'ഭീകര കുറ്റകൃത്യം, ഓരോ ഇന്ത്യക്കാരനും ലജ്ജിച്ച് മുഖം താഴ്ത്തണം'; ഡോക്ടറുടെ കൊലപാതകത്തിൽ കെ എസ് ചിത്ര
നിർഭയ സംഭവത്തേക്കാൾ ഭീകരമാണ് ഈ ഭീകരമായ കുറ്റകൃത്യമെന്നും കെ എസ് ചിത്ര.
കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് ഗായിക കെ എസ് ചിത്ര. ദില്ലിയിലെ നിർഭയ സംഭവത്തെക്കാൾ ഭീകരമായ കുറ്റകൃത്യമാണിതെന്നും ഓരോ ഇന്ത്യക്കാരനും ലജ്ജിച്ച് മുഖം താഴ്ത്തണമെന്നും ചിത്രം സോഷ്യൽ മീഡിയയിൽ കുറിച്ചു.
"കൊൽക്കത്തയിലെ ആർ ജി കാർ ആശുപത്രിയ്ക്ക് ഉള്ളിൽ ഒരു വനിതാ ഡോക്ടറെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവവും തെളിവ് നശിപ്പിക്കാനുള്ള തുടർ ശ്രമങ്ങളും സംബന്ധിച്ച വാർത്തകൾ കേട്ട് ഞാൻ ഞെട്ടിത്തരിച്ചിരിക്കുകയാണ്. ഓരോ ഇന്ത്യക്കാരനും ലജ്ജിച്ച് മുഖം താഴ്ക്കണം. ഏതാനും വർഷങ്ങൾക്ക് മുമ്പ് ദില്ലിയിൽ നടന്ന നിർഭയ സംഭവത്തേക്കാൾ ഭീകരമാണ് ഈ ഭീകരമായ കുറ്റകൃത്യം. അന്വേഷണങ്ങൾ നേരിട്ട് നിരീക്ഷിക്കാനും സംഭവത്തിൽ ഉൾപ്പെട്ട എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാനും ഞാൻ ഞങ്ങളുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയോട് വിനീതമായി അഭ്യർത്ഥിക്കുകയാണ്. പരേതയായ ആത്മാവിന് വേണ്ടി ഞാൻ തല കുമ്പിട്ട് പ്രാർത്ഥിക്കുകയാണ്", എന്നാണ് ചിത്ര കുറിച്ചത്.
ഓഗസ്റ്റ് ഒൻപത് വെള്ളിയാഴ്ച ആയിരുന്നു രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്. അന്നേദിവസം രാവിലെ ആറ്‍ ജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെമിനാർ ഹാളിൽ ജൂനിയർ ഡോക്ടറുടെ മൃതദേഹം കണ്ടെത്തുക ആയിരുന്നു. ചെസ്റ്റ് മെഡിസിൻ വിഭാഗത്തിലെ രണ്ടാം വർഷ പിജി ഡോക്ടർ ആയിരുന്നു കൊല്ലപ്പെട്ടത്. ഡ്യൂട്ടിയ്ക്കിടെ ആയിരുന്നു സംഭവം നടന്നത്.
'സംവിധാനം മോഹൻലാൽ' സ്ക്രീനിൽ തെളിയാൻ വൈകും; ബറോസ് റിലീസ് നീട്ടി
അതേസമയം, സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഇരമ്പുകളാണ്. കൊല്ലപ്പെട്ട ഡോക്ടറുടെ ചിത്രത്തിന് മുന്നിൽ മെഴുകുതിരികൾ കത്തിച്ച് പ്രാർത്ഥന ചൊല്ലിയും ആരോഗ്യപ്രവർത്തകർ പ്രതിഷേധിച്ചു കൊണ്ടിരിക്കയാണ്. മകളെ നഷ്ടപ്പെട്ട തങ്ങൾക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് കൊല്ലപ്പെട്ട ജൂനിയർ ഡോക്ടറുടെ അച്ഛൻ. കേരളത്തിൽ അടക്കം മകൾക്കായി നടക്കുന്ന സമരത്തെ കുറിച്ച് അറിയാമെന്നും മകൾ കൊല്ലപ്പെട്ട ആർജി കർ ആശുപത്രിയിൽ കുറ്റവാളികളുണ്ടെന്നും സിബിഐ ഇതുവരെ ഒരു പ്രതിയെയും പിടികൂടിയിട്ടില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..