Shruti Haasan : 'ഞാന്‍ ഗുരുതരാവസ്ഥയിലല്ല'; വ്യാജ പ്രചരണങ്ങള്‍ക്കെതിരെ ശ്രുതി ഹാസന്‍

ദിവസങ്ങള്‍ക്ക് മുന്‍പിട്ട സോഷ്യല്‍ മീഡിയ പോസ്റ്റ് ആണ് ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചത്

Shruti Haasan clarifies fake news about her hospitalization and health condition pcos

തന്‍റെ ആരോഗ്യാവസ്ഥ സംബന്ധിച്ച വ്യാജ പ്രചരണങ്ങള്‍ക്കെതിരെ നടി ശ്രുതി ഹാസന്‍ (Shruti Haasan). തന്‍റെ പിസിഒഎസ് (പോളിസിസ്റ്റിക് ഓവറി സിന്‍ട്രോം) അവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തിക്കൊണ്ടുള്ള ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് ഏതാനും ദിവസം മുന്‍പ് ശ്രുതി ഹാസന്‍ പങ്കുവച്ചിരുന്നു. സ്ത്രീകള്‍ക്കിടയില്‍ സാധാരണമായ ഹോര്‍മോണ്‍ സംബന്ധിയായ തകരാറിനെ പോസിറ്റീവ് ആയി നേരിടണമെന്നും താന്‍ അതാണ് ചെയ്യുന്നതെന്നും ഒക്കെ പറഞ്ഞുകൊണ്ടുള്ളതായിരുന്നു പ്രസ്തുത പോസ്റ്റ്. എന്നാല്‍ ചില യുട്യൂബ് ചാനലുകള്‍ അടക്കം ശ്രുതി ഗുരുതരാവസ്ഥയിലാണെന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയാണെന്നുമൊക്കെ തമ്പ് നെയിലുകള്‍ വച്ച് പ്രചരണം നടത്തി. വ്യാജ പ്രചരണങ്ങള്‍ക്കെതിരെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ശ്രുതി ഹാസന്‍റെ പ്രതികരണം.

ഇടതടവില്ലാതെ ജോലി ചെയ്‍തുകൊണ്ടിരിക്കുകയാണ് ഞാന്‍. നല്ല സമയത്തിലൂടെയാണ് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. ഒരുപാട് സ്ത്രീകളെപ്പോലെ എനിക്കുമുള്ള പിസിഒഎസ് അവസ്ഥയെക്കുറിച്ചും എന്‍റെ വര്‍ക്കൌണ്ട് ശീലങ്ങളെക്കുറിച്ചുമൊക്കെ പ്രതിപാദിച്ച് ദിവസങ്ങള്‍ക്കു മുന്‍പ് ഞാനിട്ട ഒരു പോസ്റ്റിനെക്കുറിച്ച് വ്യക്തമാക്കേണ്ടതുണ്ട്. ശരിയാണ്, അതില്‍ വെല്ലുവിളിയുണ്ട്. പക്ഷേ അതിനര്‍ഥം എനിക്ക് സുഖമില്ലെന്നോ ഏതെങ്കിലും തരത്തിലുള്ള ഗുരുതരാവസ്ഥയിലാണെന്നോ അല്ല. യഥാര്‍ഥത്തില്‍ പോസിറ്റീവ് ആയിരുന്ന ആ പോസ്റ്റിനെ ഞാന്‍ വിചാരിക്കാത്ത തരത്തില്‍ വളച്ചൊടിച്ചിരിക്കുകയാണ് ചില മാധ്യമങ്ങള്‍. ഞാന്‍ ആശുപത്രിയിലാണോ എന്ന് അന്വേഷിച്ച് ചില ഫോണ്‍കോളുകളും ഇന്ന് ലഭിച്ചു. അല്ലേയല്ല. ഞാന്‍ സുഖമായി ഇരിക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി എനിക്ക് പിസിഒഎസ് ഉണ്ട്. അതേസമയം സുഖമായി ഇരിക്കുകയുമാണ്. ആയതിനാല്‍ നിങ്ങളുടെ ആശങ്കകള്‍ക്ക് നന്ദി, ശ്രുതി ഇന്‍സ്റ്റഗ്രാം സ്റ്റോറി വീഡിയോയില്‍ പറഞ്ഞു.

തമിഴിനേക്കാള്‍ തെലുങ്കിലാണ് ശ്രുതി ഹാസന്‍ ഇപ്പോള്‍ സജീവം. പിട്ട കാതലു, വക്കീല്‍ സാബ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം മൂന്ന് തെലുങ്ക് ചിത്രങ്ങളാണ് അവരുടേതായി പുറത്തുവരാനുള്ളത്. അതേസമയം തമിഴ് ചിത്രം ലാബമാണ് ശ്രുതിയുടേതായി അവസാനം പുറത്തെത്തിയത്.

ALSO READ : 'അക്കാരണത്താല്‍ സിനിമ ഒഴിവാക്കി'; ഗജിനിക്കായി സൂര്യയ്ക്കു മുന്‍പേ പരിഗണിച്ചത് മാധവനെ

Latest Videos
Follow Us:
Download App:
  • android
  • ios