'വിക്ര'മും 'വേദ'യുമാവാന്‍ ഋത്വിക്കും സെയ്‍ഫും; ഹിന്ദി റീമേക്ക് ആരംഭിച്ചു

ഒറിജിനലിന്‍റെ സംവിധായകരായ പുഷ്‍കര്‍-ഗായത്രി തന്നെയാണ് ഹിന്ദി റീമേക്കും സംവിധാനം ചെയ്യുന്നത്

shooting of vikram vedha hindi remake starts

പുഷ്‍കര്‍-ഗായത്രിയുടെ സംവിധാനത്തില്‍ 2017ല്‍ പുറത്തിറങ്ങിയ നിയോ നോയര്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിരുന്നു 'വിക്രം വേദ' (Vikram Vedha). ചിത്രം പുറത്തിറങ്ങി രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ മുതല്‍ ഒരു ഹിന്ദി റീമേക്കിനെക്കുറിച്ച് (Hindi Remake) റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ആരൊക്കെയായിരിക്കും ടൈറ്റില്‍ കഥാപാത്രങ്ങള്‍ എന്ന് സിനിമാപ്രേമികളും പിന്നാലെ ചര്‍ച്ച ആരംഭിച്ചു. എന്നാല്‍ നായകന്മാരാകുന്നത് ആരൊക്കെയെന്ന് ഉറപ്പിച്ചത് അടുത്തിടെയാണ്. ഋത്വിക് റോഷനും (Hrithik Roshan) സെയ്‍ഫ് അലി ഖാനുമാണ് (SaIf Ali Khan) ഹിന്ദി റീമേക്കില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിന് ഇന്ന് തുടക്കമായി.

ഒറിജിനലിന്‍റെ സംവിധായകരായ പുഷ്‍കര്‍-ഗായത്രി തന്നെയാണ് ഹിന്ദി റീമേക്കും സംവിധാനം ചെയ്യുന്നത്. ഫ്രൈഡേ ഫിലിം‍വര്‍ക്ക്സിന്‍റെ ബാനറില്‍ നീരജ് പാണ്ഡേ, ഒപ്പം റിലയന്‍സ് എന്‍റര്‍ടെയ്‍ന്‍മെന്‍റും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മാണം. 2002ല്‍ പുറത്തെത്തിയ 'ന തും ജാനോ ന ഹം' എന്ന ചിത്രത്തിലാണ് ഇതിനു മുന്‍പ് ഋത്വിക്കും സെയ്‍ഫും ഒരുമിച്ചെത്തിയത്.

ഓരം പോ, വ-ക്വാര്‍ട്ടര്‍ കട്ടിംഗ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷമുള്ള പുഷ്കര്‍-ഗായത്രി ചിത്രമായിരുന്നു വിക്രം വേദ. ആദ്യ രണ്ട് ചിത്രങ്ങളും ചെന്നൈ നഗരം പശ്ചാത്തലമാക്കിയ സ്ട്രീറ്റ് കോമഡികള്‍ ആയിരുന്നുവെങ്കില്‍ നിയോ-നോയര്‍ ഗണത്തില്‍ പെടുത്താവുന്ന ആക്ഷന്‍ ത്രില്ലറായിരുന്നു വിക്രം വേദ. പഴയ വിക്രമാദിത്യന്‍-വേതാളം കഥയെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ ധര്‍മ്മത്തെയും നീതിയെയും കുറിച്ച് പൊലീസ് ഓഫീസറോട് (മാധവന്‍) ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന ഗുണ്ടാത്തലവനായിരുന്നു വിജയ് സേതുപതി കഥാപാത്രം. ഇരുവരുടെയും ഗംഭീര പ്രകടനവും ശ്രദ്ധ നേടിയിരുന്നു. ഈ സിനിമയുടെ തയ്യാറെടുപ്പുകള്‍ക്ക് മാത്രം നാല് വര്‍ഷം ചെലവഴിച്ചെന്ന് പുഷ്ടകര്‍-ഗായത്രി പറഞ്ഞിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios