'മുംബൈയിലെ വീടിനു മുന്നില്‍ തോക്കുധാരി എത്തി'; സല്‍മാനെ വധിക്കാന്‍ ലോറന്‍സ് പദ്ധതിയിട്ടെന്ന് റിപ്പോര്‍ട്ട്
ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ധു മൂസേവാല കൊല്ലപ്പെട്ട കേസില്‍ തിഹാര്‍ ജയിലിലാണ് ഇപ്പോള്‍ ലോറന്‍സ് ബിഷ്ണോയ്
മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാനെ (Salman Khan) വധിക്കാന്‍ നിലവില്‍ ജയിലിലുള്ള ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയ് (Lawrence Bishnoi) മുന്‍പ് പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്. സല്‍മാന്‍ ഖാനും പിതാവ് സലിം ഖാനുമെതിരെ വധഭീഷണി മുഴക്കിക്കൊണ്ടുള്ള ഒരു കത്ത് സല്‍മാന്‍റെ സുരക്ഷാജീവനക്കാര്‍ക്ക് ഈയിടെ ലഭിച്ചിരുന്നു. ഇത് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സല്‍മാനെ വധിക്കാന്‍ ലോറന്‍സിന്‍റെ സംഘം മുന്‍പ് തയ്യാറാക്കിയ പദ്ധതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ടൈംസ് നൌ ആണ് ഈ വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
സല്‍മാന്‍ ഖാനെ വകവരുത്താനായി ലോറന്‍സ് ബിഷ്ണോയ് അയച്ച ഒരു തോക്കുധാരി അദ്ദേഹത്തിന്‍റെ മുംബൈയിലെ വീടിനു മുന്നില്‍ എത്തിയെന്നും അതിനും മുന്‍പുതന്നെ താരത്തിന്‍റെ ദിവസേനയുള്ള ചിട്ടകളും ശീലങ്ങളും സംഘം നിരീക്ഷിച്ച് മനസിലാക്കിയിരുന്നെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. രൂപാന്തരം വരുത്തിയ ഒരു ഹോക്കി സ്റ്റിക്കിനുള്ളില്‍ ഘടിപ്പിച്ച ചെറിയ തോക്കുമായാണ് ഇയാള്‍ എത്തിയത്. ദിവസേന സൈക്കിള്‍ ചവിട്ടാന്‍ പോവുമ്പോഴാണ് സല്‍മാന്‍ ഖാന്‍ അംഗരക്ഷകരെ ഒഴിവാക്കിയിരുന്നതെന്ന് സംഘം മനസിലാക്കിയിരുന്നു. തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയാക്കി എത്തിയിരുന്ന ആയുധധാരി വെടിയുതിര്‍ക്കാന്‍ ലക്ഷ്യം വച്ചാണ് എത്തിയതെന്നും എന്നാല്‍ അപ്രതീക്ഷിതമായി ഒരു പൊലീസ് വാഹനം വീടിനു മുന്നില്‍ കണ്ടതോടെ അവസാനനിമിഷം പദ്ധതി ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നെന്ന് ഫിലിംഫെയറിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ALSO READ : 'മൂസേവാലയുടെ ഗതി വരും' സൽമാൻ ഖാനും പിതാവിനും വധഭീഷണി
സല്‍മാന്‍ ഖാനും പിതാവിനും എതിരെയുള്ള ഭീഷണിക്കത്തുമായി ലോറന്‍സ് ബിഷ്ണോയിയുടെ നിര്‍ദേശപ്രകാരം രാജസ്ഥാനിലെ ജലോറില്‍ നിന്നും മൂന്നുപേരാണ് എത്തിയതെന്നാണ് മുംബൈ പൊലീസിന്‍റെ കണ്ടെത്തല്‍. ഇവര്‍ പിന്നീട് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ള സൌരഭ് മഹാകലിനെ സന്ദര്‍ശിക്കുകയായിരുന്നു. അതേസമയം സല്‍മാന്‍ ഖാനെതിരെ മുന്‍പും ലോറന്‍സ് ബിഷ്ണോയ് വധഭീഷണി മുഴക്കിയിട്ടുണ്ട്. 1998ല്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയതിന് സല്‍മാന്‍ ഖാനെതിരെ കേസ് എടുക്കപ്പെട്ടതിനു പിന്നാലെയായിരുന്നു ഇത്.
ALSO READ : കെജിഎഫ് നിര്‍മ്മാതാക്കളുടെ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് പൃഥ്വിരാജ്, രചന മുരളി ഗോപി
ഗായകനും കോണ്‍ഗ്രസ് നേതാവുമായ ശുഭ്ദീപ് സിംഗ് സിദ്ധു എന്ന സിദ്ധു മൂസേവാല മെയ് 29നാണ് കൊല്ലപ്പെട്ടത്. പഞ്ചാബ് പൊലീസ് സുരക്ഷ പിൻവലിച്ചതിന് പിന്നാലെയായിരുന്നു സംഭവം. സുഹൃത്തുക്കൾക്കൊപ്പം കാറിൽ സഞ്ചരിക്കവേ അക്രമികൾ അദ്ദേഹത്തിന് നേർക്ക് നിറയൊഴിക്കുകയായിരുന്നു. മൂസൈവാലയുടെ ശരീരത്തിൽ നിന്ന് 24 വെടിയുണ്ടകളാണ് കണ്ടെടുത്തത്. അതേസമയം മൂസേവാലയുടെ കൊലപാതകം തന്‍റെ സംഘമാണ് ആസൂത്രണം ചെയ്തതെന്നും എന്നാല്‍ തനിക്ക് അതില്‍ നേരിട്ട് പങ്കില്ലെന്നുമാണ് ലോറന്‍സ് ബിഷ്ണോയ്‍യുടെ മൊഴി.