാവില്ല. നടന വൈഭവത്തിനൊപ്പം വ്യക്തിപ്രഭാവവും അത്രമേൽ അദ്ദേഹത്തിൽ ജ്വലിച്ചു നിൽക്കുന്നു. ഞാൻ പാടിയ പല പാട്ടുകളും ഒരു സൂപ്പർ ഹിറ്റ് ആയി മാറിയതിന്റെ പുറകിൽ ആ സിനിമകളിലെ ലാലിന്റെ ദൃശ്യ സാന്നിധ്യത്തിന് വളരെയേറെ പങ്കുണ്ട്.
ഈ അടുത്തയിടെ കൊച്ചിയിൽ വെച്ച് മോൺസ്റ്റർ എന്ന പുതിയ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലേക്കാണ് ലാൽ എന്നെ ക്ഷണിച്ചത്. എന്നോടൊപ്പം എന്റെ പ്രിയ സുഹൃത് ശരത് കുമാറും ഉണ്ടായിരുന്നു. സിനിമയുടെ costume ലും, ഷൂട്ടിംഗ് തിരക്കുകൾക്കിടയിലും ആയിരുന്നിട്ടു പോലും രണ്ട് മണിക്കൂറോളം ഞങ്ങൾ ഒരുമിച്ചു ചിലവഴിച്ചു. ആ സമയമത്രയും ഞങ്ങളെ വളരെ comfortable ആക്കി വെയ്ക്കാൻ ലാൽ കാണിച്ച പ്രത്യേക ശ്രദ്ധ അദ്ദേഹത്തിന്റെ സ്വഭാവത്തിലെ എടുത്തു പറയേണ്ട ഒരു സവിശേഷതയാണ്.
അവിടെ വെച്ച് ശ്രീ ആന്റണി പെരുമ്പാവൂരിനെയും, ചിത്രത്തിന്റെ സംവിധായകൻ ശ്രീ വൈശാഖിനെയും പരിചയപ്പെടാൻ സാധിച്ചത് ഏറെ സന്തോഷം നൽകുന്നു. വീണ്ടും കാണാമെന്ന് പറഞ്ഞു നിറഞ്ഞ മനസ്സോടെ യാത്രചോദിക്കവേ ഒരു നല്ല സായാഹ്നത്തിന്റെ ഓർമ്മക്കുറിപ്പായി എടുത്ത ഫോട്ടോ ആണിത്. ഏറെ സന്തോഷത്തോടെ ഇത് നിങ്ങൾക്കായി ഇവിടെ പങ്കുവെയ്ക്കട്ടെ....ലാലിന് ഒരിക്കൽ കൂടി എന്റെ സ്നേഹാദരങ്ങൾ.