'നീണ്ട ഏഴ് വർഷങ്ങൾ.. ഓർത്തു കൊണ്ടേയിരിക്കുന്നു'; ജിഷ്ണുവിന്റെ ഓർമയിൽ സിദ്ധാർത്ഥ് ഭരതൻ
നമ്മള്‍ എന്ന ചിത്രത്തിലൂടെ ഒരുമിച്ചാണ് സിദ്ധാര്‍ത്ഥും ജിഷ്ണുവും വെള്ളിത്തിരയില്‍ എത്തിയത്.
മലയാള സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടനായിരുന്നു ജിഷ്ണു രാഘവൻ. അപ്രതീക്ഷിതമായി ക്യാൻസർ എന്ന മഹാമാരി ജിഷ്ണുവിനെ കവർന്നെടുത്തത് മലയാള സിനിമയെ, കേരളത്തെ ഒന്നാകെ ദുഃഖത്തിലാഴ്ത്തി. ഇനിയും സമ്മാനിക്കാൻ നിരവധി കഥാപാത്രങ്ങൾ ബാക്കിയാക്കി 2016 മാര്‍ച്ച് ഇരുപത്തിയഞ്ചിന് ജിഷ്ണു ഇഹലോകവാസം വെടിഞ്ഞു. വീണ്ടുമൊരു മാര്‍ച്ച് ഇരുപത്തിയഞ്ച് വരാനൊരുങ്ങുമ്പോൾ ജിഷ്ണുവിന്റെ ഓര്‍മ്മകള്‍ക്ക് ഏഴ് വര്‍ഷം പൂര്‍ത്തിയാകാൻ പോകുകയാണ്. ഈ അവസരത്തിൽ നടനും സംവിധായകനുമായ സിദ്ധാർത്ഥ് ഭരതൻ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്.
നമ്മൾ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ ഇരുവരുെ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ ഫോട്ടോയ്ക്ക് ഒപ്പമാണ് സിദ്ധാർത്ഥ് ഓർമ പങ്കിടുന്നത്. 'ഈ ദിനത്തിൽ മാത്രമല്ല പ്രിയപ്പെട്ട ജിഷ്ണുവിനെ സ്മരിക്കുന്നത്... നീണ്ട 7 വർഷത്തെ വേർപാട്...', എന്നാണ് സിദ്ധാർത്ഥ് കുറിച്ചത്. പിന്നാലെ നിരവധി പേരാണ് ജിഷ്ണുവിനെ അനുസ്മരിച്ച് കൊണ്ട് കമന്റ് ചെയ്തത്.
നമ്മള്‍ എന്ന ചിത്രത്തിലൂടെ ഒരുമിച്ചാണ് സിദ്ധാര്‍ത്ഥും ജിഷ്ണുവും വെള്ളിത്തിരയില്‍ എത്തിയത്. പിന്നീട് നിദ്ര എന്ന ചിത്രത്തിന് വേണ്ടിയും ഇരുവരും ഒന്നിച്ചു. സിദ്ധാര്‍ത്ഥ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടെയായിരുന്നു നിദ്ര.
കിളിപ്പാട്ട് എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് ജിഷ്ണു ക്യാമറയ്ക്ക് മുന്നിലെത്തിയത്. റബേക്ക ഉതുപ്പ് കിഴക്കേമല എന്ന ചിത്രത്തിലാണ് മലയാളികള്‍ അവസാനമായി ജിഷ്ണുവിനെ കണ്ടത്. രാജേഷ് പിള്ളയുടെ ട്രാഫിക് എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് ജിഷ്ണുവിന്റേതായി ഒടുവിൽ റിലീസ് ചെയ്ത സിനിമ.
ബോള്‍ഡ് ലുക്കിൽ ഗ്ലാമറസ്സായി ബിഗ് ബോസ് താരം
അതേസമയം, 'ചതുരം' എന്ന ചിത്രമാണ് സിദ്ധാര്‍ത്ഥിന്‍റെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്. ചിത്രത്തിന്‍റെ രചന സിദ്ധാര്‍ഥും വിനോയ് തോമസും ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഗ്രീന്‍വിച്ച് എന്‍റര്‍ടെയ്ന്‍മെന്‍റ്സ്, യെല്ലോ ബേഡ് പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ വിനീത അജിത്ത്, ജോര്‍ജ് സാന്‍റിയാഗോ, ജംനീഷ് തയ്യില്‍, സിദ്ധാര്‍ഥ് ഭരതന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ശാന്തി ബാലചന്ദ്രന്‍, അലന്‍സിയര്‍ ലേ ലോപ്പസ്, നിഷാന്ത് സാഗര്‍, ലിയോണ ലിഷോയ്, ജാഫര്‍ ഇടുക്കി, ജിലു ജോസഫ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.