'രണ്ട് ലക്ഷം രൂപ നല്‍കി', ബാലയുടെ ആരോപണം നിഷേധിച്ച് ഉണ്ണി മുകുന്ദൻ ചിത്രത്തിന്റെ നിര്‍മാതാക്കള്‍

ഉണ്ണി മുകുന്ദൻ പ്രതിഫലം നല്‍കിയില്ലെന്ന് ആരോപിച്ച് ബാല രംഗത്ത് എത്തിയിരുന്നു.

Shefeekkinte Santhosham Line Producer Vinod Mangalath on Balas allegation

'ഷെഫീക്കിന്റെ സന്തോഷം' എന്ന സിനിമയില്‍ അഭിനയിച്ചതിന് പ്രതിഫലം നല്‍കിയില്ലെന്ന ബാലയുടെ ആരോപണം ശരിയില്ലെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ചിത്രത്തില്‍ പ്രവര്‍ത്തിച്ച ഒരാള്‍ക്ക് പോലും പ്രതിഫലം കൊടുക്കാതിരുന്നില്ല എന്നും ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസറായ വിനോദ് മംഗലത്ത് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. തന്റെ സഹോദരനായ ഉണ്ണി മുകുന്ദൻ നിര്‍മിക്കുന്ന ചിത്രമായതിനാല്‍  പ്രതിഫലം വേണ്ടെന്ന് പറഞ്ഞാണ് ബാല സിനിമയില്‍ അഭിനയിക്കാൻ തയ്യാറായത്. എന്നാല്‍ രണ്ട് ലക്ഷം രൂപ ബാലയ്‍ക്ക് പ്രതിഫലമായി നല്‍കിയെന്നും വിനോദ് മംഗലത്ത് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.

മനോജ് കെ ജയനെ ആയിരുന്നു ബാല ചെയ്‍ത വേഷത്തിലേക്ക് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഡേറ്റ് പ്രശ്‍നത്തെ തുടര്‍ന്ന് മനോജ് കെ ജയന് ചിത്രത്തില്‍ അഭിനയിക്കാനായില്ല. വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നതിനാല്‍ അത് ആരു അവതരിപ്പിക്കും എന്ന് സംവിധായകനമടക്കമുള്ളവര്‍ ചര്‍ച്ച ചെയ്‍തു. ബാല അവതരിപ്പിച്ചാല്‍ നല്ലതാകില്ലേ എന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചത് ഉണ്ണി മുകുന്ദനായിരുന്നു. ബാല വളരെ സന്തോഷത്തോടെ ഷെഫീക്കിന്റെ സന്തോഷത്തില്‍ അഭിനയിക്കാൻ തയ്യാറാകുകയും ചെയ്‍തു. അദ്ദേഹം മികച്ച രീതിയില്‍ ചെയ്‍തു. അതിന് അദ്ദേഹത്തോട് നന്ദി ഉണ്ടെന്നും വിനോദ് മംഗലത്ത് പറഞ്ഞു.

പ്രതിഫലം വേണ്ടന്ന് പറഞ്ഞ ബാലയ്‍ക്ക് ഡബ്ബിംഗിന് ശേഷമാണ് ആദ്യം ഒരു ലക്ഷം രൂപ നല്‍കിയത്. സിനിമയുടെ റിലീസിനു മുന്നേ ബാക്കി ഒരു ലക്ഷം രൂപയും നല്‍കി. അദ്ദേഹം വളരെ സന്തോഷത്തോടെയാണ് പിരിഞ്ഞതെന്നും എന്തുകൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെ പറയുന്നത് എന്ന് അറിയില്ലെന്നും വിനോദ് മംഗലത്ത് പ്രതികരിച്ചു. സിനിമ വിജയമായതുകൊണ്ടാകും അദ്ദേഹം ഇങ്ങനെ പറയുന്നത് എന്നും വിനോദ് മംഗലത്ത് വ്യക്തമാക്കി.

അസിസ്റ്റന്റ് ക്യാമറമാൻ എല്‍ദോ ഐസക്കിന് പ്രതിഫലം കിട്ടിയില്ല എന്ന് ബാലയല്ല പറയേണ്ടത്. അദ്ദേഹത്തിന് ഏഴ് ലക്ഷം രൂപയാണ് പ്രതിഫലമായി നല്‍കിയത്. എട്ട് ലക്ഷം രൂപയായിരുന്നു അദ്ദേഹത്തിന് പ്രതിഫലമായി തീരുമാനിച്ചത്. 35 ദിവസം ചിത്രീകരണം തീരുമാനിച്ച സിനിമ 21 ദിവസം കൊണ്ട് തീര്‍ന്നു. ആ സാഹചര്യത്തിലാണ് പ്രതിഫലത്തില്‍ നിന്ന്  ഒരു ലക്ഷം രൂപ കുറച്ചത്. അത് സാധാരണ സിനിമ മേഖലയില്‍ നടക്കാറുള്ളതാണന്നും പരസ്‍പരം സംസാരിച്ച് തീരുമാനമെടുത്തതാണ് എന്നും വിനോദ് മംഗലത്ത് പ്രതികരിച്ചു. പ്രതിഫലം ലഭിച്ചില്ലെന്ന് മറ്റാരും പറഞ്ഞില്ലല്ലോ എന്നും വിനോദ് മംഗലത്ത് ചോദിക്കുന്നു.

Read More: ചലച്ചിത്ര മേളക്ക് ഇന്ന് തുടക്കം; 'ലോര്‍ഡ് ഓഫ് ദി ആന്‍റ്സ്' ആദ്യ ചിത്രം, ഉദ്ഘാടന ചിത്രം 'ടോറി ആന്‍റ് ലോകിത'

Latest Videos
Follow Us:
Download App:
  • android
  • ios