മഞ്ഞലയിൽ മുങ്ങിത്തോർത്തി വന്ന ധനു മാസ ചന്ദ്രിക...; ഓര്‍മയായത് മലയാളിയുടെ പ്രണയനാദം
1965ല്‍ കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രത്തിലാണ് ജയചന്ദ്രന്‍ ആദ്യമായി പാടിയതെങ്കിലും പുറത്തുവന്നത് മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തിയെന്ന ഗാനമാണ്. ആദ്യപാട്ടിലൂടെ തന്നെ യേശുദാസിനൊപ്പം അദ്ദേഹം തന്‍റെ സ്ഥാനം രേഖപ്പെടുത്തി.
''മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി, ധനുമാസ ചന്ദ്രിക വന്നു, നീമാത്രം വന്നില്ലല്ലോ....'' ഒരുഗായകന്‍റെ ആദ്യമായി പുറത്തുവന്ന ഗാനം 60 വര്‍ഷത്തിന് ശേഷവും സംഗീത പ്രേമികള്‍ മുതല്‍ സാധാരക്കാര്‍ വരെയുള്ളവരുടെ ഇഷ്ടഗാനമായി മാറുക, ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം ഇതിലും വലിയ നേട്ടമെന്താണ്. അതായിരുന്നു പി. ജയചന്ദ്രന്‍. ആദ്യപാട്ടിലൂടെ തന്നെ മലയാള ഗാനലോകത്തില്‍ തന്‍റെ കസേര വലിച്ചിടുകയായിരുന്നു ഒറ്റപ്പാട്ടിലൂടെ അദ്ദേഹം ചെയ്തത്. 1966ല്‍ പുറത്തിറങ്ങിയ കളിത്തോഴന്‍ എന്ന ചിത്രത്തില്‍ പാടിയ ഗാനമാണ് ആദ്യമായി ജയചന്ദ്രന്‍റേതായി പുറത്തുവന്നത്. ജി ദേവരാജന്‍ സംഗീതവും പി ഭാസ്കരന്‍ രചനയും നിര്‍വഹിച്ച ആ ഗാനം അറുപതാം വര്‍ഷത്തിലും ഇന്ന് പലരുടെയും ഇഷ്ടഗാനങ്ങളിലൊന്നാണ്.
1965ല്‍ കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രത്തിലാണ് ജയചന്ദ്രന്‍ ആദ്യമായി പാടിയതെങ്കിലും പുറത്തുവന്നത് 'മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി'യെന്ന ഗാനമാണ്. ആദ്യപാട്ടിലൂടെ തന്നെ യേശുദാസിനൊപ്പം അദ്ദേഹം തന്‍റെ സ്ഥാനം രേഖപ്പെടുത്തി. പിന്നീട് പതിറ്റാണ്ടുകളോളം മലയാള സിനിമാ ഗാന ചരിത്രത്തില്‍ പുരുഷ ശബ്ദമെന്നത് യേശുദാസ്-ജയചന്ദ്രന്‍ ദ്വന്ദമായി മാറി. ആദ്യ പാട്ടുമുതല്‍, മലയാള സിനിമാഗാന രംഗം ഇക്കാലം വരെ എവിടെയെത്തിയോ അവിടെയെല്ലാം ജയചന്ദ്രനുമുണ്ടായിരുന്നു. ഭാവഗായകന്‍ എന്ന വിശേഷണത്തെ അന്വര്‍ഥമാക്കുന്നതായിരുന്നു ഓരോ ഗാനവും. പുറത്തിറങ്ങിയ ഗാനങ്ങളില്‍ ഭൂരിഭാഗവും ഹിറ്റ്. ജി. ദേവരാജന്‍, ദക്ഷിണാമൂര്‍ത്തി, എംബി ശ്രീനിവാസന്‍, എംഎസ് വിശ്വനാഥന്‍ തുടങ്ങി മുന്‍തലമുറക്കാരുടെയും ഇളംതലമുറക്കാരുടെയും ഇഷ്ടഗായകന്‍ തന്നെയായിരുന്നു ജയചന്ദ്രന്‍.
അനുരാഗ ഗാനം പോലെ, നിന്‍മണിയറയിലെ, രാജീവ നയനേ നീയുറങ്ങൂ, ഒന്നിനി തിരിതാഴ്ത്തൂ, നീലഗിരിയുടെ സഖികളേ, സ്വർണഗോപുര നർത്തകീ ശില്പം, കർപ്പൂരദീപത്തിൻ കാന്തിയിൽ, അഷ്ടപദിയിലെ നായികേ, തിരുവാഭരണം ചാർത്തി വിടർന്നു, കാറ്റുമൊഴുക്കും കിഴക്കോട്ട്, റംസാനിലെ ചന്ദ്രികയോ, നന്ദ്യാർവട്ട പൂ ചിരിച്ചു, ഹർഷബാഷ്പംചൂടി, ഏകാന്ത പഥികൻ , ശരദിന്ദു മലർദീപനാളം, പ്രായം തമ്മില്‍ പ്രേമം നല്‍കി, അറിയാതെ അറിയാതെ...എണ്ണിയാലൊടുങ്ങാത്ത ഗാനങ്ങളിലൂടെ മലയാളിയുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ ജയചന്ദ്രന്‍, ഭൂമുഖത്ത് മലയാളി ഉണ്ടാകുന്നത്രയും കാലം ജനമനസ്സുകളില്‍ ജീവിക്കും.